മടങ്ങിപ്പോയി നിസ്കരിക്കുക! നീ നിസ്കരിച്ചിട്ടില്ല

മടങ്ങിപ്പോയി നിസ്കരിക്കുക! നീ നിസ്കരിച്ചിട്ടില്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) മസ്ജിദിൽ പ്രവേശിച്ചതിന് ശേഷം ഒരാൾ അവിടേക്ക് വരുകയും നിസ്കരിക്കുകയും ചെയ്തു. നിസ്കാര ശേഷം അദ്ദേഹം നബി (ﷺ) യോട് സലാം പറഞ്ഞു. അവിടുന്ന് സലാം മടക്കിയ ശേഷം പറഞ്ഞു: "മടങ്ങിപ്പോയി നിസ്കരിക്കുക! നീ നിസ്കരിച്ചിട്ടില്ല." അദ്ദേഹം മടങ്ങിപ്പോയി മുൻപ് നിസ്കരിച്ചത് പോലെത്തന്നെ വീണ്ടും നിസ്കരിച്ചു. ശേഷം നബി (ﷺ) യുടെ അടുത്ത് വന്ന് സലാം പറഞ്ഞു. അപ്പോൾ നബി (ﷺ) പറഞ്ഞു: "മടങ്ങിപ്പോയി വീണ്ടും നിസ്കരിക്കുക! നീ നിസ്കരിച്ചിട്ടില്ല." മൂന്ന് തവണ ഇക്കാര്യം ആവർത്തിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: "അങ്ങയെ സത്യമാർഗവുമായി നിയോഗിച്ചവൻ (അല്ലാഹു) തന്നെ സത്യം! ഇതല്ലാതെ എനിക്ക് അറിയുകയില്ല. അതിനാൽ അങ്ങ് എന്നെ പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി (ﷺ) പറഞ്ഞു: "നീ നിസ്കാരത്തിനായി നിന്നാൽ (അല്ലാഹു അക്ബർ) എന്ന് പറഞ്ഞു കൊണ്ട് തക്ബീർ ചൊല്ലുക. ശേഷം ഖുർആനിൽ നിന്ന് നിനക്ക് അറിവുള്ളത് പാരായണം ചെയ്യുക. ശേഷം റുകൂഅ് ചെയ്യുകയും, റുകൂഇൽ അടക്കത്തോടെ നിൽക്കുകയും ചെയ്യുക. പിന്നീട് (റുകൂഇൽ നിന്ന്) ഉയരുകയും, നേരെ നിൽക്കുകയും ചെയ്യുക. ശേഷം സുജൂദ് ചെയ്യുകയും, സുജൂദിൽ അടക്കത്തോടെ നിലകൊള്ളുകയും ചെയ്യുക. പിന്നീട് (സുജൂദിൽ നിന്ന്) ഉയരുകയും അടക്കത്തോടെ ഇരിക്കുകയും ചെയ്യുക. ഇപ്രകാരം നിൻ്റെ നിസ്കാരത്തിൽ മുഴുവൻ ചെയ്യുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു ദിവസം നബി (ﷺ) മസ്ജിദിൽ പ്രവേശിച്ചു. അവിടുന്ന് വന്നതിന് ശേഷം ഒരാൾ മസ്ജിദിൽ വരികയും രണ്ട് റക്അത്ത് വേഗത്തിൽ നിസ്കരിച്ചു തീർക്കുകയും ചെയ്തു. നിസ്കാരത്തിലെ തൻ്റെ നിർത്തമോ റുകൂഓ സുജൂദോ അദ്ദേഹം അടക്കത്തോടെയായിരുന്നില്ല നിർവ്വഹിച്ചിരുന്നത്. നബി (ﷺ) യാകട്ടെ, അയാളുടെ നിസ്കാരത്തെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്തു