സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; നന്മയും തിന്മയും ഇന്ന് കണ്ടറിഞ്ഞതു പോലെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ…

സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; നന്മയും തിന്മയും ഇന്ന് കണ്ടറിഞ്ഞതു പോലെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ അറിഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ കുറച്ചു മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു

അനസു ബ്നു മാലിക് (رضي الله عنه) നിവേദനം: സ്വഹാബികളെ കുറിച്ച് ഒരു കാര്യം നബിയുടെ (ﷺ) അറിവിലെത്തി. അപ്പോൾ അവിടുന്ന് ഒരു പ്രഭാഷണം നിർവ്വഹിച്ചു; ഇപ്രകാരം പറഞ്ഞു: "സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; നന്മയും തിന്മയും ഇന്ന് കണ്ടറിഞ്ഞതു പോലെ ഞാൻ മുൻപ് കണ്ടിട്ടില്ല. ഞാൻ അറിഞ്ഞത് നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ കുറച്ചു മാത്രം ചിരിക്കുകയും ധാരാളമായി കരയുകയും ചെയ്യുമായിരുന്നു. അനസ് (رضي الله عنه) പറഞ്ഞു: "നബിയുടെ (ﷺ) സ്വഹാബികൾക്ക് ആ ദിവസത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം പിന്നീടുണ്ടായിട്ടില്ല. തങ്ങളുടെ ശിരസ്സ് മൂടിക്കൊണ്ട് അവർ തേങ്ങിക്കരഞ്ഞു കൊണ്ടിരുന്നു. അങ്ങനെ ഉമർ (رضي الله عنه) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ ഞങ്ങളുടെ റബ്ബായും, ഇസ്‌ലാമിനെ ഞങ്ങളുടെ ദീനായും, മുഹമ്മദ് നബിയെ (ﷺ) ഞങ്ങളുടെ റസൂലായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു." അപ്പോൾ അയാൾ എഴുന്നേറ്റു കൊണ്ട് ചോദിച്ചു: "എൻ്റെ പിതാവ് ആരാണ്?" നബി (ﷺ) പറഞ്ഞു: "നിൻ്റെ പിതാവ് ഇന്നയാളാണ്." അപ്പോഴാണ് അല്ലാഹുവിൻ്റെ ഈ വചനം അവതരിച്ചത്: "(അല്ലാഹുവിലും അവൻ്റെ റസൂലിലും) വിശ്വസിച്ചവരേ, നിങ്ങൾ ചില കാര്യങ്ങളെ കുറിച്ച് ചോദിക്കരുത്; അവ നിങ്ങൾക്ക് വ്യക്തമാക്കപ്പെട്ടാൽ നിങ്ങൾക്കത് പ്രയാസകരമായിരിക്കും." (മാഇദഃ: 101)

