മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ…

മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല

സ്വുഹൈബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "മുഅ്മിനിൻ്റെ കാര്യം അത്ഭുതം തന്നെ! അവൻ്റെ എല്ലാ കാര്യവും അവന് നന്മയാണ്. അതൊരു മുഅ്മിനിന് അല്ലാതെ ഉണ്ടാവുകയില്ല. അവനൊരു സന്തോഷം ബാധിച്ചാൽ അവൻ അല്ലാഹുവിന് നന്ദി കാണിക്കും; അതോടെ അതവനൊരു നന്മയായി മാറും. അവനൊരു പ്രയാസം ബാധിച്ചാൽ അവൻ ക്ഷമിക്കും; അപ്പോൾ അതും അവന് നന്മയായി മാറും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിലും അന്ത്യനാളിലും വിശ്വാസമുള്ള ഒരു വ്യക്തിയുടെ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള സ്ഥിതി ഗതികളിൽ നബി -ﷺ- അത്ഭുതം കൂറുകയും, അതിൻ്റെ നന്മ എടുത്തു പറയുകയും ചെയ്യുന്നു. കാരണം അവൻ്റെ എല്ലാ അവസ്ഥകളും അവന് നന്മയാണ്. അതാകട്ടെ, ഒരു മുഅ്മിനിനല്ലാതെ ഉണ്ടാവുകയുമില്ല. അവന് ഒരു സന്തോഷം ലഭിച്ചാൽ അതിന് അല്ലാഹുവിനോട് അവൻ നന്ദി കാണിക്കും. അതിലൂടെ അല്ലാഹുവിന് നന്ദി കാണിച്ചതിൻ്റെ പ്രതിഫലം അവന് ലഭിക്കും. ഇനി അവനൊരു പ്രയാസം ബാധിച്ചാലാകട്ടെ, അവൻ ക്ഷമിക്കുകയും അല്ലാഹുവിങ്കൽ നിന്ന് പ്രതിഫലം പ്രതീക്ഷിക്കുകയും ചെയ്യും. അതോടെ അവൻ്റെ ക്ഷമക്കുള്ള പ്രതിഫലവും അവന് ലഭിക്കും. ചുരുക്കത്തിൽ, എല്ലാ സന്ദർഭത്തിലും അവൻ പ്രതിഫലാർഹൻ തന്നെയാണ്.

فوائد الحديث

സന്തോഷത്തിന് നന്ദി കാണിക്കുകയും, ദുഃഖത്തിൽ ക്ഷമിക്കുകയും ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത. ആരെങ്കിലും ഈ നിലപാട് സ്വീകരിച്ചാൽ അവന് ഇരുലോകങ്ങളിലും നന്മ ലഭിക്കുന്നു. എന്നാൽ അല്ലാഹുവിൻ്റെ അനുഗ്രഹത്തിന് നന്ദി കാണിക്കാതെയും പ്രയാസങ്ങളിൽ ക്ഷമിക്കാതെയും നിലകൊണ്ടവന് ഈ പ്രതിഫലം നഷ്ടപ്പെടുകയും അവൻ്റെ മേൽ പാപം രേഖപ്പെടുത്തപ്പെടുകയും ചെയ്യുന്നു.

അല്ലാഹുവിലുള്ള ഈമാനിൻ്റെ ശ്രേഷ്ഠത. എല്ലാ അവസ്ഥയിലും പ്രതിഫലമുള്ളവനാകുക എന്നത് മുഅ്മിനിന്

മാത്രമുള്ള പ്രത്യേകതയാണെന്ന ഓർമ്മപ്പെടുത്തലും.

സന്തോഷവേളകളിൽ അല്ലാഹുവിനോട് നന്ദി കാണിക്കുകയും, പ്രയാസങ്ങളിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക എന്നത് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിച്ചവരുടെ സ്വഭാവഗുണങ്ങളിൽ പെട്ടതാണ്.

അല്ലാഹുവിൻ്റെ വിധി നിർണയത്തിലുള്ള വിശ്വാസം തൻ്റെ ജീവിതത്തിലുണ്ടാകുന്ന എല്ലാ അവസ്ഥാന്തരങ്ങളിലും പരിപൂർണ്ണ തൃപ്തിയുള്ളവനായി ജീവിക്കാൻ മുഅ്മിനിനെ തയ്യാറാക്കുന്നു. എന്നാൽ വിശ്വാസമില്ലാത്തവൻ്റെ അവസ്ഥ ഇതിൽ നിന്ന് വ്യത്യസ്തമാണ്; പ്രയാസം ബാധിച്ചാൽ അവൻ കടുത്ത അക്ഷമയിലും കോപത്തിലുമായിരിക്കും. എന്തെങ്കിലുമൊരു അനുഗ്രഹം അല്ലാഹുവിങ്കൽ നിന്ന് ലഭിച്ചാലാകട്ടെ, അല്ലാഹുവിനെ അനുസരിക്കാനും സൽകർമങ്ങൾ പ്രവർത്തിക്കാനും കഴിയാത്തവിധത്തിൽ അവൻ അതിൽ മുഴുകുന്നത് കാണാം. ചിലർ, അതിനുമപ്പുറം അവയെ അല്ലാഹുവിനെ ധിക്കരിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തുന്നത് വരെ കാണാം.

التصنيفات

മനസ്സുകളെ ശുദ്ധീകരിക്കൽ