ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ; -അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു-:…

ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ; -അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു-: അവൻ നമ്മുടെ മസ്ജിദിൽ നിന്ന് അകന്നു നിൽക്കുകയും, അവൻ്റെ വീട്ടിൽ ഇരിക്കുകയും ചെയ്യട്ടെ

ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഉള്ളിയോ വെളുത്തുള്ളിയോ തിന്നാൽ അവൻ നമ്മിൽ നിന്നും വിട്ടുനിൽക്കട്ടെ; -അല്ലെങ്കിൽ അവിടുന്ന് പറഞ്ഞു-: അവൻ നമ്മുടെ മസ്ജിദിൽ നിന്ന് അകന്നു നിൽക്കുകയും, അവൻ്റെ വീട്ടിൽ ഇരിക്കുകയും ചെയ്യട്ടെ." ഒരിക്കൽ അവിടുത്തേക്ക് ഒരു പാത്രത്തിൽ ചില പച്ചക്കറികൾ കൊണ്ടു നൽകപ്പെട്ടു. അതിൽ ഒരു വാസന അനുഭവപ്പെട്ടപ്പോൾ നബി -ﷺ- അതിനെ കുറിച്ച് ചോദിച്ചു. അതിലുള്ള ചെടികളെ കുറിച്ച് പറഞ്ഞു കൊടുത്തപ്പോൾ തൻ്റെ സ്വഹാബികളിൽ ആർക്കെങ്കിലും അത് നൽകാൻ അവിടുന്ന് പറഞ്ഞു. എന്നാൽ നബി -ﷺ- അത് ഭക്ഷിക്കുന്നതിൽ താൽപ്പര്യം കാണിക്കാത്തത് കണ്ടപ്പോൾ (അവർക്ക് അത് ഭക്ഷിക്കാൻ പ്രയാസമുണ്ടായി.) അപ്പോൾ നബി -ﷺ- പറഞ്ഞു: "കഴിച്ചു കൊള്ളുക. നിങ്ങൾ സംഭാഷണത്തിലേർപ്പെടാത്തവനുമായി ഞാൻ സംഭാഷണം നടത്താറുണ്ട്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഉള്ളിയോ വെളുത്തുള്ളിയോ ഭക്ഷിച്ച ശേഷം ഒരാൾ മസ്ജിദിലേക്ക് വരുന്നത് നബി -ﷺ- വിലക്കിയിരിക്കുന്നു. മസ്ജിദിലേക്ക് നിസ്കരിക്കാൻ വന്നെത്തുന്ന മറ്റുള്ളവർക്ക് അതിൻ്റെ മണം പ്രയാസം സൃഷ്ടിച്ചേക്കും എന്നതിനാലാണ് അവിടുന്ന് അക്കാര്യം വിലക്കിയത്. അവ തിന്നുകൊണ്ട് അതിൻ്റെ ദുർഗന്ധം പേറി മസ്ജിദിലേക്ക് വരുന്നത് ഒഴിവാക്കാനുള്ള നിർദേശമേ ഈ ഹദീഥിലുള്ളൂ; അതല്ലാതെ ഉള്ളി ഭക്ഷിക്കരുത് എന്ന കൽപ്പനയല്ല. മറിച്ച് അത് അനുവദിക്കപ്പെട്ട ഭക്ഷണം തന്നെയാണ്. നബി -ﷺ- ക്ക് ഒരിക്കൽ ചില പച്ചക്കറികൾ വെച്ച ഒരു പാത്രം കൊണ്ടുവരപ്പെടുകയും, അതിൽ ഒരു മണമുണ്ട് എന്ന് അവിടുത്തേക്ക് അനുഭവപ്പെടുകയും, അതിലുള്ളത് എന്താണെന്ന് അവിടുത്തോട് പറയപ്പെടുകയും ചെയ്തപ്പോൾ നബി -ﷺ- അത് ഭക്ഷിക്കാതെ ഒഴിവാക്കി. തൻ്റെ സ്വഹാബികൾക്ക് അത് ഭക്ഷിക്കാനായി അവിടുന്ന് അവരുടെ അടുത്തേക്ക് അത് നീക്കിവെച്ചുവെങ്കിലും അവിടുത്തെ മാതൃകയാക്കാനുള്ള ഇഷ്ടം കാരണം അവർക്കും അത് ഭക്ഷിക്കുന്നത് പ്രയാസകരമായി. അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ ഭക്ഷിച്ചു കൊള്ളുക; ഞാൻ മലക്കുകളുമായി അല്ലാഹുവിൽ നിന്നുള്ള സന്ദേശം സ്വീകരിക്കുമ്പോൾ സംസാരിക്കുന്നത് കൊണ്ടാണ് അത് കഴിക്കാതിരുന്നത്. മനുഷ്യർക്ക് പ്രയാസമുണ്ടാക്കുന്ന ദുർഗന്ധങ്ങൾ മലക്കുകൾക്കും പ്രയാസം സൃഷ്ടിക്കുന്നതാണെന്ന് നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

ഉള്ളിയോ, വെളുത്തുള്ളിയോ പോലുള്ളത് കഴിച്ചു കൊണ്ട് മസ്ജിദിൽ വരുന്നതിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു.

