ഒരാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ നിസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ ചില്ല്വാനം പദവികൾ അധികമാണ് ജമാഅത്തായി…

ഒരാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ നിസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ ചില്ല്വാനം പദവികൾ അധികമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ നിസ്കരിക്കുന്നതിനേക്കാൾ ഇരുപതിൽ ചില്ല്വാനം പദവികൾ അധികമാണ് ജമാഅത്തായി നിസ്കരിക്കുന്നതിനുള്ളത്. അതായത് ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് നന്നാക്കുകയും, ശേഷം -നിസ്കാരമെന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും പ്രേരിപ്പിക്കാതെ- മസ്ജിദിൽ വന്നെത്തുകയും ചെയ്താൽ... അവൻ്റെ ഓരോ കാൽവെപ്പ് വെക്കുമ്പോഴും അതിലൂടെ അവൻ്റെ ഒരു സ്ഥാനം ഉയർത്തപ്പെടുകയും, അവൻ്റെ ഒരു പാപം കൊഴിഞ്ഞു പോവുകയും ചെയ്യാതിരിക്കില്ല. അവൻ മസ്ജിദിൽ പ്രവേശിക്കുന്നത് വരെ ഇപ്രകാരമായിരിക്കും. അവൻ മസ്ജിദിൽ പ്രവേശിച്ചാലാകട്ടെ, നിസ്കാരം അവനെ (മസ്ജിദിൽ) പിടിച്ചു വെക്കുന്നിടത്തോളം അവൻ നിസ്കാരത്തിൽ തന്നെയാണ്. നിസ്കരിച്ച അതേ സ്ഥലത്ത് തുടരുന്നിടത്തോളം മലക്കുകൾ നിങ്ങൾക്ക് മേൽ സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നതാണ്. അവർ പ്രാർത്ഥിച്ചു കൊണ്ടിരിക്കും: അല്ലാഹുവേ! അവനോട് നീ കാരുണ്യം ചൊരിയണമേ! അല്ലാഹുവേ! അവന് നീ പൊറുത്തു കൊടുക്കണമേ! അല്ലാഹുവേ! നീ അവൻ്റെ മേൽ പശ്ചാത്താപം വർഷിക്കണമേ!" ആ ഇരുത്തത്തിൽ അവൻ (ആർക്കെങ്കിലും) ഉപദ്രവം വരുത്തുകയോ, വുദൂഅ് നഷ്ടപ്പെടുത്തുകയോ ചെയ്യുന്നത് വരെ (ഇപ്രകാരം തുടർന്നു കൊണ്ടിരിക്കും)."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുസ്‌ലിമായ ഒരു വ്യക്തി ജമാഅത്തായി നിസ്കരിക്കുന്നതാണ് അവൻ തൻ്റെ വീട്ടിലോ അങ്ങാടിയിലോ ഇരുപതിൽപരം ചില്വാനം തവണ നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠം എന്ന് നബി -ﷺ- അറിയിക്കുന്നു. ശേഷം അതിനുള്ള കാരണവും നബി -ﷺ- വിവരിച്ചു: ഒരാൾ വുദൂഅ് ചെയ്യുകയും, തൻ്റെ വുദൂഅ് പൂർണ്ണമായും മനോഹരമായും നിർവ്വഹിക്കുകയും, ശേഷം മസ്ജിദിലേക്ക് പുറപ്പെടുകയും, നിസ്കാരമല്ലാത്ത മറ്റൊരു ലക്ഷ്യവും അവൻ അവിടേക്ക് വന്നെത്തുന്നതിന് പിറകിൽ ഇല്ലാതിരിക്കുകയുമാണെങ്കിൽ... അവൻ്റെ ഓരോ കാൽവെപ്പുകൾക്കും പകരമായി അവന് ഒരു പദവിയും സ്ഥാനവും ഉയർത്തപ്പെടുകയും, അതിലൂടെ അവൻ്റെ ഒരു തിന്മ പൊറുക്കപ്പെടുകയും ചെയ്യുന്നതാണ്. പിന്നീട് അവൻ മസ്ജിദിൽ പ്രവേശിക്കുകയും നിസ്കാരത്തിനായി കാത്തിരിക്കുകയും ചെയ്യാൻ തുടങ്ങിയാൽ അതോടെ അവന് നിസ്കരിച്ചു കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ പ്രതിഫലം ലഭിച്ചു തുടങ്ങും. നിസ്കരിച്ച അതേ സ്ഥലത്ത് തന്നെ അവൻ തുടരുന്നിടത്തോളം മലക്കുകൾ അവന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നതാണ്. അവർ പറയും: "അല്ലാഹുവേ! അവനോട് നീ കാരുണ്യം ചൊരിയണമേ! അല്ലാഹുവേ! അവന് നീ പൊറുത്തു കൊടുക്കണമേ! അല്ലാഹുവേ! നീ അവൻ്റെ മേൽ പശ്ചാത്താപം വർഷിക്കണമേ!" അവൻ്റെ വുദൂഅ് മുറിയുകയോ, ജനങ്ങൾക്കോ മലക്കുകൾക്കോ പ്രയാസം വരുത്തുന്ന എന്തെങ്കിലുമൊന്ന് അവൻ പ്രവർത്തിക്കുകയോ ചെയ്യുന്നത് വരെ ഇത് തുടർന്നു കൊണ്ടിരിക്കും.

فوائد الحديث

ഒരാൾ തൻ്റെ വീട്ടിലോ അങ്ങാടിയിലോ ഒറ്റക്ക് നിസ്കരിച്ചാൽ ആ നിസ്കാരം സാധുവാകുന്നതാണ്. എന്നാൽ ന്യായമില്ലാതെ ജമാഅത്ത് ഉപേക്ഷിച്ചതിന് അവൻ കുറ്റക്കാരനാകുന്നതാണ്.

മസ്ജിദിൽ വെച്ച് ജമാഅത്തായി നിസ്കരിക്കുന്നതാണ് ഒരാൾ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായിട്ടുള്ളത്. അതിനേക്കാൾ ഇരുപത്തി അഞ്ച് (അല്ലെങ്കിൽ ഇരുപത്തി ആറോ ഇരുപത്തി ഏഴോ) മടങ്ങ് പ്രതിഫലം ജമാഅത്ത് നിസ്കാരത്തിന് കൂടുതലുണ്ടായിരിക്കുന്നതാണ്.

മുഅ്മിനീങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നത് മലക്കുകളുടെ ജോലികളിൽ പെട്ടതാണ്.

മസ്ജിദിലേക്ക് വുദൂഅ് ചെയ്തു കൊണ്ട് പോവുക എന്നതിൻ്റെ ശ്രേഷ്ഠത.

التصنيفات

ജമാഅത് നിസ്കാരത്തിൻ്റെ ശ്രേഷ്ഠതയും `വിധിവിലക്കുകളും