ഒരാൾ (വൈകുന്നേരം) മൂന്നു തവണ ഇപ്രകാരം പറഞ്ഞാൽ രാവിലെയാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ…

ഒരാൾ (വൈകുന്നേരം) മൂന്നു തവണ ഇപ്രകാരം പറഞ്ഞാൽ രാവിലെയാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. (സാരം) അല്ലാഹുവിൻ്റെ നാമത്തിൽ; അവൻ്റെ നാമത്തോടൊപ്പം ആകാശങ്ങളിലോ ഭൂമിയിലോ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു

അബാൻ ബ്നു ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- പറയുന്നതായി ഞാൻ കേട്ടു: നബി -ﷺ- പറഞ്ഞിരിക്കുന്നു: "ഒരാൾ (വൈകുന്നേരം) മൂന്നു തവണ ഇപ്രകാരം പറഞ്ഞാൽ രാവിലെയാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. (സാരം) അല്ലാഹുവിൻ്റെ നാമത്തിൽ; അവൻ്റെ നാമത്തോടൊപ്പം ആകാശങ്ങളിലോ ഭൂമിയിലോ യാതൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു." ഈ (ദിക്ർ) ആരെങ്കിലും പ്രഭാതത്തിൽ പറഞ്ഞാൽ വൈകുന്നേരമാകുന്നത് വരെ പൊടുന്നനെയുള്ള ഒരു ഉപദ്രവവും അവനെ ബാധിക്കുന്നതല്ല. അങ്ങനെയിരിക്കെ അബാൻ ബ്നു ഉഥ്മാനിന് -رَحِمَهُ اللَّهُ- ഒരിക്കൽ കോട്ടുവാതം ബാധിച്ചു. അദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ഈ ഹദീഥ് കേട്ട വ്യക്തി അദ്ദേഹത്തെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- പറഞ്ഞു: "എന്തിനാണ് നീ എന്നെ നോക്കുന്നത്?! അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാനിൻ്റെ മേൽ കള്ളം കെട്ടിച്ചമച്ചതോ, ഉഥ്മാൻ നബി -ﷺ- യുടെ മേൽ കള്ളം കെട്ടിച്ചമച്ചതോ അല്ല. മറിച്ച് ഇന്ന് ചില കാര്യങ്ങൾ സംഭവിക്കുകയും ഞാൻ ദേഷ്യത്തിലായി പോവുകയും ഈ പ്രാർത്ഥന ചൊല്ലാൻ മറന്നു പോവുകയും ചെയ്തിരുന്നു."

[സ്വഹീഹ്]

