ഇസ്‌ലാമെന്നാൽ നീ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി…

ഇസ്‌ലാമെന്നാൽ നീ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും, നിനക്ക് സാധിക്കുമെങ്കിൽ കഅ്ബയിൽ ചെന്ന് ഹജ്ജ് നിർവ്വഹിക്കലുമാണ്

ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരു ദിവസം ഞങ്ങൾ നബി ﷺ യുടെ അരികിൽ ഉണ്ടായിരിക്കെ ഒരാൾ അവിടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ടു. തൂവെള്ള വസ്ത്രവും, കറുകറുത്ത മുടിയുമുള്ള അയാളുടെ മേൽ യാത്രയുടെ ഒരടയാളവും കാണാനുണ്ടായിരുന്നില്ല. (എന്നാൽ) ഞങ്ങളിലൊരാൾക്കും അദ്ദേഹത്തെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി ﷺ യുടെ അരികിൽ വന്നിരിക്കുകയും, തൻ്റെ രണ്ട് മുട്ടുകാലുകളും അവിടുത്തെ മുട്ടുകാലിലേക്ക് ചേർത്തു വെക്കുകയും, തൻ്റെ രണ്ട് കൈപ്പത്തികളും അവിടുത്തെ തുടയുടെ മേൽ വെക്കുകയും ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു: "ഹേ മുഹമ്മദ്! എനിക്ക് ഇസ്‌ലാമിനെ കുറിച്ച് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "ഇസ്‌ലാമെന്നാൽ നീ 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിൻ്റെ ദൂതനാണെന്നും) സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും, നിനക്ക് സാധിക്കുമെങ്കിൽ കഅ്ബയിൽ ചെന്ന് ഹജ്ജ് നിർവ്വഹിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "അദ്ദേഹത്തിൻ്റെ കാര്യത്തിൽ ഞങ്ങൾ അത്ഭുതം കൂറി; അദ്ദേഹം തന്നെ നബി ﷺ യോട് ചോദിക്കുകയും, അദ്ദേഹം തന്നെ അവിടുത്തെ സത്യപ്പെടുത്തുകയും ചെയ്യുന്നു!" ശേഷം ആഗതൻ പറഞ്ഞു: "ഇനി ഈമാനിനെ കുറിച്ച് എനിക്ക് പറഞ്ഞുതരിക." നബി ﷺ പറഞ്ഞു: "(ഈമാൻ എന്നാൽ) നീ അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും, അന്ത്യനാളിലും വിശ്വസിക്കലാണ്. അല്ലാഹുവിൻ്റെ വിധിയിലും, അതിലെ നന്മയിലും തിന്മയിലും വിശ്വസിക്കലുമാണ്." ആഗതൻ പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ശേഷം അദ്ദേഹം ചോദിച്ചു: "ഇനി ഇഹ്സാനിനെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "നീ അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണ്; നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്." ആഗതൻ പറഞ്ഞു: "ഇനി അന്ത്യനാളിനെ കുറിച്ച് എനിക്ക് അറിയിച്ചു തരിക." നബി ﷺ പറഞ്ഞു: "ചോദിക്കപ്പെട്ട വ്യക്തി ചോദിക്കുന്നയാളെക്കാൾ അതിനെ കുറിച്ച് അറിവുള്ളവനല്ല." അദ്ദേഹം പറഞ്ഞു: "എങ്കിൽ അതിൻ്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് പറഞ്ഞു തരിക." നബി ﷺ പറഞ്ഞു: "അടിമസ്ത്രീ അവളുടെ ഉടമസ്ഥനെ പ്രസവിക്കുന്നത് നീ കാണലാണ് (അതിൻ്റെ അടയാളം). നഗ്നപാദരും വിവസ്ത്രരും ദരിദ്രരുമായ ആട്ടിടയന്മാർ തങ്ങളുടെ കെട്ടിടങ്ങളുടെ പേരിൽ മത്സരിക്കുന്നത് നീ കാണലും (അതിൻ്റെ അടയാളമാണ്)." ഉമർ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "ശേഷം അദ്ദേഹം അവിടെ നിന്ന് പോയി. അങ്ങനെ ഞാൻ അവിടെ കുറച്ചു നേരം കഴിച്ചു കൂട്ടി." പിന്നീട് നബി ﷺ എന്നോട് ചോദിച്ചു: "ഹേ ഉമർ! ആ ചോദ്യകർത്താവ് ആരാണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവും അറിയുക." നബി ﷺ പറഞ്ഞു: "അത് ജിബ്രീലായിരുന്നു; നിങ്ങളുടെ ദീൻ നിങ്ങളെ പഠിപ്പിക്കുന്നതിനാണ് അദ്ദേഹം നിങ്ങളിലേക്ക് വന്നത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ജിബ്രീൽ -عَلَيْهِ السَّلَامُ- സ്വഹാബികൾക്കിടയിലേക്ക് പരിചയമില്ലാത്ത ഒരാളുടെ രൂപത്തിൽ വന്ന സംഭവമാണ് ഈ ഹദീഥിലൂടെ ഉമർ ബ്‌നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- വിവരിക്കുന്നത്. കറുകറുത്ത മുടിയും, തൂവെള്ള വസ്ത്രവുമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. യാത്ര കഴിഞ്ഞെത്തിയതിൻ്റെ അടയാളങ്ങളൊന്നും ആഗതൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ല; ക്ഷീണമോ വസ്ത്രത്തിൽ പൊടിപടലങ്ങളോ ജഢപിടിച്ച മുടിയോ മുഷിഞ്ഞ വസ്ത്രമോ ഒന്നുമില്ല. അവിടെ കൂടിയിരുന്ന സ്വഹാബികൾക്കാർക്കും അദ്ദേഹത്തെ പരിചയവുമില്ല. നബി ﷺ യുടെ അരികിൽ അവർ കൂടിയിരിക്കുന്ന വേളയിൽ അദ്ദേഹം കയറിവരികയും, നബി ﷺ യുടെ മുൻപിൽ ഒരു വിദ്യാർത്ഥിയുടെ മര്യാദകളോടെ ഇരിക്കുകയും ചെയ്തു. ശേഷം നബി ﷺ യോട് ഇസ്‌ലാമിനെ കുറിച്ച് അദ്ദേഹം ചോദിച്ചു. ഇസ്‌ലാമിലെ പഞ്ചസ്തംഭങ്ങളെ കുറിച്ച് പറഞ്ഞു കൊടുക്കുകയാണ് നബി ﷺ അതിന് മറുപടിയായി ചെയ്തത്. രണ്ട് സാക്ഷ്യവചനങ്ങൾ (അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്) അംഗീകരിച്ച് ഉച്ചരിക്കലും, അഞ്ചു നേരത്തെ നമസ്കാരങ്ങൾ ശ്രദ്ധയോടെ നിർവ്വഹിക്കലും, അർഹരായവർക്ക് നിർബന്ധദാനമായ സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പെടുക്കലും, കഴിവും ശേഷിയുമുള്ളവർ ഹജ്ജ് നിർവ്വഹിക്കലുമാണ് ഇസ്‌ലാമിൻ്റെ പഞ്ചസ്തംഭങ്ങൾ. ഇത് കേട്ടപ്പോൾ ചോദ്യകർത്താവ് പറഞ്ഞു: "താങ്കൾ പറഞ്ഞത് സത്യമാണ്." കേൾവിക്കാരായ സ്വഹാബികൾക്ക് ഈ മറുപടി അത്ഭുതമുണ്ടാക്കി. കാരണം ചോദിക്കുന്ന വിഷയത്തെ കുറിച്ച് അറിവില്ലാത്തവരാണല്ലോ സാധാരണയായി ചോദിക്കാറുള്ളത്; എന്നാൽ ഇദ്ദേഹം ചോദ്യം ചോദിക്കുകയും ശേഷം ഉത്തരം ശരിവെക്കുകയും ചെയ്യുന്നു. ഇതെങ്ങനെ ശരിയാകും? ശേഷം ഈമാനിനെ കുറിച്ചാണ് അദ്ദേഹം നബി ﷺ യോട് ചോദിച്ചത്. ആറ് വിശ്വാസകാര്യങ്ങളാണ് അതിനുള്ള ഉത്തരമായി നബി ﷺ പറഞ്ഞു കൊടുത്തത്. അല്ലാഹുവിലുള്ള വിശ്വാസമാണ് അതിൽ ആദ്യത്തേത്; അല്ലാഹു ഉണ്ട് എന്ന് വിശ്വസിക്കലും, അവൻ്റെ വിശേഷണങ്ങളിൽ വിശ്വസിക്കലും, സൃഷ്ടിക്കുക എന്നത് പോലുള്ള അല്ലാഹുവിൻ്റെ പ്രവർത്തികളിൽ അവൻ ഏകനാണെന്ന് വിശ്വസിക്കലും, ആരാധനകൾ അവന് മാത്രം സമർപ്പിക്കലും അല്ലാഹുവിലുള്ള വിശ്വാസത്തിൻ്റെ ഭാഗമാണ്. രണ്ടാമത്തേത് മലക്കുകളിലുള്ള വിശ്വാസമാണ്; അല്ലാഹു പ്രകാശത്തിൽ നിന്ന് സൃഷ്ടിച്ച ഈ വിഭാഗത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിങ്കൽ ആദരണീയരാണ് അവരെന്നും, അല്ലാഹുവിനെ ധിക്കരിക്കാതെ അവൻ്റെ കൽപ്പനകൾ അനുസരിക്കുക മാത്രം ചെയ്യുന്നവരാണ് മലക്കുകളെന്നുമുള്ള വിശ്വാസം അതിൽ പെട്ടതാണ്. മൂന്നാമത് വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസമാണ്; അല്ലാഹു അവൻ്റെ ദൂതന്മാർക്ക് മേൽ അവതരിപ്പിച്ച ഗ്രന്ഥങ്ങളുണ്ടെന്നും, ഖുർആനും തൗറാത്തും ഇഞ്ചീലും പോലുള്ള ഗ്രന്ഥങ്ങൾ അതിൽ പെട്ടതാണെന്നും ഓരോ മുസ്‌ലിമും വിശ്വസിക്കണം. നാലാമത് അല്ലാഹുവിൻ്റെ ദൂതന്മാരിലുള്ള വിശ്വാസമാണ്; അല്ലാഹുവിൽ നിന്നുള്ള മതത്തെ കുറിച്ച് ജനങ്ങൾക്ക് അറിയിച്ചു കൊടുക്കുന്ന അവൻ്റെ ദൂതന്മാരുണ്ട് എന്നും, നൂഹ്, ഇബ്രാഹീം, മൂസാ, ഈസാ എന്നിങ്ങനെയുള്ള നബിമാർ അവരിൽ പെട്ടവരാണെന്നും, നബിമാരിൽ അന്തിമനാണ് മുഹമ്മദ് നബി ﷺ യെന്നുമുള്ള വിശ്വാസം അതിൽ പെട്ടതാണ്. അഞ്ചാമത് അന്ത്യനാളിലുള്ള വിശ്വാസമാണ്; മരണത്തിന് ശേഷം ഖബ്റിൽ 'ബർസഖീ' ജീവിതമുണ്ട് എന്നും, മനുഷ്യൻ മരണത്തിന് ശേഷം ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും വിചാരണ നേരിടേണ്ടി വരികയും ചെയ്യുന്നതാണെന്നും, അവൻ്റെ പര്യവസാനം ഒന്നല്ലെങ്കിൽ സ്വർഗത്തിലേക്കോ അല്ലെങ്കിൽ നരകത്തിലേക്കോ ആയിരിക്കുമെന്നും അവൻ വിശ്വസിച്ചിരിക്കണം. ആറാമത്തേത് അല്ലാഹുവിൻ്റെ വിധിയിലുള്ള വിശ്വാസമാണ്; അല്ലാഹു എല്ലാ കാര്യങ്ങളും മുൻകൂട്ടി അറിയുകയും, അവൻ്റെ യുക്തിക്ക് അനുയോജ്യമായി അവൻ നിർണ്ണയിക്കുകയും വിധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നും, അവൻ വിധിച്ചതും ഉദ്ദേശിച്ചതും സൃഷ്ടിച്ചതും പ്രകാരം മാത്രമേ എല്ലാ കാര്യങ്ങളും ഉണ്ടാവുകയുള്ളൂ എന്നും വിശ്വസിക്കൽ അതിൽ പെട്ടതാണ്. ശേഷം ഇഹ്സാൻ എന്ന പദവിയെ കുറിച്ചാണ് അദ്ദേഹം നബി ﷺ യോട് ചോദിച്ചത്; അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ അവനെ ആരാധിക്കലാണ് അത് കൊണ്ട് ഉദ്ദേശ്യം എന്ന് നബി ﷺ പറഞ്ഞു. ഈ പദവിയിലേക്കും ഉന്നതമായ സ്ഥാനത്തിലേക്കും ഒരാൾക്ക് എത്താൻ കഴിയുന്നില്ലെങ്കിൽ അല്ലാഹു തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട് എന്ന ബോധ്യത്തോടെ അവൻ അല്ലാഹുവിനെ ആരാധിച്ചു കൊള്ളട്ടെ എന്നും നബി ﷺ തുടർന്ന് അറിയിക്കുന്നു. ഒന്നാമത്തേത് അല്ലാഹുവിനെ കാണുന്നുണ്ട് എന്നത് പോലെ ആരാധിക്കുന്ന പദവിയാണ്; മുശാഹദഃ എന്ന് അതിനെ വിശേഷിപ്പിക്കാം. ഇതാണ് ഏറ്റവും ഉന്നതമായ പദവി. രണ്ടാമത്തേത് അല്ലാഹു തന്നെ വീക്ഷിക്കുന്നുണ്ട് എന്ന സ്ഥിരമായ ബോധ്യമാണ്; അതിനെ മുറാഖബഃ എന്നും വിശേഷിപ്പിക്കാം. അടുത്ത ചോദ്യം എന്നാണ് അന്ത്യനാൾ സംഭവിക്കുക എന്നതായിരുന്നു. അല്ലാഹുവിന് മാത്രം അറിയാവുന്ന, ഒരാൾക്കും അവൻ അറിയിച്ചു കൊടുത്തിട്ടില്ലാത്ത കാര്യമാണ് അത് എന്നും, സൃഷ്ടികളിൽ ഒരാൾക്കും അക്കാര്യം അറിയുകയില്ലെന്നും നബി ﷺ അതിന് മറുപടിയായി പറഞ്ഞു. ചോദ്യകർത്താവിനോ ചോദ്യം കേൾക്കുന്ന വ്യക്തിക്കോ അതിനെ കുറിച്ച് യാതൊരു വിവരവുമില്ല. ശേഷം അന്ത്യനാളിൻ്റെ അടയാളങ്ങളെ കുറിച്ച് നബി ﷺ യോട് അദ്ദേഹം ചോദിച്ചു. 'അടിമസ്ത്രീ തൻ്റെ ഉടമസ്ഥനെ പ്രസവിക്കുക' എന്നതാണ് ഒന്നാമത്തെ അടയാളം; അടിമസ്ത്രീകളും അവരുടെ സന്താനങ്ങളും അധികരിക്കലാണ് അതിൻ്റെ ഉദ്ദേശ്യം എന്നും, മാതാവിനോട് അടിമകളെ പോലെ പെരുമാറുന്ന ധിക്കാരികളായ മക്കൾ ഉണ്ടാകലാണ് അതിൻ്റെ ഉദ്ദേശ്യം എന്നും ഈ പ്രയോഗത്തിന് വിശദീകരണം പറയപ്പെട്ടിട്ടുണ്ട്. ആടുകളെ മേയ്ക്കുന്നവരും ദരിദ്രരുമായവർക്ക് ഭൗതിക സമ്പത്തിൽ വിശാലത നൽകപ്പെടുകയും, തങ്ങളുടെ കെട്ടിടങ്ങളുടെ നിർമ്മാണത്തിലും അലങ്കാരങ്ങളിലും അവർ പൊങ്ങച്ചം നടിക്കാൻ ആരംഭിക്കുകയും ചെയ്യുമെന്നതാണ് രണ്ടാമത്തെ അടയാളം. ഈ ചോദ്യകർത്താവ് ജിബ്രീലായിരുന്നു എന്നും, സ്വഹാബികൾക്ക് അവരുടെ ദീൻ പഠിപ്പിച്ചു നൽകുന്നതിനാണ് അദ്ദേഹം വന്നെത്തിയത് എന്നും നബി ﷺ പിന്നീട് അറിയിച്ചു.