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബിയുടെ (ﷺ) സ്വഹാബിമാരെ കുറിച്ച് ഒരു കാര്യം അവിടുത്തെ ചെവിയിലെത്തി; നബിയോട് (ﷺ) അവർ ചോദ്യങ്ങൾ അധികരിപ്പിച്ചു എന്നതായിരുന്നു അത്. നബി (ﷺ) ഇക്കാര്യത്തിൽ ശക്തമായി കോപിക്കുകയും, ഒരു പ്രഭാഷണം നിർവ്വഹിക്കുകയും ചെയ്തു. അവിടുന്ന് പറഞ്ഞു: "സ്വർഗവും നരകവും എനിക്ക് കാണിക്കപ്പെട്ടു; ഇന്ന് സ്വർഗത്തിൽ ഞാൻ വീക്ഷിച്ചതിനേക്കാൾ നന്മകൾ ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഇന്ന് നരകത്തിൽ ഞാൻ കണ്ടതിനേക്കാൾ തിന്മകളും പ്രയാസങ്ങളും ഇതിന് മുൻപൊരിക്കലും ഞാൻ കണ്ടിട്ടില്ല. ഈ ദിവസം ഞാൻ കണ്ടത് നിങ്ങൾ കാണുകയും, ഞാൻ അറിഞ്ഞത് പോലെ നിങ്ങൾ അറിയുകയും ചെയ്തിരുന്നെങ്കിൽ നിങ്ങൾക്ക് അത് കടുത്ത പ്രയാസം സൃഷ്ടിക്കുമായിരുന്നു. നിങ്ങളുടെ ചിരി കുറയുകയും, നിങ്ങളുടെ കരച്ചിൽ അധികരിക്കുകയും ചെയ്യുമായിരുന്നു. അനസ് (رضي الله عنه) പറഞ്ഞു: നബിയുടെ (ﷺ) സ്വഹാബിമാർക്ക് അന്നത്തേക്കാൾ കഠിനമായ മറ്റൊരു ദിവസം ഉണ്ടായിട്ടില്ല. തങ്ങളുടെ ശിരസ്സുകൾ വസ്ത്രങ്ങൾ കൊണ്ട് മൂടിക്കൊണ്ട്, അവർ തേങ്ങി കരഞ്ഞു കൊണ്ടിരുന്നു. അപ്പോൾ ഉമർ (رضي الله عنه) എഴുന്നേറ്റു കൊണ്ട് പറഞ്ഞു: "അല്ലാഹുവിനെ ഞങ്ങളുടെ റബ്ബായും, ഇസ്‌ലാമിനെ ഞങ്ങളുടെ ദീനായും,മുഹമ്മദ് നബിയെ (ﷺ) ഞങ്ങളുടെ നബിയായും ഞങ്ങൾ തൃപ്തിപ്പെട്ടിരിക്കുന്നു." അപ്പോൾ ഒരു വ്യക്തി എഴുന്നേറ്റു കൊണ്ട് നബിയോട് (ﷺ) ചോദിച്ചു: "ആരാണ് എൻ്റെ പിതാവ്?" നബി (ﷺ) പറഞ്ഞു: "നിൻ്റെ പിതാവ് ഇന്നയാളാണ്." അപ്പോഴാണ് വിശുദ്ധ ഖുർആനിലെ ഈ വചനം അവതരിച്ചത്: "(അല്ലാഹുവിലും അന്ത്യനാളിലും) വിശ്വസിച്ചവരേ, ചിലകാര്യങ്ങളെപ്പറ്റി നിങ്ങള്‍ ചോദിക്കരുത്‌. നിങ്ങള്‍ക്ക് അവ വെളിപ്പെടുത്തപ്പെട്ടാല്‍ നിങ്ങള്‍ക്കത് മനഃപ്രയാസമുണ്ടാക്കും." [മാഇദ: 101]

فوائد الحديث

അല്ലാഹുവിൻ്റെ ശിക്ഷയെ ഭയന്നു കൊണ്ട് കരയുക എന്നത് പുണ്യകരമാണ്. ചിരി അധികരിപ്പിക്കാതിരിക്കുക എന്നതും അങ്ങനെ തന്നെ. ഹൃദയകാഠിന്യത്തിൻ്റെയും (അല്ലാഹുവിനെ കുറിച്ചുള്ള) അശ്രദ്ധയുടെയും അടയാളമാണ് അധികമായി ചിരിക്കുക എന്നത്.

നബിയുടെ (ﷺ) ഉപദേശം സ്വഹാബികളിൽ സൃഷ്ടിച്ച സ്വാധീനവും, അല്ലാഹുവിൻ്റെ ശിക്ഷയോട് അവർക്കുണ്ടായിരുന്ന ശക്തമായ ഭയവും.

കരയുമ്പോൾ മുഖം മറച്ചു പിടിക്കുക എന്നത് നല്ല കാര്യമാണ്.

ഖത്താബി

(رحمه الله) പറയുന്നു: "അനാവശ്യമോ കൃത്രിമമോ ആയി, ആവശ്യമില്ലാത്ത വിഷയങ്ങൾ ചോദിച്ചറിയുന്നവരെയാണ് ഈ ഹദീഥിൽ ആക്ഷേപിച്ചിട്ടുള്ളത്. എന്നാൽ തനിക്ക് സംഭവിച്ച ഒരു വിഷയത്തിൽ മതവിധി അറിയേണ്ടത് അനിവാര്യമായതിനാൽ അതിനെ കുറിച്ച് ഒരാൾ ചോദിച്ചറിയുന്നത് തെറ്റോ തിന്മയോ ആക്ഷേപാർഹമായ കാര്യമോ അല്ല."

അല്ലാഹുവിനെ അനുസരിക്കുകയും, തിന്മകളിൽ നിന്ന് അകലം പാലിക്കുകയും, അല്ലാഹുവിൻ്റെ അതിർവരമ്പുകളിൽ നിലയുറപ്പിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനവും പ്രേരണയും.

ഗുണദോഷിക്കുമ്പോഴും വഅ്ദ് പറയുമ്പോഴും പഠിപ്പിക്കുമ്പോഴും ദേഷ്യപ്പെടേണ്ട സാഹചര്യമുണ്ടായാൽ ദേഷ്യം പ്രകടിപ്പിക്കുന്നത് അനുവദനീയമാണ്.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