الشرح

എല്ലാ ദിവസവും പ്രഭാതത്തിലും, എല്ലാ രാത്രിയിലും പ്രദോഷത്തിലും (സൂര്യൻ അസ്തമിക്കുന്നതിന് മുൻപ്) നബി -ﷺ- ചൊല്ലാൻ നബി -ﷺ- ഈ ഹദീഥിൽ ഒരു ദിക്ർ പഠിപ്പിച്ചു തന്നിരിക്കുന്നു. പ്രസ്തുത ദിക്റിൻ്റെ ആശയം ഇപ്രകാരമാണ്: "അല്ലാഹുവിൻ്റെ നാമത്തിൽ അവനോട് ഞാൻ സഹായം തേടുകയും, എല്ലാ ഉപദ്രവകരമായ കാര്യത്തിൽ നിന്നും അഭയം തേടുകയും ചെയ്യുന്നു. അവൻ്റെ നാമം ഉച്ചരിച്ചെങ്കിൽ ശേഷം ഒരു വസ്തുവും -അതെത്ര വലുതോ ഗുരുതരമോ ആകട്ടെ, ഭൂമിയിലോ അതിൽ നിന്ന് പുറപ്പെടുന്നതോ ആകാശത്തിലുള്ളതോ അവിടെ നിന്ന് പതിക്കുന്നതോ ആകട്ടെ-; അവയൊന്നും ഉപദ്രവമേൽപ്പിക്കുകയില്ല. അവൻ നമ്മുടെ എല്ലാ വാക്കുകളും കേൾക്കുന്നവനും, നമ്മുടെ എല്ലാ അവസ്ഥകളും അറിയുന്നവനുമാകുന്നു. - ഈ ദിക്ർ ആരെങ്കിലും വൈകുന്നേരം പറയുന്നുവെങ്കിൽ പ്രഭാതമാകുന്നത് വരെ പെട്ടെന്ന് ഭവിക്കുന്ന ഒരു വിപത്തും അവനെ ബാധിക്കുകയില്ല. ആരെങ്കിലും ഈ ദിക്ർ രാവിലെ പറയുകയാണെങ്കിൽ വൈകുന്നേരമാകുന്നത് വരെ ഒരു ഉപദ്രവവും പൊടുന്നനെ അവനെ ബാധിക്കുന്നതല്ല. ഈ ഹദീഥ് ഉഥ്മാൻ ബ്നു അഫ്ഫാൻ -رَضِيَ اللَّهُ عَنْهُ- വിൽ നിന്ന് നിവേദനം ചെയ്ത വ്യക്തിയാണ് അബാൻ ബ്നു ഉഥ്മാൻ. അദ്ദേഹത്തിന് ശരീരത്തിൻ്റെ ഒരു ഭാഗത്ത് വാതം ബാധിക്കുകയുണ്ടായി. അബാൻ -رَحِمَهُ اللَّهُ- ഈ ഹദീഥ് പറയുന്നത് കേട്ടവരിൽ ഒരാൾ അദ്ദേഹത്തിൻ്റെ നേരെ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ അബാൻ -رَحِمَهُ اللَّهُ- അയാളോട് പറഞ്ഞു: നീ എന്തിനാണ് എന്നെ നോക്കുന്നത്? അല്ലാഹു തന്നെ സത്യം! ഞാൻ ഉഥ്മാൻ ബ്നു അഫ്ഫാൻ്റെ മേൽ കളവ് കെട്ടിച്ചമച്ചിട്ടില്ല. ഉഥ്മാൻ -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ മേൽ കളവ് പറഞ്ഞതുമല്ല. മറിച്ച് അല്ലാഹു എനിക്ക് ചില കാര്യങ്ങൾ നിശ്ചയിക്കുകയും എന്നെ കോപം പിടികൂടുകയും, ഞാൻ ഈ ദിക്ർ പറയാൻ മറന്നു പോവുകയും ചെയ്തു. പ്രസ്തുത ദിവസം ഈ ദിക്ർ പറയാൻ അല്ലാഹു എനിക്ക് വിധിച്ചിട്ടില്ലായിരുന്നു.

فوائد الحديث

രാവിലെയും വൈകുന്നേരവും ഈ ദിക്ർ ചൊല്ലുന്നത് പുണ്യകരമാണ്. അല്ലാഹുവിൻ്റെ അനുമതിയോടെ, എന്തെങ്കിലുമൊരു പ്രയാസം അവനെ പൊടുന്നനെ ബാധിക്കുന്നതിൽ നിന്നും, എന്തെങ്കിലും വിപത്ത് അവനുണ്ടാകുന്നതിൽ നിന്നും അതിലൂടെ അവന് സംരക്ഷണം നൽകപ്പെടും.

ആദ്യകാലക്കാരായ സച്ചരിതരായ മുൻഗാമികൾക്ക് അല്ലാഹുവിലുണ്ടായിരുന്ന ദൃഢമായ വിശ്വാസവും, നബി -ﷺ- പറഞ്ഞു നൽകുന്ന കാര്യങ്ങളിൽ അവർക്കുണ്ടായിരുന്ന ഉറച്ച ബോധ്യവും.

രാവിലെയും വൈകുന്നേരവും ദിക്റുകൾ ചൊല്ലാൻ പ്രത്യേകമായി സമയം നിശ്ചയിച്ചത് (അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന്) അശ്രദ്ധയിലാകുന്നതിൽ നിന്നും, അല്ലാഹുവിൻ്റെ അടിമയാണ് താൻ എന്ന ബോധ്യം നഷ്ടപ്പെടുന്നതിൽ നിന്നും ഓരോ മുസ്‌ലിമിനെയും സംരക്ഷിക്കുന്നതാണ്.

അല്ലാഹുവിനെ സ്മരിക്കുകയും ദിക്റുകൾ ചൊല്ലുകയും ചെയ്യുന്ന വ്യക്തിയുടെ വിശ്വാസത്തിൻ്റെയും ഭയഭക്തിയുടെയും ഹൃദയസാന്നിദ്ധ്യത്തിൻ്റെയും, അതിനോടൊപ്പമുള്ള ഇഖ്ലാസിൻ്റെയും ദൃഢവിശ്വാസത്തിൻ്റെയും തോതനുസരിച്ചായിരിക്കും ഇത്തരം ദിക്റുകൾക്കുള്ള ഫലം ലഭിക്കുക.

التصنيفات

രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകൾ