നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അഞ്ചു നേരത്തെ നിങ്ങളുടെ നിസ്കാരങ്ങൾ നിർവ്വഹിക്കുകയും, നിങ്ങളുടെ നോമ്പ്…

നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അഞ്ചു നേരത്തെ നിങ്ങളുടെ നിസ്കാരങ്ങൾ നിർവ്വഹിക്കുകയും, നിങ്ങളുടെ നോമ്പ് അതിൻ്റെ മാസത്തിൽ അനുഷ്ഠിക്കുകയും, നിങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും, നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങളുടെ റബ്ബിൻ്റെ സ്വർഗത്തിൽ നിങ്ങൾക്ക് പ്രവേശിക്കാം

അബൂ ഉമാമഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അവിടുത്തെ വിടവാങ്ങൽ ഹജ്ജിൽ (ഹജ്ജതുൽ വദാഇൽ) ഇപ്രകാരം പ്രസംഗിക്കുന്നത് ഞാൻ കേട്ടു. "നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അഞ്ചു നേരത്തെ നിങ്ങളുടെ നിസ്കാരങ്ങൾ നിർവ്വഹിക്കുകയും, നിങ്ങളുടെ നോമ്പ് അതിൻ്റെ മാസത്തിൽ അനുഷ്ഠിക്കുകയും, നിങ്ങളുടെ സമ്പത്തിലെ സകാത്ത് നൽകുകയും, നിങ്ങളുടെ ഭരണാധികാരികളെ അനുസരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങളുടെ റബ്ബിൻ്റെ സ്വർഗത്തിൽ നിങ്ങൾക്ക് പ്രവേശിക്കാം."

[സ്വഹീഹ്] [ഇബ്നു ഹിബ്ബാൻ ഉദ്ധരിച്ചത് - തുർമുദി ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്]

الشرح

ഹജ്ജതുൽ വദാഇൽ, അറഫഃ ദിവസം നബി -ﷺ- ഒരു പ്രഭാഷണം നടത്തുകയുണ്ടായി. ഹിജ്റ പത്താം വർഷത്തിലായിരുന്നു അത്. നബി -ﷺ- ജനങ്ങളോട് വിടവാങ്ങൽ നടത്തിയ ഹജ്ജായതിനാലാണ് ഹജ്ജതുൽ വദാഅ് എന്ന് അതിന് പേര് വന്നത്. അല്ലാഹുവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിച്ചൂ കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കണമെന്നും, രാവിലെയും രാത്രിയിലുമായി നിർവ്വഹിക്കണമെന്ന് അല്ലാഹു നിർബന്ധമാക്കിയിട്ടുള്ള അഞ്ചു നേരത്തെ നിസ്കാരങ്ങൾ നിർവ്വഹിക്കണമെന്നും അവിടുന്ന് അവരോട് കൽപ്പിച്ചു. റമദാൻ മാസത്തിലെ നോമ്പ് അനുഷ്ഠിക്കാനും, തങ്ങളുടെ സമ്പത്തിൽ നിന്നുള്ള സകാത്ത് അതിന് അർഹതപ്പെട്ടവർക്ക് നൽകാനും, അതിൽ പിശുക്ക് കാണിക്കാതിരിക്കാനും അല്ലാഹു അവരുടെ ഭരണകാര്യങ്ങൾ ഏൽപ്പിച്ചു നൽകിയിട്ടുള്ളവരെ -അല്ലാഹുവിനെ ധിക്കരിക്കുക എന്നതിലൊഴികെ- അനുസരിക്കാനും അവിടുന്ന് അവരോട് കൽപ്പിച്ചു. ഈ പറയപ്പെട്ട കാര്യങ്ങൾ ഒരാൾ പ്രവർത്തിച്ചാൽ അവന് സ്വർഗപ്രവേശനം പ്രതിഫലമായി ലഭിക്കുമെന്നും നബി -ﷺ- അറിയിച്ചു.

فوائد الحديث

ഹദീഥിൽ പരാമർശിക്കപ്പെട്ട പ്രവർത്തനങ്ങൾ സ്വർഗത്തിൽ പ്രവേശിക്കാനുള്ള കാരണങ്ങളിൽ പെട്ടതാണ്.

التصنيفات

സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