ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം ജനാബത്തിൻ്റെ കുളി കുളിക്കുകയും, ശേഷം നേരത്തെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു…

ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം ജനാബത്തിൻ്റെ കുളി കുളിക്കുകയും, ശേഷം നേരത്തെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ബലിയർപ്പിച്ചവനെ പോലെയാണ്

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം ജനാബത്തിൻ്റെ കുളി കുളിക്കുകയും, ശേഷം നേരത്തെ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും രണ്ടാമത്തെ ഘട്ടത്തിൽ പോവുന്നെങ്കിൽ അവൻ ഒരു പശുവിനെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും മൂന്നാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു മുട്ടനാടിനെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും നാലാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു കോഴിയെ ബലിയർപ്പിച്ചവനെ പോലെയാണ്. ആരെങ്കിലും അഞ്ചാമത്തെ ഘട്ടത്തിലാണ് പോകുന്നത് എങ്കിൽ അവൻ ഒരു മുട്ട ദാനം നൽകിയവനെ പോലെയുമാണ്. ഇമാം (മിമ്പറിലേക്ക്) പുറപ്പെട്ടു കഴിഞ്ഞാൽ മലക്കുകൾ ഉൽബോധനം ശ്രദ്ധിച്ചു കേൾക്കാനായി അവിടെ സന്നിഹിതരാവുകയും ചെയ്യും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജുമുഅ നിസ്കാരത്തിന് നേരത്തെ പുറപ്പെടുന്നതിൻ്റെ ശ്രേഷ്ഠതയാണ് ഈ ഹദീഥിൽ നബി -ﷺ- വിവരിക്കുന്നത്. സൂര്യൻ ഉദിച്ചതു മുതൽ നേരത്തെ പുറപ്പെടുക എന്നതിനുള്ള ശ്രേഷ്ഠത ആരംഭിക്കും. ഇമാം മിമ്പറിലേക്ക് വരുന്നത് വരെ അത് തുടരുകയും ചെയ്യും. ഈ സമയത്തെ അഞ്ചു ഘട്ടങ്ങളാക്കി തിരിക്കാം: ഒന്നാമത്തെ ഘട്ടം: ആരെങ്കിലും ജനാബത്തിൽ നിന്ന് ശുദ്ധിയാകാൻ കുളിക്കുന്നത് പോലെ കുളിക്കുകയും ശേഷം ജുമുഅക്ക് വേണ്ടി മസ്ജിദിലേക്ക് ഒന്നാമത്തെ ഈ ഘട്ടത്തിൽ പുറപ്പെടുകയും ചെയ്താൽ അവൻ ഒരു ഒട്ടകത്തെ ദാനം ചെയ്തവനെ പോലെയാണ്. രണ്ടാമത്തെ ഘട്ടത്തിലാണ് ഒരാൾ പുറപ്പെടുന്നത് എങ്കിൽ അവൻ ഒരു പശുവിനെ ദാനം ചെയ്തവനെ പോലെയാണ്. മൂന്നാമത്തെ ഘട്ടത്തിലാണ് അവൻ പുറപ്പെടുന്നത് എങ്കിൽ അവൻ കൊമ്പുകളുള്ള ഒരു ആണാടിനെ ദാനം ചെയ്തത് പോലെയാണ്. നാലാമത്തെ ഘട്ടത്തിൽ പുറപ്പെട്ടാൽ അവൻ ഒരു കോഴിയെ ദാനം ചെയ്തവനെ പോലെയാണ്. അഞ്ചാമത്തെ ഘട്ടത്തിൽ പുറപ്പെട്ടാൽ അവൻ ഒരു മുട്ട ദാനം നൽകിയവനെ പോലെയുമാണ്. ഇമാം ഖുത്ബ നിർവ്വഹിക്കാനായി പുറപ്പെട്ടു കഴിഞ്ഞാൽ മസ്ജിദിൻ്റെ വാതിലുകളിൽ ഇരിക്കുന്ന മലക്കുകൾ മസ്ജിദിലേക്ക് പ്രവേശിക്കുന്നവരുടെ പേരുകൾ ക്രമത്തിൽ എഴുതിവെക്കുന്നത് നിർത്തി വെക്കുകയും, ഇമാമിൻ്റെ ഉൽബോധനവും ഖുത്ബയും ശ്രദ്ധിച്ചു കേൾക്കാനായി വന്നിരിക്കുകയും ചെയ്യും.

فوائد الحديث

വെള്ളിയാഴ്ച്ച ദിവസം കുളിക്കുന്നതിനുള്ള പ്രോത്സാഹനം. നിസ്കാരത്തിന് പള്ളിയിലേക്ക് പോകുന്നതിന് മുൻപാണ് ഈ കുളി നിർവ്വഹിക്കേണ്ടത്.

ജുമുഅ നിസ്കാരത്തിനായി പകലിൻ്റെ ആദ്യസമയങ്ങളിൽ നേരത്തെ പോകുന്നതിനുള്ള ശ്രേഷ്ഠത.

സൽകർമ്മങ്ങളിലേക്ക് മുന്നേറാനും നേരത്തെ ചെന്നെത്താനുമുള്ള പ്രേരണയും പ്രോത്സാഹനവും.

മലക്കുകൾ ജുമുഅ നിസ്കാരത്തിൽ സന്നിഹിതരാവുകയും, ഖുതുബ ശ്രദ്ധിച്ചു കേൾക്കുകയും ചെയുന്നതാണ്.

മലക്കുകൾ മസ്ജിദിൻ്റെ വാതിലുകൾക്ക് അരികിൽ ഉണ്ടായിരിക്കുന്നതാണ്. ജുമുഅക്ക് വരുന്നവരുടെയെല്ലാം പേരുകൾ അവർ രേഖപ്പെടുത്തുന്നതാണ്. ആദ്യം വരുന്നവരുടെത് ആദ്യം രേഖപ്പെടുത്തും. ശേഷമുള്ളവരുടേത് രണ്ടാമതും.

ഇബ്നു റജബ് (റഹി) പറയുന്നു: "ആരെങ്കിലും വെള്ളിയാഴ്ച്ച ദിവസം കുളിക്കുകയും ശേഷം പുറപ്പെടുകയും ചെയ്താൽ' എന്ന നബി -ﷺ- യുടെ വാക്കിൽ നിന്ന് മനസ്സിലാക്കാവുന്നത് ജുമുഅക്ക് വേണ്ടിയുള്ള കുളിയുടെ സുന്നത്തായ സമയം ആരംഭിക്കുന്നത് സൂര്യൻ ഉദിക്കുന്നത് മുതലും, അവസാനിക്കുന്നത് ജുമുഅക്ക് പോകുന്നതിന് തൊട്ടുമുൻപുള്ള സമയത്തുമാണെന്നാണ്."

التصنيفات

കുളിയുടെ സുന്നതുകളും മര്യാദകളും, ജുമുഅഃ നമസ്കാരം