(സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ…

(സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ മരിക്കുന്നതല്ല. നിങ്ങൾക്കിനി എന്നും ആരോഗ്യമാണ്; ഒരിക്കലും നിങ്ങൾക്ക് അസുഖം ബാധിക്കില്ല. നിങ്ങൾക്കിനി എന്നും യുവത്വമാണ്; നിങ്ങളൊരിക്കലും വൃദ്ധരാവുകയില്ല. നിങ്ങൾക്കിനി എന്നും സുഖിക്കാം; നിങ്ങൾക്കിനിയൊരിക്കലും പ്രയാസമില്ല

അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ-, അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- എന്നിവർ നിവേദനം: നബി -ﷺ- പറഞ്ഞു: "(സ്വർഗക്കാർ സ്വർഗത്തിൽ) പ്രവേശിച്ചാൽ ഒരാൾ വിളിച്ചു പറയും: നിങ്ങൾക്കിനി എന്നെന്നും ജീവിക്കാം; ഒരിക്കലും നിങ്ങൾ മരിക്കുന്നതല്ല. നിങ്ങൾക്കിനി എന്നും ആരോഗ്യമാണ്; ഒരിക്കലും നിങ്ങൾക്ക് അസുഖം ബാധിക്കില്ല. നിങ്ങൾക്കിനി എന്നും യുവത്വമാണ്; നിങ്ങളൊരിക്കലും വൃദ്ധരാവുകയില്ല. നിങ്ങൾക്കിനി എന്നും സുഖിക്കാം; നിങ്ങൾക്കിനിയൊരിക്കലും പ്രയാസമില്ല." അല്ലാഹു ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സ്വർഗക്കാർ സ്വർഗീയാസ്വാദനങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ വിളിച്ചു പറയുന്നതാണ്: നിങ്ങൾ ഇനി എന്നും ആരോഗ്യമുള്ളവരായിരിക്കും; ഒരിക്കലും നിങ്ങൾക്ക് ഒരു രോഗവും -എത്ര ചെറിയ രോഗമാണെങ്കിൽ പോലും- ബാധിക്കുകയില്ല. നിങ്ങൾക്ക് സ്വർഗത്തിൽ ഇനിയെന്നെന്നും ജീവിക്കാം; ഇവിടെ നിങ്ങൾ ഒരിക്കലും മരണം അനുഭവിക്കുകയില്ല. ചെറിയ മരണമായ ഉറക്കം പോലും നിങ്ങൾക്ക് ഇനിയുണ്ടാവുകയില്ല. നിങ്ങൾക്ക് ഇവിടെ എന്നും യുവത്വമായിരിക്കും; നിങ്ങൾ ഇവിടെ ഒരിക്കലും വാർദ്ധക്യം പ്രാപിക്കുകയില്ല. ഇവിടെ നിങ്ങൾക്ക് ഇനി എന്നും സുഖാസ്വാദനങ്ങളും നിലക്കാത്ത അനുഗ്രഹങ്ങളുമായിരിക്കും; ഇനിയൊരിക്കലും ദുഃഖമോ പ്രയാസമോ നിങ്ങളെ ബാധിക്കുകയില്ല. അല്ലാഹു വിശുദ്ധ ഖുർആനിൽ അതിനെ കുറിച്ചാണ് ഇപ്രകാരം പറഞ്ഞത്: "അവരോട് വിളിച്ചുപറയപ്പെടുകയും ചെയ്യും: അതാ, സ്വര്‍ഗം. നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിന്‍റെ ഫലമായി നിങ്ങള്‍ അതിന്‍റെ അവകാശികളാക്കപ്പെട്ടിരിക്കുന്നു." (അഅ്റാഫ്: 43)

فوائد الحديث

ഇഹലോകത്തുള്ള ഏതൊരു സുഖാനുഗ്രഹങ്ങളും -അതിൽ എത്രയെല്ലാം ഒരാൾക്ക് നേടിയെടുക്കാൻ സാധിച്ചാലും- നാല് വമ്പിച്ച പ്രയാസങ്ങളോടൊപ്പമല്ലാതെ ഉണ്ടാവുകയില്ല. രോഗവും, മരണവും, വാർദ്ധക്യവും, ശത്രുവിനെയോ ദാരിദ്ര്യത്തെയോ യുദ്ധത്തെയോ മറ്റോ ആലോചിച്ചുണ്ടാകുന്ന പ്രയാസവും ദുഃഖങ്ങളുമാണവ. ഈ നാല് കാര്യങ്ങളിൽ നിന്നും സ്വർഗക്കാർ മോചിതരായിരിക്കും എന്നതിനാൽ അവർക്ക് ഏറ്റവും പരിപൂർണ്ണമായ സുഖാനുഗ്രഹങ്ങളായിരിക്കും ഉണ്ടാകുക.

ഇഹലോകത്തുള്ള സുഖാനുഗ്രഹങ്ങളിൽ നിന്നും സ്വർഗീയാനുഗ്രഹങ്ങൾ തീർത്തും വ്യത്യസ്തമായിരിക്കും. കാരണം സ്വർഗത്തിലെ ഒരു അനുഗ്രഹത്തിനോടൊപ്പവും യാതൊരു ഭയവും ഉണ്ടാവുകയില്ല. എന്നാൽ ഇഹലോകത്തുള്ള ഏതൊരു അനുഗ്രഹവും എന്നെന്നും ഉണ്ടാവുകയില്ല എന്നതിനൊപ്പം, വേദനകളും രോഗങ്ങളും അവക്കിടയിൽ കല്ലുകടിയായി വരും എന്ന വസ്തുതയുമുണ്ട്.

സ്വർഗത്തിലെ അനുഗ്രഹങ്ങളിലേക്ക് എത്തിക്കുന്ന സൽപ്രവർത്തനങ്ങളിൽ മുഴുകാനുള്ള പ്രേരണയും പ്രോത്സാഹനവും.

التصنيفات

സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