നബി -ﷺ- യുടെ വുദൂഅ് അവർക്ക് വേണ്ടി ചെയ്തു കാണിച്ചു കൊടുത്തു

നബി -ﷺ- യുടെ വുദൂഅ് അവർക്ക് വേണ്ടി ചെയ്തു കാണിച്ചു കൊടുത്തു

യഹ്‌യ ബ്നു ഉമാറഃ അൽ-മാസിനി -رَحِمَهُ اللَّهُ- നിവേദനം: അംറു ബ്നു അബീ ഹസൻ (സ്വഹാബിയായ) അബ്ദുല്ലാഹി ബ്നു സയ്ദ് -رَضِيَ اللَّهُ عَنْهُ- വിനോട് നബി -ﷺ- യുടെ വുദൂഇനെ കുറിച്ച് ചോദിച്ചറിയുന്നതിന് ഞാൻ സാക്ഷിയായിരുന്നു. അപ്പോൾ അദ്ദേഹം ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ശേഷം നബി -ﷺ- യുടെ വുദൂഅ് അവർക്ക് വേണ്ടി ചെയ്തു കാണിച്ചു കൊടുത്തു. അദ്ദേഹം ആ പാത്രത്തിൽ നിന്ന് തൻ്റെ കയ്യിലേക്ക് വെള്ളം കോരിയൊഴിക്കുകയും, അതു കൊണ്ട് തൻ്റെ കൈപ്പത്തികൾ മൂന്നു തവണ കഴുകുകയും ചെയ്തു. അതിന് ശേഷം പാത്രത്തിലേക്ക് കൈകൾ പ്രവേശിപ്പിക്കുകയും വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റുകയും അത് ചീറ്റിക്കളയുകയും ചെയ്തു. ഇത് മൂന്ന് കോരലുകൾ കൊണ്ടാണ് ചെയ്തത്. ശേഷം തൻ്റെ കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും മൂന്ന് തവണ മുഖം കഴുകുകയും ചെയ്തു. അതിന് ശേഷം രണ്ട് കൈകളും കൈമുട്ടുൾപ്പെടെ രണ്ടു തവണ കഴുകി. ശേഷം കൈ പാത്രത്തിൽ പ്രവേശിപ്പിക്കുകയും തല തടവുകയും ചെയ്തു; രണ്ട് കൈകളും -ഒരു തവണ- മുന്നിൽ നിന്ന് പിറകിലേക്കും പിറകിൽ നിന്ന് മുന്നിലേക്കും കൊണ്ടു വന്നു കൊണ്ടാണ് തല തടവിയത്. ശേഷം നെരിയാണി വരെ കാലുകൾ കഴുകുകയും ചെയ്തു.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അബ്ദുല്ലാഹി ബ്നു സൈദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വുദൂഇൻ്റെ രൂപം പ്രവർത്തിയിലൂടെ പഠിപ്പിച്ചു നൽകിയതാണ് ഈ ഹദീഥിൽ നാം കണ്ടത്. അതിനായി ഒരു ചെറിയ പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ അദ്ദേഹം ആവശ്യപ്പെട്ടു. ആദ്യം രണ്ട് കൈകളും കഴുകിക്കൊണ്ട് അദ്ദേഹം വുദൂഅ് ആരംഭിച്ചു. പാത്രത്തിൽ നിന്ന് വെള്ളം പുറത്തേക്ക് ചൊരിഞ്ഞു കൊണ്ടാണ് അദ്ദേഹം തൻ്റെ കൈകൾ മൂന്നു തവണ കഴുകിയത്. അതിന് ശേഷം അദ്ദേഹം തൻ്റെ കൈകൾ പാത്രത്തിലേക്ക് പ്രവേശിപ്പിക്കുകയും, അതിൽ നിന്ന് മൂന്ന് തവണ വെള്ളം കോരിയെടുക്കുകയും, ഓരോ കോരലുകൾ കൊണ്ടും വായിൽ വെള്ളം കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റിക്കളയുകയും ചെയ്തു. ശേഷം പാത്രത്തിൽ നിന്ന് വെള്ളം കോരിയെടുത്ത് മുഖം മൂന്നു തവണ കഴുകി. ശേഷം പാത്രത്തിൽ നിന്ന് വെള്ളം കോരിയെടുത്ത് കൈകൾ രണ്ടും മുട്ടുകൾ ഉൾപ്പടെ -രണ്ട് തവണ വീതം- കഴുകി. ശേഷം പാത്രത്തിൽ കൈകൾ പ്രവേശിപ്പിക്കുകയും, തൻ്റെ രണ്ട് കൈപ്പത്തികളും കൊണ്ട് തല തടവുകയും ചെയ്തു. തലയുടെ മുൻഭാഗത്ത് നിന്ന് ആരംഭിക്കുകയും, പിരടിയുടെ മുകൾ ഭാഗത്തുള്ള തലയുടെ പിറകുഭാഗം വരെ കൈകൾ കൊണ്ടുപോവുകയും, ശേഷം അവ രണ്ടും ആരംഭിച്ച ഭാഗത്തേക്ക് തന്നെ തിരിച്ചു കൊണ്ടുവരികയും ചെയ്തു. അതിന് ശേഷം തൻ്റെ രണ്ട് കാലുകളും നെരിയാണി ഉൾപ്പടെ അദ്ദേഹം കഴുകി.

فوائد الحديث

വിദ്യാർത്ഥികൾക്ക് കാര്യം മനസ്സിലാക്കാനും, പഠിച്ചത് മനസ്സിൽ ഉറച്ചു നിൽക്കാനും സഹായിക്കുന്ന ഏറ്റവും എളുപ്പമുള്ള വഴിയാണ് അദ്ധ്യാപകർ സ്വീകരിക്കേണ്ടത്. പ്രവർത്തിയിലൂടെ കാര്യങ്ങൾ പഠിപ്പിക്കുന്നത് അതിൽ പെട്ടതാണ്.

വുദൂഇൻ്റെ ചില അവയവങ്ങൾ മൂന്നു തവണയും മറ്റു ചിലത് രണ്ട് തവണയും കഴുകൽ അനുവദനീയമാണ്. വുദൂഇൻ്റെ എല്ലാ അവയവങ്ങളും ഒരു തവണ കഴുകുക എന്നത് മാത്രമാണ് നിർബന്ധം.

വുദൂഇൻ്റെ അവയവങ്ങൾ കഴുകുന്നതിൽ ഹദീഥിൽ പഠിപ്പിക്കപ്പെട്ട ക്രമം പാലിക്കൽ നിർബന്ധമാണ്.

മുഖം കഴുകുക എന്നാൽ മുഖത്തിൻ്റെ അളവ് എത്രയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. സാധാരണയായി തലയിൽ മുടി മുളക്കാറുള്ള ഭാഗം മുതൽ താഴ്ന്നു നിൽക്കുന്ന താടി വരെയാണ് മുഖത്തിൻ്റെ നീളം. രണ്ട് ചെവികൾക്കിടയിലാണ് മുഖത്തിൻ്റെ വീതി.

التصنيفات

വുദൂഇൻ്റെ രൂപം