ജനാബത്തിൽ നിന്ന് കുളിക്കേണ്ടതിൻ്റെ രൂപം.

ജനാബത്തിൽ നിന്ന് കുളിക്കേണ്ടതിൻ്റെ രൂപം.

മുഅ്മീനീങ്ങളുടെ മാതാവ്, മയ്മൂന -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ക്ക് കുളിക്കാൻ വേണ്ടി ഞാൻ വെള്ളം ഒരുക്കി കൊടുത്തു. ശേഷം അവിടുത്തേക്ക് ഒരു തുണി കൊണ്ട് ഞാൻ മറ ഒരുക്കുകയും ചെയ്തു. അവിടുന്ന് വെള്ളം തൻ്റെ രണ്ട് കൈകളിലേക്കും ചൊരിയുകയും, അവ രണ്ടും കഴുകുകയും, ശേഷം തൻ്റെ വലതു കൈ കൊണ്ട് ഇടതുകയ്യിലേക്ക് വെള്ളം ചൊരിയുകയും അത് കൊണ്ട് തൻ്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്തു. അതിന് ശേഷം അവിടുന്ന് തൻ്റെ കൈ കൊണ്ട് മണ്ണിൽ അടിക്കുകയും, ശേഷം അത് തടവിക്കളയുകയും, അതിന് ശേഷം (കൈ) കഴുകുകയും ചെയ്തു. പിന്നീട് അവിടുന്ന് വായിൽ വെള്ളം കയറ്റി കൊപ്ലിക്കുകയും, മൂക്കിൽ വെള്ളം കയറ്റുകയും ചെയ്തു. എന്നിട്ട്, തൻ്റെ മുഖം കഴുകുകയും, രണ്ട് കൈമുട്ടുകൾ വരെ കൈകൾ കഴുകുകയും ചെയ്തു. ശേഷം തൻ്റെ തലക്ക് മുകളിലൂടെ വെള്ളം ഒഴിക്കുകയും, ശരീരത്തിലേക്കെല്ലാം വെള്ളം ഒഴിക്കുകയും ചെയ്തു. അതിന് ശേഷം അവിടുന്ന് (നിന്നിടത്തു നിന്ന്) മാറിനിൽക്കുകയും, തൻ്റെ രണ്ട് കാൽപാദങ്ങളും കഴുകുകയും ചെയ്തു. ഞാൻ അവിടുത്തേക്ക് (തോർത്താനായി) തുണി നീട്ടിയെങ്കിലും അവിടുന്ന് അത് എടുക്കുകയുണ്ടായില്ല. തൻ്റെ കൈകളിലെ വെള്ളം കുടഞ്ഞു കൊണ്ട് അവിടുന്ന് പോവുകയാണുണ്ടായത്.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- ജനാബത്തിൽ (വലിയ അശുദ്ധിയിൽ) നിന്ന് കുളിക്കാറുണ്ടായിരുന്ന രൂപമാണ് വിശ്വാസികളുടെ ഉമ്മയായ മൈമൂന - رضي الله عنها- ഈ ഹദീഥിൽ വിവരിക്കുന്നത്. അവർ നബിക്ക്-ﷺ കുളിക്കാൻ വേണ്ടി വെള്ളം ഒരുക്കി കൊടുക്കുകയും, ഒരു മറ വിരിച്ചു കൊടുക്കുകയും ചെയ്തു. ശേഷം നബി -ﷺ- ജനാബത്തിൽ നിന്ന് കുളിച്ചത് ഇനി പറയുന്ന വിധത്തിലാണ്: 1- തൻ്റെ രണ്ട് കൈകളിലേക്കും വെള്ളം ചൊരിയുകയും, അവ രണ്ടും പാത്രത്തിലേക്ക് പ്രവേശിപ്പിക്കുന്നതിന് മുൻപ് കഴുകുകയും ചെയ്തു. 2- വലതു കൈ കൊണ്ട് ഇടതു കൈയ്യിലേക്ക് വെള്ളം ചൊരിയുകയും ഇടതു കൈ കൊണ്ട് തൻ്റെ ഗുഹ്യസ്ഥാനം കഴുകുകയും ചെയ്തു. ജനാബത്തിൻ്റെ ഭാഗമായി അവിടെ പറ്റിപ്പിടിക്കുന്നത് നീക്കുന്നതിന് വേണ്ടിയാണ് അപ്രകാരം ചെയ്തത്. 3- കൈകളിലെ വൃത്തികേടുകൾ കളയാൻ അവ കൊണ്ട് ഭൂമിയിൽ അടിക്കുകയും, തടവുകയും, ശേഷം കഴുകുകയും ചെയ്തു. 4- വായിൽ വെള്ളം കയറ്റി കൊപ്ലിച്ചു; അതായത് വെള്ളം വായിലേക്ക് പ്രവേശിപ്പിക്കുകയും, അത് വായിൽ വെച്ച് കൊണ്ട് കുലുക്കുകയും, ശേഷം പുറത്തേക്ക് തുപ്പിക്കളയുകയും ചെയ്തു. അതോടൊപ്പം അവിടുന്ന് മൂക്കിലേക്ക് ശ്വാസത്തോടൊപ്പം വെള്ളം വലിച്ചു കയറ്റുകയും, ശേഷം അത് പുറത്തേക്ക് ചീറ്റിക്കളയുകയും ചെയ്തു. 5- തൻ്റെ മുഖം കഴുകുകയും, രണ്ട് മുഴംകൈകളും കഴുകുകയും ചെയ്തു. 6- തൻ്റെ തലയിലൂടെ വെള്ളം ഒഴിച്ചു. 7- ശരീരത്തിലെ മറ്റെല്ലാ ഭാഗങ്ങളിലേക്കും വെള്ളമൊഴിച്ചു. 8- താൻ നിന്നിരുന്ന സ്ഥലത്ത് നിന്ന് നീങ്ങിനിൽക്കുകയും, തൻ്റെ രണ്ട് കാലുകൾ മറ്റൊരു സ്ഥാനത്ത് നിന്നു കൊണ്ട് കഴുകുകയും ചെയ്തു. ഇതിന് മുൻപ് നബി -ﷺ- കാലുകൾ കഴുകിയിട്ടില്ലായിരുന്നു എന്നത് ഓർക്കുക. ഇത്രയും ചെയ്തു കഴിഞ്ഞതിന് ശേഷം മയ്മൂനഃ -رَضِيَ اللَّهُ عَنْهَا- നബി -ﷺ- ക്ക് ശരീരം തുടക്കുന്നതിന് വേണ്ടി ഒരു മുണ്ട് എടുത്തു കൊടുത്തു. എന്നാൽ നബി -ﷺ- അത് സ്വീകരിച്ചില്ല. മറിച്ച് തൻ്റെ ശരീരത്തിൽ നിന്ന് കൈകൾ കൊണ്ട് വെള്ളം തടവിക്കളയുകയും, കൈകൾ കുടഞ്ഞു കൊണ്ട് വെള്ളം നീക്കുകയും മാത്രമാണ് അവിടുന്ന് ചെയ്തത്.

