ആരെങ്കിലും ശപഥം ചെയ്യുമ്പോൾ 'ലാത്തയെയും ഉസ്സയെയും കൊണ്ട്' ശപഥം ചെയ്താൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ…

ആരെങ്കിലും ശപഥം ചെയ്യുമ്പോൾ 'ലാത്തയെയും ഉസ്സയെയും കൊണ്ട്' ശപഥം ചെയ്താൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയട്ടെ. ആരെങ്കിലും തൻ്റെ സഹോദരനോട് 'വരൂ! ചൂതാട്ടം നടത്താം' എന്ന് പറഞ്ഞാൽ അവൻ ദാനം ചെയ്യട്ടെ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും ശപഥം ചെയ്യുമ്പോൾ 'ലാത്തയെയും ഉസ്സയെയും കൊണ്ട്' ശപഥം ചെയ്താൽ അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല) എന്ന് പറയട്ടെ. ആരെങ്കിലും തൻ്റെ സഹോദരനോട് 'വരൂ! ചൂതാട്ടം നടത്താം' എന്ന് പറഞ്ഞാൽ അവൻ ദാനം ചെയ്യട്ടെ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിന് പുറമെയുള്ളവരുടെ പേരിൽ ശപഥം ചെയ്യുന്നതിൽ നിന്ന് നബി -ﷺ- താക്കീത് ചെയ്യുന്നു. കാരണം ഒരു മുസ്‌ലിം അല്ലാഹുവിൻ്റെ പേരിൽ മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ. അല്ലാഹുവിന് പുറമെയുള്ളവരെ കൊണ്ട് ശപഥം ചെയ്യുന്നവർ -ഉദാഹരണത്തിന് ജാഹിലിയ്യഃ കാലഘട്ടത്തിൽ ആരാധിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങളായ ലാത്തയുടെയോ ഉസ്സയുടെയോ പേരിൽ ശപഥം ചെയ്തു പോയാൽ- തൻ്റെ തെറ്റ് തിരുത്തിക്കൊണ്ട് അവൻ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന തൗഹീദിൻ്റെ വാചകം നിർബന്ധമായും പറയണം. ബഹുദൈവാരാധനയിൽ നിന്ന് തൻ്റെ അകൽച്ച പ്രഖ്യാപിക്കലും, അവൻ്റെ തെറ്റായ ശപഥത്തിൽ നിന്നുള്ള പ്രായശ്ചിത്തവുമാണ് ആ വാക്ക്. ഇതു പോലെ ചൂതാട്ടത്തിന് വേണ്ടി ഒരാൾ തൻ്റെ കൂട്ടുകാരനെ ക്ഷണിച്ചാൽ എന്തു ചെയ്യണമെന്നും നബി -ﷺ- പഠിപ്പിക്കുന്നു. രണ്ടാളുകളോ അതിൽ കൂടുതലുള്ളവരോ തങ്ങൾക്കിടയിൽ പണം വെച്ചു കൊണ്ട് മത്സരിക്കുകയും, വിജയി എല്ലാ പണവും കൈവശപ്പെടുത്തുകയും ചെയ്യുന്ന, പങ്കെടുത്തവരിൽ ഒരാൾക്ക് ലാഭവും മറ്റൊരാൾക്ക് നഷ്ടവും സംഭവിക്കുന്ന ചൂതാട്ടമെന്ന തിന്മയിലേക്ക് ക്ഷണിച്ചു പോയാൽ താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി അവൻ എന്തെങ്കിലും ദാനം ചെയ്യുന്നത് നല്ലതാണ്.

فوائد الحديث

അല്ലാഹുവിനെ കൊണ്ടും അവൻ്റെ നാമഗുണവിശേഷണങ്ങൾ കൊണ്ടും മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ.

അല്ലാഹുവല്ലാത്തവരെ കൊണ്ട് സത്യം ചെയ്യുക എന്നത് നിഷിദ്ധമാണ്. ലാത്ത, ഉസ്സ പോലുള്ള വിഗ്രഹങ്ങളെ കൊണ്ടോ, സത്യസന്ധത പോലുള്ള സ്വഭാവഗുണങ്ങൾ കൊണ്ടോ, നബി -ﷺ- യെ കൊണ്ടോ മറ്റോ സത്യം ചെയ്യുന്നതെല്ലാം നിഷിദ്ധം തന്നെ.

ഖത്താബീ (റഹി) പറയുന്നു: "സർവ്വരുടെയും ആരാധ്യനായ അല്ലാഹുവിനെ കൊണ്ട് മാത്രമേ ശപഥം ചെയ്യാൻ പാടുള്ളൂ. ലാത്തയുടെ പേരിലോ മറ്റോ ഒരാൾ ശപഥം ചെയ്താൽ അവൻ കാഫിറുകളോട് സദൃശ്യപ്പെടുകയാണ് ചെയ്യുന്നത്. തൗഹീദിൻ്റെ വാക്യമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന സാക്ഷ്യവചനം ഉച്ചരിച്ചു കൊണ്ട് തൻ്റെ തെറ്റു തിരുത്താൻ നബി -ﷺ- കൽപ്പിച്ചത് അതു കൊണ്ടാണ്."

അല്ലാഹുവല്ലാത്തവരുടെ പേരിൽ ശപഥം ചെയ്താൽ അതിൻ്റെ ശപഥം ലംഘിച്ചതിൻ്റെ പ്രായശ്ചിത്തം നൽകേണ്ടതില്ല. മറിച്ച്, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയുമാണ് വേണ്ടത്. കാരണം തൗബ കൊണ്ടല്ലാതെ പൊറുക്കപ്പെടാത്തത്ര ഗുരുതരമായ പാപമാണത്.

ചൂതാട്ടത്തിൻ്റെ എല്ലാ രൂപങ്ങളും ഇനങ്ങളും നിഷിദ്ധമാണ്. അല്ലാഹു മദ്യത്തിനോടും വിഗ്രഹത്തിനോടുമൊപ്പം ചേർത്തു പറയുകയും നിഷിദ്ധമാണെന്നറിയിക്കുകയും ചെയ്ത തിന്മയാണത്.

തിന്മ ചെയ്തയുടനെ അതിൽ നിന്ന് (പശ്ചാത്തപിച്ചു) മടങ്ങുക എന്നത് നിർബന്ധമാണ്.

ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ അവൻ അതിന് ശേഷം ഒരു നന്മ ചെയ്യട്ടെ; കാരണം നന്മകൾ തിന്മകളെ മായ്ച്ചു കളയുന്നതാണ്.

التصنيفات

നിഷിദ്ധമായ പദങ്ങളും നാവിൻ്റെ അപകടങ്ങളും