അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല! സമീപസ്ഥമായിരിക്കുന്ന കുഴപ്പത്തിൽ നിന്ന് അറബികൾക്ക് നാശം.…

അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല! സമീപസ്ഥമായിരിക്കുന്ന കുഴപ്പത്തിൽ നിന്ന് അറബികൾക്ക് നാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിൻ്റെ മതിലിൽ നിന്ന് ഇത്രത്തോളം വലുപ്പത്തിൽ വിടവുണ്ടായിരിക്കുന്നു

സൈനബ് ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഒരിക്കൽ അവരുടെ അരികിൽ ഭയവിഹ്വലനായി കൊണ്ട് കയറിവന്നു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല! സമീപസ്ഥമായിരിക്കുന്ന കുഴപ്പത്തിൽ നിന്ന് അറബികൾക്ക് നാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിൻ്റെ മതിലിൽ നിന്ന് ഇത്രത്തോളം വലുപ്പത്തിൽ വിടവുണ്ടായിരിക്കുന്നു." -ശേഷം അവിടുന്ന് തൻ്റെ ചൂണ്ടുവിരലും തള്ളവിരലും കൊണ്ട് ഒരു വളയമുണ്ടാക്കി കാണിച്ചു-. അപ്പോൾ ഞാൻ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങളിൽ സൽകർമ്മികൾ ഉണ്ടായിരിക്കെ ഞങ്ങൾ നശിക്കുന്നതാണോ?!" അവിടുന്ന് പറഞ്ഞു: "അതെ! മ്ലേഛത അധികരിച്ചു കഴിഞ്ഞാൽ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- സൈനബ് ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- യുടെ അരികിലേക്ക് ഒരിക്കൽ ഭയവിഹ്വലനായി കൊണ്ട് കയറിവന്നു. അവിടുന്ന് പറയുന്നുണ്ടായിരുന്നു: "ലാ ഇലാഹ ഇല്ലല്ലാഹ്." പ്രയാസകരമായ എന്തോ ഒരു കാര്യം സംഭവിക്കാനിരിക്കുന്നു എന്ന അറിയിപ്പും, അല്ലാഹുവിലേക്ക് അഭയം തേടാതെ അതിൽ നിന്ന് രക്ഷയില്ല എന്ന ഓർമ്മപ്പെടുത്തലുമാണ് അവിടുന്ന് ഈ വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. (ശേഷം അവിടുന്ന് പറഞ്ഞു): സമീപഭാവിയിൽ തന്നെ സംഭവിക്കാനിരിക്കുന്ന ഒരു വിപത്തിൽ നിന്ന് അറബികൾക്ക് നാശം. ഇന്നേ ദിവസം യഅ്ജൂജ് മഅ്ജൂജിൻ്റെ മതിലിൽ നിന്ന് ഇത്രയോളം തുറക്കപ്പെട്ടിരിക്കുന്നു. -തൻ്റെ തള്ളവിരലും അതിന് തൊട്ടടുത്തുള്ള വിരലും കൊണ്ട് അവിടുന്ന് ഒരു വൃത്തമുണ്ടാക്കി കൊണ്ട് അതിൻ്റെ വലുപ്പം സൂചിപ്പിച്ചു-. യഅ്ജൂജ് മഅ്ജൂജ് എന്ന അതിക്രമികളായ വിഭാഗത്തെ തടുത്തു നിർത്തുന്നതിനായി ദുൽ ഖർനൈൻ പടുത്തുയർത്തിയ മതിലാണ് അവിടുന്ന് ഉദ്ദേശിച്ചത്. അപ്പോൾ സൈനബ് -رَضِيَ اللَّهُ عَنْهَا- ചോദിച്ചു: "നമ്മുടെ കൂട്ടത്തിൽ സൽകർമ്മികളും വിശ്വാസികളുമായവർ ഉണ്ടായിരിക്കെ എങ്ങനെയാണ് അല്ലാഹു നമുക്ക് മേൽ നാശം വ്യാപിപ്പിക്കുക?!" നബി -ﷺ- പറഞ്ഞു: "വൃത്തികേടുകളും തിന്മകളും അശ്ലീലവൃത്തികളും വ്യഭിചാരവും മദ്യവും മറ്റുമെല്ലാം അധികരിച്ചു കൊണ്ട് മ്ലേഛത വ്യാപകമായാൽ എല്ലാവരെയും ബാധിക്കുന്ന വിധത്തിലുള്ള നാശം സംഭവിക്കുന്നതാണ്."

فوائد الحديث

ഒരു മുഅ്മിനിൻ്റെ ഹൃദയത്തെ ബാധിക്കുന്ന പരിഭ്രാന്തിയും ഭയവും അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് അവനെ അശ്രദ്ധനാക്കുകയില്ല. മറിച്ച്, അല്ലാഹുവിനെ കുറിച്ചുള്ള സ്മരണ കൊണ്ടത്രെ ഹൃദയങ്ങൾ ശാന്തിയടയുന്നത്.

തിന്മകളെ എതിർക്കാനും, അവ സംഭവിക്കുന്നത് തടയാനുമുള്ള കൽപ്പനയും പ്രോത്സാഹനവും.

തിന്മകൾ അധികരിക്കുകയും വ്യാപകമായി പ്രചരിക്കുകയും അത് എതിർക്കപ്പെടാതിരിക്കുകയും ചെയ്താൽ മനുഷ്യരെ മുഴുവൻ ബാധിക്കുന്ന ശിക്ഷകൾ വന്നെത്തും; സച്ചരിതരായ ജനങ്ങൾ ധാരാളമുണ്ട് എന്നതു കൊണ്ട് അത് തടയപ്പെടുകയില്ല.

ദുനിയാവിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷകൾ സച്ചരിതരെയും ദുർമാർഗികളെയും ഒരുപോലെ ബാധിക്കുമെങ്കിലും അവർ ഓരോരുത്തരും തങ്ങളുടെ ഉദ്ദേശത്തിനനുസരിച്ചാണ് പരലോകത്ത് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുക.

നബി -ﷺ- ഈ വാക്ക് പറയുന്ന കാലഘട്ടത്തിൽ വിശ്വാസം സ്വീകരിച്ചിരുന്ന ബഹുഭൂരിപക്ഷവും അറബികളായിരുന്നു എന്നതിനാലാണ് അവിടുന്ന് അവരെ പ്രത്യേകം എടുത്തു പറഞ്ഞത്.

التصنيفات

അന്ത്യനാളിൻ്റെ അടയാളങ്ങൾ, വിവാഹം, ദാമ്പത്യബന്ധം എന്നിവയിൽ നബി -ﷺ- യുടെ മാർഗം