ഈ രണ്ട് നിസ്കാരങ്ങളാണ് കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമേറിയ നിസ്കാരങ്ങൾ. അവ രണ്ടിലുള്ളത് എന്താണെന്ന് നിങ്ങൾ…

ഈ രണ്ട് നിസ്കാരങ്ങളാണ് കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമേറിയ നിസ്കാരങ്ങൾ. അവ രണ്ടിലുള്ളത് എന്താണെന്ന് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ മുട്ടിലിഴഞ്ഞെങ്കിലും നിങ്ങൾ അതിന് വന്നെത്തുമായിരുന്നു

ഉബയ്യുബ്നു കഅ്ബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരു ദിവസം ഞങ്ങൾക്ക് ഇമാമായി നിന്നു കൊണ്ട് സുബ്ഹ് നിസ്കരിച്ചു. ശേഷം അവിടുന്ന് ചോദിച്ചു: "ഇന്നയാൾ വന്നിട്ടുണ്ടോ?" അവർ പറഞ്ഞു: "ഇല്ല." അവിടുന്ന് ചോദിച്ചു: "ഇന്ന വ്യക്തി വന്നിട്ടുണ്ടോ?!" അവർ പറഞ്ഞു: "ഇല്ല." നബി -ﷺ- പറഞ്ഞു: "ഈ രണ്ട് നിസ്കാരങ്ങളാണ് കപടവിശ്വാസികൾക്ക് ഏറ്റവും ഭാരമേറിയ നിസ്കാരങ്ങൾ. അവ രണ്ടിലുള്ളത് എന്താണെന്ന് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ മുട്ടിലിഴഞ്ഞെങ്കിലും നിങ്ങൾ അതിന് വന്നെത്തുമായിരുന്നു. തീർച്ചയായും ഒന്നാമത്തെ സ്വഫ്ഫ് മലക്കുകളുടെ സ്വഫ്ഫ് പോലെയാണ്; അതിൻ്റെ ശ്രേഷ്ഠത നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ അതിലേക്ക് നിങ്ങൾ ധൃതിപ്പെടുമായിരുന്നു. ഒരാൾ മറ്റൊരു വ്യക്തിയോടൊപ്പം നിസ്കരിക്കുക എന്നതാണ് അവൻ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ പരിശുദ്ധം. ഒരാൾ രണ്ടു പേരോടൊപ്പം നിസ്കരിക്കുന്നതാണ് ഒരാളോടൊപ്പം നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠം. (നിസ്കാരത്തിലെ അംഗങ്ങൾ) കൂടുതൽ വർദ്ധിക്കുന്നതിന് അനുസരിച്ച് അത് അല്ലാഹുവിന് പ്രിയങ്കരമായിരിക്കും."

[സ്വഹീഹ്]

الشرح

നബി -ﷺ- ഒരു ദിവസം സുബ്ഹ് (ഫജ്ർ) നിസ്കാരം നിർവ്വഹിച്ച ശേഷം (സ്വഹാബികളോട്) ചോദിച്ചു: നമ്മുടെ ഈ നിസ്കാരത്തിന് ഇന്ന വ്യക്തി ഹാജരുണ്ടോ?! സ്വഹാബികൾ പറഞ്ഞു: ഇല്ല. ശേഷം മറ്റൊരാളെ കുറിച്ച് കൂടെ, അയാൾ വന്നിട്ടുണ്ടോ എന്ന് നബി -ﷺ- ചോദിച്ചു. അവർ പറഞ്ഞു: ഇല്ല. നബി -ﷺ- പറഞ്ഞു: ഫജ്ർ നിസ്കാരവും ഇശാ നിസ്കാരവുമാണ് മുനാഫിഖുകൾക്ക് ഏറ്റവും ഭാരമേറിയ നിസ്കാരമായിട്ടുള്ളത്. കാരണം ഈ രണ്ട് സന്ദർഭങ്ങളും മടി പിടിച്ചിരിക്കാൻ ഏറെ സാധ്യതയുള്ള സമയമാണ്. ഇരുട്ടു നിറഞ്ഞ സമയമായതിനാൽ ജനങ്ങളെ കാണിച്ചു കൊണ്ട് നിസ്കരിക്കുക എന്ന മുനാഫിഖുകളുടെ ലക്ഷ്യവും ഈ സമയം നടപ്പിലാകുന്നതല്ല. സുബ്ഹ് നിസ്കാരത്തിനും ഇശാഅ് നിസ്കാരത്തിനുമുള്ള പ്രതിഫലത്തിലെ വർദ്ധനവും പുണ്യവും -വിശ്വാസികളേ!- നിങ്ങൾ തിരിച്ചറിഞ്ഞിരുന്നെങ്കിൽ ഈ രണ്ട് നിസ്കാരങ്ങൾ കൈകാലുകളിലും കാൽമുട്ടുകളിലും ഇഴഞ്ഞു കൊണ്ടെങ്കിലും നിങ്ങൾ വന്നെത്തുമായിരുന്നു. ഈ രണ്ട് നിസ്കാരങ്ങൾക്കും വന്നെത്താനുള്ള പ്രയാസം കൂടുതലാണെന്നത് കൊണ്ടാണ് അതിന് കൂടുതൽ പ്രതിഫലം വാഗ്ദാനം ചെയ്യപ്പെട്ടത്. ഒന്നാമത്തെ സ്വഫ്ഫിൽ നിൽക്കുന്നവന് ഇമാമിനോടുള്ള സാമീപ്യം മലക്കുകളുടെ ഒന്നാമത്തെ സ്വഫ്ഫിൽ നിൽക്കുന്നവർക്ക് അല്ലാഹുവിനോടുള്ള സാമീപ്യം പോലെയാണ്. ഒന്നാമത്തെ സ്വഫ്ഫിനുള്ള ശ്രേഷ്ഠത എന്താണെന്ന് മുഅ്മിനീങ്ങൾക്ക് അറിയുമായിരുന്നെങ്കിൽ അവർ അതിലേക്ക് എത്തിപ്പെടാൻ വേണ്ടി മത്സരിക്കുമായിരുന്നു. ഒരാൾ ഒറ്റക്ക് നിസ്കരിക്കുക എന്നതിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളതും കൂടുതൽ പ്രതിഫലവും സ്വാധീനവുമുള്ളത് അയാൾ മറ്റൊരാളോടൊപ്പം ജമാഅത്തായി നിസ്കരിക്കുക എന്നതിനാണ്. രണ്ട് പേരോടൊപ്പം നിസ്കരിക്കുന്നതാണ് ഒരാളോടൊപ്പം നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത്. ഏറ്റവും കൂടുതൽ പേർ ഒരുമിച്ചു നിസ്കരിക്കുന്നതാണ് അല്ലാഹുവിന് കൂടുതൽ പ്രിയങ്കരമായിട്ടുള്ളതും, അവൻ്റെ പക്കൽ ഏറ്റവും ശ്രേഷ്ഠതയുള്ളതും.

