ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്

ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്

അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- -നബി -ﷺ- യോടൊപ്പം പന്ത്രണ്ട് യുദ്ധങ്ങളിൽ പങ്കെടുത്ത വ്യക്തിയാണ് അദ്ദേഹം- നിവേദനം ചെയ്യുന്നു: നാല് കാര്യങ്ങൾ നബി -ﷺ- യിൽ നിന്ന് ഞാൻ കേൾക്കുകയും, അവ എനിക്ക് പ്രിയങ്കരമാവുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: "ഒരു സ്ത്രീ അവളുടെ ഭർത്താവോ (വിവാഹബന്ധം നിഷിദ്ധമായ) മഹ്റമോ ഇല്ലാതെ രണ്ട് ദിവസം ദൂരമുള്ള യാത്ര ചെയ്യരുത്. രണ്ട് ദിവസങ്ങളിൽ നോമ്പെടുക്കരുത്; ചെറിയ പെരുന്നാൾ ദിവസവും, ബലിപെരുന്നാൾ ദിവസവും. സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും, അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും നിസ്കാരമില്ല. മൂന്ന് മസ്ജിദുകളിലേക്കല്ലാതെ പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്തുകൂടാ; മസ്ജിദുൽ ഹറാം, മസ്ജിദുൽ അഖ്സ്വാ, എൻ്റെ ഈ മസ്ജിദ് (അൽ മസ്ജിദുന്നബവി)."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

നാല് കാര്യങ്ങളിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. ഒന്ന്: മുസ്‌ലിമായ ഒരു സ്ത്രീ അവളുടെ ഭർത്താവിൻ്റെയോ അവൾക്ക് വിവാഹബന്ധം നിഷിദ്ധമായ മഹ്റമുകളിൽ പെട്ട ആരുടെയെങ്കിലുമോ കൂടെയെല്ലാതെ രണ്ട് ദിവസം ദൈർഘ്യമുള്ള യാത്രകൾ നടത്തുന്നത് അവിടുന്ന് വിലക്കി. സഹോദരൻ, പിതാവ്, സഹോദരപുത്രൻ, സഹോദരീപുത്രൻ, പിതൃസഹോദരൻ, മാതൃസഹോദരൻ തുടങ്ങി വിവാഹബന്ധം സ്ഥിരമായി നിഷിദ്ധമായവരാണ് ഇവിടെ പരിഗണിക്കപ്പെടുന്ന മഹ്റമുകൾ. രണ്ട്: ചെറിയ പെരുന്നാൾ ദിവസവും വലിയ പെരുന്നാൾ ദിവസവും നോമ്പ് നോൽക്കുന്നതിൽ നിന്ന് നബി -ﷺ- വിലക്കിയിരിക്കുന്നു. അത് നേർച്ചയുടെ ഭാഗമോ, സുന്നത്തായ നോമ്പ് എന്ന നിലക്കോ, പ്രായശ്ചിത്തത്തിൻ്റെ ഭാഗമായോ ആയാലും ശരി. മൂന്ന്: അസ്വർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയും, സുബ്ഹ് നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെയും നിസ്കരിക്കുന്നത് നബി -ﷺ- വിലക്കുന്നു. നാല്: നബി -ﷺ- എടുത്തു പറഞ്ഞ മൂന്ന് മസ്ജിദുകളിലേക്കല്ലാതെ, ഏതെങ്കിലും ഒരു സ്ഥലത്തേക്ക് പുണ്യവും ശ്രേഷ്ഠതയും നന്മകൾക്ക് കൂടുതൽ പ്രതിഫലവും നൽകപ്പെടുമെന്ന പ്രതീക്ഷയോടെ യാത്ര ചെയ്യാൻ പാടില്ലെന്ന് അവിടുന്ന് അറിയിക്കുന്നു. ഏതെങ്കിലുമൊരു മസ്ജിദിൽ നിസ്കരിക്കാൻ എന്ന പ്രത്യേക ഉദ്ദേശ്യത്തോടെ ദീർഘ യാത്ര പോകാൻ പാടില്ല. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വാ എന്നീ മൂന്ന് മസ്ജിദുകളിൽ മാത്രമേ പുണ്യം അധികമായി നൽകപ്പെടുകയുള്ളൂ.

فوائد الحديث

സ്ത്രീകൾ വിവാഹബന്ധം നിഷിദ്ധമായ മഹ്റമില്ലാതെ യാത്ര ചെയ്യൽ അനുവദനീയമല്ല.

സ്ത്രീകൾക്ക് സ്ത്രീകൾ തന്നെ മഹ്റമാവുകയില്ല; 'ഭർത്താവോ മഹ്റമായ പുരുഷനോ' എന്ന് നബി -ﷺ- തെളിച്ചു പറഞ്ഞതിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം.

യാത്ര എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു സഞ്ചാരവും സ്ത്രീകൾക്ക് പാടില്ല; ഒപ്പം ഭർത്താവോ മഹ്റമായ പുരുഷനോ ഉണ്ടെങ്കിലല്ലാതെ. (ഈ ഹദീഥിൽ രണ്ട് ദിവസം എന്നു പറഞ്ഞത്) ചോദ്യകർത്താവിൻ്റെ അവസ്ഥയും താമസസ്ഥലവും പരിഗണിച്ചു കൊണ്ടാണ്.