കൊണ്ടിരുന്നു. അങ്ങനെ മസ്ജിദിൻ്റെ ചാരത്ത് ഇരിക്കുകയായിരുന്ന നബി (ﷺ) യുടെ അടുത്ത് അദ്ദേഹം വരികയും, അവിടുത്തോട് സലാം പറയുകയും ചെയ്തു. നബി (ﷺ) സലാം മടക്കിയ ശേഷം അയാളോട് പറഞ്ഞു: മടങ്ങി പോയി നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കുക! നീ നിസ്കരിച്ചിട്ടില്ല. അദ്ദേഹം വീണ്ടും മടങ്ങിപ്പോയി നിസ്കാരം -മുൻപ് നിർവ്വഹിച്ചതു പോലെത്തന്നെ- വേഗത്തിൽ നിർവ്വഹിച്ചു തിരിച്ചു വന്നു. ശേഷം നബി (ﷺ) യുടെ അടുത്ത് വന്ന് സലാം പറയുകയും ചെയ്തു. അവിടുന്ന് അദ്ദേഹത്തോട് പറഞ്ഞു: :മടങ്ങി പോയി നിസ്കാരം വീണ്ടും മടക്കി നിർവ്വഹിക്കുക! നീ നിസ്കരിച്ചിട്ടില്ല." ഇത് മൂന്ന് തവണ ആവർത്തിച്ചു. അപ്പോൾ ആ വ്യക്തി പറഞ്ഞു: "താങ്കളെ സത്യമാർഗവുമായി നിയോഗിച്ചവനായ അല്ലാഹു തന്നെ സത്യം! ഇതല്ലാതെ മറ്റൊന്നും എനിക്ക് അറിയുകയില്ല. അതിനാൽ എനിക്ക് അങ്ങ് പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി (ﷺ) അദ്ദേഹത്തോട് പറഞ്ഞു: നീ നിസ്കാരത്തിനായി നിന്നാൽ (അല്ലാഹു അക്ബർ എന്നു പറഞ്ഞു കൊണ്ട്) തക്ബീറത്തുൽ ഇഹ്റാം ചൊല്ലുക. ശേഷം സൂറത്തുൽ ഫാതിഹഃയും, ഖുർആനിൽ നിന്ന് സാധിക്കുന്നത്രയും പാരായണം ചെയ്യുക. പിന്നീട് റുകൂഅ് ചെയ്യുകയും, അതിൽ അടക്കത്തോടെ നിൽക്കുകയും ചെയ്യുക. നിൻ്റെ കൈപ്പത്തിയുടെ ഉൾഭാഗം കാൽമുട്ടുകളിൽ വെച്ചു കൊണ്ട്, മുതുക് പരത്തി വെച്ചു കൊണ്ട് റുകൂഅ് ശരിയായ രൂപത്തിൽ ചെയ്യണം. അതിന് ശേഷം നീ റുകൂഇൽ നിന്ന് ഉയരുകയും, നിൻ്റെ ഓരോ സന്ധികളും അതിൻ്റെ സ്ഥാനത്തേക്ക് മടങ്ങി വരുന്ന വിധത്തിൽ നീ നേരെ നിൽക്കുകയും ചെയ്യുക. പിന്നീട് സുജൂദ് ചെയ്യുകയും, സുജൂദിൽ അടക്കത്തോടെ നിലകൊള്ളുകയും ചെയ്യുക. നിൻ്റെ നെറ്റിയും മൂക്കും, രണ്ട് കൈപ്പത്തികളും കാൽമുട്ടുകളും കാൽപ്പത്തികളിലെ വിരലുകളും ഭൂമിയിൽ അമർത്തി വെച്ചു കൊണ്ടാണ് സുജൂദ് ചെയ്യേണ്ടത്. അതിന് ശേഷം രണ്ട് സുജൂദുകൾക്കിടയിൽ -അടക്കത്തോടെ- ഇരിക്കുന്നതിനായി സുജൂദിൽ നിന്ന് ഉയരുക. ഈ പറഞ്ഞത് നിസ്കാരത്തിൻ്റെ ഓരോ റക്അത്തുകളിലും ആവർത്തിക്കുകയും ചെയ്യുക.