فوائد الحديث

മസ്ജിദിലെ ഇമാം നിസ്കാരത്തിൽ പിന്തുടരുന്ന മഅ്മൂമീങ്ങളുടെ അവസ്ഥകൾ അന്വേഷിച്ചറിയുകയും, ആരെയെങ്കിലും കാണാതായാൽ അവരെ കുറിച്ച് ചോദിച്ചറിയുകയും വേണം.

ജമാഅത്ത് നിസ്കാരം മുറുകെ പിടിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ഇശാഅ് നിസ്കാരവും സുബ്ഹ് നിസ്കാരവും; ഇവയിൽ പങ്കെടുക്കുക എന്നത് ഈമാനിൻ്റെ അടയാളമാണ്.

ഇശാഅ്, സുബ്ഹ് നിസ്കാരങ്ങൾക്കുള്ള പ്രതിഫലത്തിൻ്റെ മഹത്വം. ഈ രണ്ട് നിസ്കാരങ്ങളിലേക്ക് വന്നെത്താൻ ദേഹേഛകളോട് അധികമായി പോരാടേണ്ടതുണ്ട് എന്നതും, നന്മയിലുള്ള നിരന്തരമായ ക്ഷമ അതിന് ആവശ്യമാണെന്നതുമാണ് ഇപ്രകാരം പ്രതിഫലം വർദ്ധിക്കാൻ കാരണമായത്. അതിനാൽ ഈ രണ്ട് നിസ്കാരങ്ങൾക്ക് മറ്റുള്ള നിസ്കാരങ്ങളേക്കാൾ പ്രതിഫലമുണ്ട്.

രണ്ടാളുകളോ അതിൽ കൂടുതലുള്ളവരോ ഉണ്ടെങ്കിൽ നിസ്കാരം ജമാഅത്തായി നിർവ്വഹിക്കാം.

ഒന്നാമത്തെ സ്വഫ്ഫിൽ നിസ്കരിക്കുന്നതിൻ്റെ ശ്രേഷ്ഠതയും, അതിലേക്ക് ധൃതിപ്പെടുന്നതിനുള്ള പ്രേരണയും.

ജമാഅത്ത് നിസ്കാരത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള ശ്രേഷ്ഠത. എത്രമാത്രം നിസ്കരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവോ, അത്രയും പ്രതിഫലത്തിലും വർദ്ധനവ് ഉണ്ടാകുന്നതാണ്.

സൽകർമ്മങ്ങളുടെ ശ്രേഷ്ഠത അല്ലാഹുവും അവൻ്റെ ദൂതനും അറിയിക്കുന്നതിൻ്റെ അടിസ്ഥാനത്തിലും, അവയുടെ സാഹചര്യങ്ങളും സ്ഥിതിയും പരിഗണിച്ചു കൊണ്ടും വ്യത്യാസപ്പെടും.

التصنيفات

ജമാഅത് നിസ്കാരത്തിൻ്റെ ശ്രേഷ്ഠതയും `വിധിവിലക്കുകളും