ആദ്യകാലക്കാരെയും അവസാനകാലക്കാരെയും അന്ത്യനാളിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ ഓരോ വഞ്ചകനും ഒരു പതാക…

ആദ്യകാലക്കാരെയും അവസാനകാലക്കാരെയും അന്ത്യനാളിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ ഓരോ വഞ്ചകനും ഒരു പതാക ഉയർത്തപ്പെടും; അവൻ്റെ കാര്യത്തിൽ പറയപ്പെടും: 'ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണിത്.'

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി ﷺ പറഞ്ഞു: "ആദ്യകാലക്കാരെയും അവസാനകാലക്കാരെയും അന്ത്യനാളിൽ അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ ഓരോ വഞ്ചകനും ഒരു പതാക ഉയർത്തപ്പെടും; അവൻ്റെ കാര്യത്തിൽ പറയപ്പെടും: 'ഇന്നയാളുടെ മകനായ ഇന്ന വ്യക്തിയുടെ വഞ്ചനയാണിത്.'"

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ആദ്യകാലക്കാരെയും അവസാനകാലക്കാരെയും വിചാരണക്കായി അല്ലാഹു ഒരുമിച്ചു കൂട്ടിയാൽ തൻ്റെ കരാറോ വാഗ്ദാനമോ പാലിക്കാത്ത വഞ്ചകനായ ഓരോ വ്യക്തിക്കും അവൻ്റെ വഞ്ചന പരസ്യമാക്കുകയും അവനെ വഷളാക്കുകയും ചെയ്യുന്ന ഒരു അടയാളം നൽകപ്പെടും; അല്ലാഹുവിനോടുള്ള കരാറുകളിൽ വഞ്ചന നടത്തിയതും ജനങ്ങളുമായുള്ള കരാറുകളിൽ വഞ്ചന നടത്തിയതും ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്. അന്നേ ദിവസം അവൻ്റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വിളിച്ചു പറയപ്പെടും: ഇന്ന വ്യക്തിയുടെ മകനായ ഇന്നയാളുടെ വഞ്ചനയാണിത്. മഹ്ശറിൽ ഒരുമിച്ചു കൂടിയ ജനങ്ങൾക്ക് മുൻപിൽ അവൻ്റെ മോശം പ്രവൃത്തി ഇവ്വിധത്തില്‍ പരസ്യമാക്കപ്പെടുന്നതാണ്.

فوائد الحديث

വഞ്ചന നിഷിദ്ധവും ഹറാമുമാണ്; വൻപാപങ്ങളിൽ പെട്ട തിന്മയുമാണത്. കാരണം ഹദീഥിൽ ശക്തമായ താക്കീതുകളാണ് ഈ തിന്മയുടെ കാര്യത്തിൽ വന്നിട്ടുള്ളത്.

ഒരു മനുഷ്യൻ തൻ്റെ ജീവനോ അഭിമാനമോ രഹസ്യമോ സമ്പത്തോ നിന്നെ വിശ്വസിച്ചേൽപ്പിക്കുകയും അക്കാര്യത്തിൽ നീ അവനെ വഞ്ചിക്കുകയും അവനിൽ നിനക്കുള്ള വിശ്വാസത്തെ തകർക്കുകയും ചെയ്താൽ ആ പറഞ്ഞതെല്ലാം ഈ ഹദീഥിൻ്റെ പരിധിയിൽ ഉൾപ്പെടും.

ഖുർത്വുബി

(رحمه الله) പറഞ്ഞു: "അറബികൾ ചെയ്യാറുണ്ടായിരുന്ന അവരുടെ നാട്ടാചാരത്തോട് സമാനമാണ് ഹദീഥിൽ വന്നിരിക്കുന്ന ഈ കാര്യം. വാഗ്ദാനങ്ങൾ പാലിക്കുന്നവർക്ക് അവർ അവരുടെ വിശ്വസ്തതയുടെ അടയാളമായി ഒരു വെളുത്ത പതാകയും, വഞ്ചനയുടെ അടയാളമായി കറുത്ത പതാകയും ഉയർത്താറുണ്ടായിരുന്നു. വഞ്ചകരെ ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നതിനായിരുന്നു അത്. ഈ പറഞ്ഞതിന് സമാനമായ കാര്യം വഞ്ചകർക്ക് അന്ത്യനാളിൽ സംഭവിക്കുമെന്നാണ് നബി (ﷺ) അറിയിച്ചതിൽ നിന്ന് മനസ്സിലാകുന്നത്. അന്ത്യനാളിൽ ഒരുമിച്ചു കൂടുന്ന മനുഷ്യരുടെ ആക്ഷേപമെല്ലാം ചൊരിയപ്പെടുന്ന വിധത്തിൽ വഞ്ചകരുടെ പ്രവൃത്തി പ്രസിദ്ധമാകും."

ഇബ്നു ഹജർ (رحمه الله) പറഞ്ഞു: "അന്ത്യനാളിൽ മനുഷ്യരെ അവരുടെ പിതാക്കളിലേക്ക് ചേർത്തു കൊണ്ടായിരിക്കും വിളിക്കുക എന്നത് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. ഇന്നയാളുടെ മകനായ ഇന്ന വ്യക്തി എന്ന് നബി (ﷺ) പ്രത്യേകം പറഞ്ഞത് അതിനുള്ള തെളിവാണ്."

التصنيفات

ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ, ജിഹാദിൽ പാലിക്കേണ്ട മര്യാദകൾ