فوائد الحديث

നിസ്കാരത്തിലെ ഒഴിച്ചു കൂടാൻ പാടില്ലാത്ത സ്തംഭങ്ങൾ (അർകാനുകൾ) ആണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ട കാര്യങ്ങൾ. അവ മറന്ന് കൊണ്ടോ അറിവില്ലാതെയോ ഉപേക്ഷിച്ചാൽ പോലും നിസ്കാരം സാധുവാകില്ല. കാരണം നബി (ﷺ) (അറിവില്ലാതെ ഇവ ഒഴിവാക്കിയ വ്യക്തിയോടും) നിസ്കാരം മടക്കണമെന്നാണ് കൽപ്പിച്ചത്. അയാൾക്ക് പഠിപ്പിച്ചു കൊടുക്കുക എന്നത് മാത്രമല്ല അവിടുന്ന് ചെയ്തത്.

നിസ്കാരത്തിൽ അടക്കവും ഒതുക്കവും (ത്വുമഅ്നീനഃ) പാലിക്കുക എന്നത് നിസ്കാരത്തിലെ റുക്നുകളിൽ (സ്തംഭങ്ങളിൽ) പെട്ട കാര്യമാണ്.

നവവി (رحمه الله) പറയുന്നു: "ആരെങ്കിലും നിസ്കാരത്തിലെ നിർബന്ധ കർമ്മങ്ങളിൽ ചിലത് ഉപേക്ഷിച്ചാൽ അവൻ്റെ നിസ്കാരം ശരിയാകില്ല എന്നതിന് ഈ ഹദീഥ് തെളിവാണ്."

നവവി (رحمه الله) പറഞ്ഞു: "പഠിക്കുന്ന വ്യക്തിയോടും അറിവില്ലാത്തവരോടും അനുകമ്പയും സൗമ്യതയും പാലിക്കേണ്ടതുണ്ട്. അവർക്ക് വിഷയം വ്യക്തമായി വിവരിച്ചു നൽകുകയും, ഓരോ കാര്യത്തിലും അനിവാര്യമായത് ചുരുക്കി വിവരിച്ചു നൽകുകയുമാണ് വേണ്ടത്. പഠനത്തിൻ്റെ തുടക്കത്തിലുള്ളവർക്ക് മനപാഠമാക്കാനും പ്രാവർത്തികമാക്കാനും സാധ്യമാകാത്ത -പൂർണ്ണതയുടെ ഭാഗമായ കർമ്മങ്ങളും മറ്റും- അവരെ പഠിപ്പിക്കരുത്."

നവവി (رحمه الله) പറയുന്നു: "മതവിഷയങ്ങളിൽ ഉത്തരം നൽകുന്ന മുഫ്തിമാരോട് ഒരു കാര്യം ചോദിക്കപ്പെട്ടാൽ ചോദ്യകർത്താവിന് ആവശ്യമായേക്കാവുന്ന ബന്ധപ്പെട്ട മറ്റു പാഠങ്ങൾ കൂടി -അവ ചോദ്യത്തിൽ വന്നിട്ടില്ലെങ്കിൽ കൂടിയും- പകർന്നു നൽകണം. അതാണ് കൂടുതൽ നന്മയുള്ള രീതി. ഇത് നസ്വീഹത്തിൻ്റെയും ഗുണകാംക്ഷയുടെയും വഴിയിൽ പെട്ടതാണ്; ആവശ്യമില്ലാത്ത സംസാരത്തിൻ്റെ ഭാഗമായി അതിനെ കണക്കാക്കേണ്ടതില്ല."

തൻ്റെ തെറ്റുകളും കുറവുകളും അംഗീകരിക്കുക എന്നത് ശ്രേഷ്ഠമായ സ്വഭാവമാണ്. നിസ്കാരത്തിൽ അബദ്ധം പിണഞ്ഞ ആ വ്യക്തി പറഞ്ഞതു നോക്കൂ: "എനിക്ക് ഇതല്ലാതെ അറിയുകയില്ല! അതിനാൽ എനിക്ക് പഠിപ്പിച്ചു തന്നാലും."

ഇബ്നു ഹജർ (رحمه الله) പറയുന്നു: "നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്യേണ്ടതുണ്ട് എന്നും, പണ്ഡിതന്മാരോട് തനിക്ക് പഠിപ്പിച്ചു തരാൻ ആവശ്യപ്പെടേണ്ടതുണ്ട് എന്നുമുള്ള പാഠം ഈ ഹദീഥിലുണ്ട്."

രണ്ടു പേർ കണ്ടുമുട്ടുമ്പോൾ സലാം പറയുന്നത് പുണ്യകരമാണ്. എന്നാൽ സലാം മടക്കുക എന്നത് നിർബന്ധവുമാണ്. ഒരാളെ ഉടൻ തന്നെ ആവർത്തിച്ചു കണ്ടുമുട്ടിയാൽ ആവർത്തിച്ചു സലാം പറയുകയും ചെയ്യാം; അതും പുണ്യകരം തന്നെ. ഓരോ തവണയും സലാം മടക്കുക എന്നത് നിർബന്ധവുമാണ്.

التصنيفات

നിസ്കാരത്തിൻ്റെ രൂപം