നിസ്കരിക്കാൻ വരുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്ന ദുർഗന്ധമുള്ള എല്ലാ കാര്യങ്ങളും ഈ ഹദീഥിൽ പറയപ്പെട്ടവയോട് ചേർത്തു പറയാവുന്നതാണ്. പുകവലിയും മുറുക്കാനും മറ്റും കാരണമായുണ്ടാകുന്ന വാസനകൾ അതിന് ഉദാഹരണമാണ്.

നബി -ﷺ- മസ്ജിദിലേക്ക് വരുന്നത് വിലക്കാനുള്ള കാരണം ഉള്ളി കഴിച്ചാൽ ഉണ്ടാകുന്ന മോശമായ മണമാണ്; എന്നാൽ ഈ മണം നീങ്ങുന്ന വിധത്തിൽ ഉള്ളി പാകം ചെയ്യുകയോ മറ്റോ ആണെങ്കിൽ മസ്ജിദിലേക്ക് വരാനുള്ള ഈ വിലക്കും നീങ്ങുന്നതാണ്.

മസ്ജിദിൽ നിസ്കരിക്കാൻ പോകേണ്ടവർ ഹദീഥിൽ പറയപ്പെട്ട തരം ഭക്ഷണങ്ങൾ കഴിക്കുന്നത് മക്റൂഹാണ്. കാരണം, ജമാഅത്ത് നിസ്കാരം നഷ്ടപ്പെടാൻ അത് കാരണമാക്കുന്നതാണ്. എന്നാൽ മസ്ജിദിലെ ജമാഅത്ത് ഉപേക്ഷിക്കുക എന്ന ദുരുദ്ദേശ്യത്തോടെ ഇത് ഭക്ഷിക്കുക എന്നത് നിഷിദ്ധവും (ഹറാം) ആണ്.

നബി -ﷺ- ഉള്ളിയും മറ്റും ഭക്ഷിക്കുന്നത് തീർത്തും ഒഴിവാക്കിയത് അവ ഭക്ഷിക്കുന്നത് നിഷിദ്ധമാണെന്നത് കൊണ്ടല്ല. മറിച്ച്, അവിടുത്തേക്ക് ജിബ്‌രീൽ (عليه السلام) യുമായി സംഭാഷണം നടത്തേണ്ടതുണ്ട് എന്നത് കൊണ്ടായിരുന്നു.

നബി -ﷺ- യുടെ അദ്ധ്യാപനത്തിൻ്റെ മനോഹരമായ രീതി. അവിടുന്ന് ഒരു കാര്യത്തിൻ്റെ വിധിയും, അതിന് പിറകിലുള്ള യുക്തിയും ഒരേ സമയം പഠിപ്പിച്ചു കൊടുക്കുന്നു. ഇത് കേൾവിക്കാർക്ക് കാര്യം കൂടുതൽ ഉൾക്കൊള്ളാൻ സഹായകമാണ്.

ഖാദ്വീ ഇയാദ്വ് -رَحِمَهُ اللَّهُ- പറയുന്നു: "മസ്ജിദിലേക്ക് വരുന്നതിൽ നിന്നാണ് ഹദീഥിൽ വിലക്കുള്ളത് എങ്കിലും പെരുന്നാൾ മുസ്വല്ലകൾ, ജനാസ നിസ്കാരങ്ങൾ പോലുള്ള ആരാധനകൾക്കായി പൊതുജനം കൂടുന്ന ഇടങ്ങളും പണ്ഡിതന്മാർ ഈ പറഞ്ഞതിൻ്റെ കൂടെ എണ്ണിയിട്ടുണ്ട്. വിജ്ഞാനം തേടുന്ന സ്ഥലങ്ങളും, വിവാഹ സൽക്കാരത്തിന്റെ സ്ഥലങ്ങളും മറ്റും ഇതു പോലെത്തന്നെയാണ്. എന്നാൽ അങ്ങാടികളും മറ്റും ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല."

പണ്ഡിതന്മാർ പറയുന്നു: "മസ്ജിദിൽ ജനങ്ങളാരും ഇല്ലെങ്കിൽ കൂടെ ഉള്ളി ഭക്ഷിച്ചു കൊണ്ട് അവിടേക്ക് പ്രവേശിക്കരുത് എന്ന സൂചന ഈ ഹദീഥിലുണ്ട്. കാരണം മസ്ജിദുകൾ മലക്കുകളുള്ള സ്ഥലമാണ്; ഹദീഥിലെ പൊതുവായ പ്രയോഗത്തിൽ നിന്ന് അതാണ് മനസ്സിലാകുന്നത്."

التصنيفات

ജമാഅത് നിസ്കാരത്തിൻ്റെ ശ്രേഷ്ഠതയും `വിധിവിലക്കുകളും