فوائد الحديث

നബി -ﷺ- യുടെ ജീവിതത്തിലെ അതി സൂക്ഷ്മമായ കാര്യങ്ങൾ വരെ മുഅ്മിനീങ്ങളുടെ മാതാക്കൾ (നബി -ﷺ- യുടെ പത്‌നിമാർ) നമുക്ക് വിശദീകരിച്ചു തന്നിരിക്കുന്നു. അവിടുത്തെ ഉമ്മത്തിനെ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് അവർ അപ്രകാരം ചെയ്തത്.

നബി -ﷺ- ജനാബത്തിൽ നിന്ന് കുളിക്കുന്നതിൻ്റെ പൂർണ രൂപങ്ങൾ വ്യത്യസ്ത വിധത്തിൽ വന്നിട്ടുണ്ട്. ഇത് അവയിൽ ഒരു രൂപം മാത്രമാണ്. എന്നാൽ ജനാബത്ത് കുളിയുടെ ഏറ്റവും കുറഞ്ഞ രൂപം, ശരീരം മുഴുവൻ വെള്ളം എത്തുക എന്നതും, വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും ചെയ്യുക എന്നതുമാണ്.

വുദൂഅ് ചെയ്തതിനും കുളിച്ചതിനുമെല്ലാം ശേഷം തോർത്തു കൊണ്ട് വെള്ളം തുടച്ചു കളയുക എന്നതും, തുടക്കാതെ വിടുക എന്നതും അനുവദനീയമാണ്.

التصنيفات

കുളി