സ്ത്രീയുടെ മഹ്റമാകുക അവളുടെ ഭർത്താവും, എന്നെന്നേക്കുമായി വിവാഹബന്ധം നിഷിദ്ധമായ പുരുഷന്മാരുമാണ്. വിവാഹബന്ധം നിഷിദ്ധമാകുന്നത് മൂന്നു രൂപത്തിലാണ്. (1) കുടുംബബന്ധത്തിലൂടെ നിഷിദ്ധമാകുന്നവർ; പിതാവ്, മകൻ, പിതൃസഹോദരൻ, മാതൃസഹോദരൻ എന്നിവർ അതിൽ ഉൾപ്പെടും. (2) മുലകുടിബന്ധത്തിലൂടെ വിവാഹബന്ധം നിഷിദ്ധമാകുന്നവർ; മുലകുടിബന്ധത്തിലെ പിതാവ്, മുലകുടി ബന്ധത്തിലെ പിതൃസഹോദരൻ എന്നിവർ ഉദാഹരണം. (3) വിവാഹബന്ധത്തിലൂടെ (വിവാഹം) നിഷിദ്ധമാകുന്നവർ; ഭർതൃപിതാവ് ഉദാഹരണം. മഹ്റം പ്രായപൂർത്തിയെത്തിയ, ബുദ്ധിയും വിവേകവുമുള്ള, വിശ്വസ്തനും സത്യസന്ധനുമായ മുസ്‌ലിമായ പുരുഷനായിരിക്കണം. മഹ്റം ഒപ്പമുണ്ടായിരിക്കണം എന്ന നിയമം നിശ്ചയിക്കപ്പെട്ടത് സ്ത്രീയുടെ പരിരക്ഷയും സുരക്ഷയും പരിഗണിച്ചു കൊണ്ടും, അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കാൻ ഒരാൾ വേണം എന്ന നിലക്കുമാണ്.

ഇസ്‌ലാമിക മതവിധികൾ സ്ത്രീകളുടെ അവസ്ഥകളെ പരിഗണിക്കുകയും, അവൾക്ക് സുരക്ഷയും സംരക്ഷണവും ഏകുകയും ചെയ്യുന്നു.

സുബ്ഹ് നിസ്കാരത്തിനും, അസ്വർ നിസ്കാരത്തിനും ശേഷം സുന്നത്തായ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നത് സാധുവാകില്ല. എന്നാൽ മുൻപ് നഷ്ടമായ ഫർദ്വ് നിസ്കാരങ്ങൾ വീട്ടുക എന്നതോ, തഹിയ്യത്ത് നിസ്കാരം പോലെ എന്തെങ്കിലുമൊരു പുതിയ സാഹചര്യം കാരണത്താൽ നിസ്കരിക്കേണ്ടി വരുന്നതോ ആയ സുന്നത്തുകൾ ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല.

സൂര്യൻ ഉദിച്ച തൊട്ടുടനെ നിസ്കരിക്കുന്നത് നിഷിദ്ധമാണ്; മറിച്ച് സൂര്യൻ ഒരു കുന്തത്തിനോളം ഉയർന്നു പൊങ്ങുന്നത് വരെ കാത്തിരിക്കണം. സൂര്യോദയത്തിന് ശേഷം ഏതാണ്ട് പത്തു മുതൽ പതിനഞ്ച് മിനിട്ട് വരെയാണ് ഈ സമയം.

അസ്വർ നിസ്കാരത്തിൻ്റെ സമയം സൂര്യൻ അസ്തമിക്കുന്നത് വരെയുണ്ട്.

ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് മസ്ജിദുകളിലേക്ക് പുണ്യം പ്രതീക്ഷിച്ച് യാത്ര ചെയ്യൽ അനുവദനീയമാണ്.

ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് മസ്ജിദുകളുടെ ശ്രേഷ്ഠതയും, മറ്റു മസ്ജിദുകളെക്കാൾ അവക്കുള്ള പ്രത്യേകതയും.

ഖബ്ർ സന്ദർശനം എന്ന ലക്ഷ്യത്തോടെ യാത്ര ചെയ്യൽ അനുവദനീയമല്ല; നബി -ﷺ- യുടെ ഖബ്റാണെങ്കിൽ പോലും. എന്നാൽ മദീനയിലുള്ളവർക്ക് ഖബ്ർ സിയാറത്ത് ചെയ്യൽ അനുവദനീയമാണ്. അതല്ലെങ്കിൽ മദീനയിലേക്ക് എന്തെങ്കിലുമൊരു അനുവദനീയമായ ഉദ്ദേശ്യത്തോടെയോ മതപരമായ മറ്റെന്തെങ്കിലും കാരണത്താലോ വന്നെത്തിയാലും ഖബ്ർ സിയാറത്ത് ചെയ്യാം.

التصنيفات

മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സാ എന്നിവടങ്ങളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ, സ്ത്രീകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ, മക്കയുടെയും മദീനയുടെയും അഖ്സ്വായുടെയും ചരിത്രം