ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ അവിടുന്ന് ഒരു നാട്ടുകാരുടെ മാലിന്യം നിക്ഷേപിക്കുന്ന…

ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ അവിടുന്ന് ഒരു നാട്ടുകാരുടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് നീങ്ങിനിൽക്കുകയും, അവിടെ വെച്ച് നിന്നു കൊണ്ട് മൂത്രമൊഴിക്കുകയും ചെയ്തു

ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ ഞാൻ നബി -ﷺ- യോടൊപ്പമായിരുന്നു. അങ്ങനെയിരിക്കെ അവിടുന്ന് ഒരു നാട്ടുകാരുടെ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലത്തേക്ക് നീങ്ങിനിൽക്കുകയും, അവിടെ വെച്ച് നിന്നു കൊണ്ട് മൂത്രമൊഴിക്കുകയും ചെയ്തു. ഞാൻ അകലേക്ക് മാറിനിന്നപ്പോൾ നബി -ﷺ- എന്നോട് പറഞ്ഞു: "അടുത്തേക്ക് നിൽക്കുക." ഞാൻ അടുത്തേക്ക് നിൽക്കുകയും, അവിടുത്തെ തൊട്ടുപിറകിൽ നിൽക്കുകയും ചെയ്തു. നബി -ﷺ- വുദൂഅ് ചെയ്യുകയും, തൻ്റെ രണ്ട് ഖുഫ്ഫകളും തടവുകയും ചെയ്തു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

താൻ നബി -ﷺ- യോടൊപ്പം ഉണ്ടായിരുന്ന സന്ദർഭത്തിൽ ഉണ്ടായ ഒരു സംഭവമാണ് ഈ ഹദീഥിൽ ഹുദൈഫ -رَضِيَ اللَّهُ عَنْهُ- വിവരിക്കുന്നത്. നബി -ﷺ- മൂത്രമൊഴിക്കാൻ ഉദ്ദേശിച്ചപ്പോൾ നാട്ടുകാർ തങ്ങളുടെ മാലിന്യങ്ങളും വീട്ടിൽ നിന്നുള്ള കച്ചറകളും കൊണ്ടിടാറുള്ള ഒരു സ്ഥലത്തേക്ക് പ്രവേശിക്കുകയും, അവിടെ നിന്നു കൊണ്ട് മൂത്രമൊഴിക്കുകയും ചെയ്തു. നബി -ﷺ- ബഹുഭൂരിപക്ഷം സന്ദർഭങ്ങളിലും ഇരുന്ന് കൊണ്ടായിരുന്നു മൂത്രമൊഴിക്കാറുണ്ടായിരുന്നത്. ഈ സന്ദർഭത്തിൽ ഹുദൈഫ -رَضِيَ اللَّهُ عَنْهُ- അകലേക്ക് മാറി നിന്നു. അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് അടുത്തേക്ക് നിൽക്കാൻ കൽപ്പിക്കുകയും, ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ അടുത്തേക്ക് വരികയും, അവിടുത്തെ തൊട്ടുപിറകിൽ തന്നെ നിൽക്കുകയും ചെയ്തു. നബി -ﷺ- മൂത്രമൊഴിക്കുമ്പോൾ മറ്റുള്ളവർ കാണാതിരിക്കുന്നതിന് വേണ്ടി അദ്ദേഹം ഒരു മറ പോലെ അവിടുത്തെ അരികിൽ നിലയുറപ്പിക്കുകയാണ് ചെയ്തത്. ശേഷം നബി -ﷺ- വുദൂഅ് ചെയ്യുകയും, തൻ്റെ രണ്ട് കാലുകളും കഴുകേണ്ട സമയമെത്തിയപ്പോൾ കാലിൽ ധരിച്ചിട്ടുള്ള ഖുഫ്ഫകൾ ഊരിവെക്കാതെ, അതിൻ്റെ മേൽ തടവുന്നതിൽ ഒതുക്കുകയും ചെയ്തു. കാലുകൾ മടമ്പുകളടക്കം മറക്കുന്ന വിധത്തിൽ ധരിക്കുന്ന, നേർത്ത തോൽ കൊണ്ടും മറ്റും നിർമ്മിക്കുന്ന പാദരക്ഷയാണ് ഖുഫ്ഫ.

فوائد الحديث

ഖുഫ്ഫകളുടെ മേൽ തടവുക എന്നത് ഇസ്‌ലാമിക അദ്ധ്യാപനങ്ങളിൽ പെട്ടതാണ്.

മൂത്രം ശരീരത്തിലേക്കും മറ്റും തെറിക്കില്ല എന്നുണ്ടെങ്കിൽ നിന്നു കൊണ്ട് മൂത്രമൊഴിക്കുന്നത് അനുവദനീയമാണ്.

മാലിന്യങ്ങളും മറ്റും നിക്ഷേപിക്കുന്ന സ്ഥലം മൂത്രമൊഴിക്കാൻ വേണ്ടി നബി -ﷺ- തിരഞ്ഞെടുത്തത് അത്തരം സ്ഥലങ്ങളിൽ മൂത്രമൊഴിച്ചാൽ പൊതുവെ ശരീരത്തിലേക്കും മറ്റും മൂത്രം തിരിച്ചു തെറിക്കുകയില്ല എന്നത് കൊണ്ടാണ്.

التصنيفات

ഖുഫ്ഫകളുടെയും മറ്റും മേൽ തടവൽ