فوائد الحديث

നബി ﷺ യുടെ മാന്യമായ സ്വഭാവം; അവിടുന്ന് തൻ്റെ അനുചരന്മാർക്കിടയിൽ, അവർക്കൊപ്പം ഇരിക്കാറുണ്ടായിരുന്നു.

ചോദ്യകർത്താവിനോട് സൗമ്യമായി പെരുമാറുകയും, അവരെ അടുപ്പിക്കുകയും ചെയ്യണം; പേടിയില്ലാതെ സ്വതന്ത്രമായി ചോദിക്കാൻ അപ്പോഴാണ് അവർക്ക് സാധിക്കുക.

അദ്ധ്യാപകരോട് പാലിക്കേണ്ട മര്യാദകൾ ജിബ്രീൽ -عَلَيْهِ السَّلَامُ- യുടെ പെരുമാറ്റത്തിൽ പ്രകടമാണ്; നബി ﷺ യുടെ മുൻപിൽ വളരെ മര്യാദയുടെ ഒരു വിദ്യാർത്ഥിയുടെ രൂപത്തിലാണ് അദ്ദേഹം ഇരുന്നത്.

ഇസ്‌ലാമിൻ്റെ അടിത്തറകൾ അഞ്ചു കാര്യങ്ങളും, ഈമാനിൻ്റെ അടിത്തറകൾ ആറു കാര്യങ്ങളുമാണ്.

ഇസ്‌ലാം, ഈമാൻ എന്നീ പദങ്ങൾ ഒരുമിച്ചു വരുമ്പോൾ ഇസ്‌ലാം എന്നത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ബാഹ്യമായ പ്രവർത്തനങ്ങളും, ഈമാൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഹൃദയാന്തരത്തിലെ വിശ്വാസവുമാണ്.

ദീൻ വ്യത്യസ്ത പദവികളും ഘട്ടങ്ങളുമുള്ളതാണ്; ഒന്നാമത്തെ പദവി ഇസ്‌ലാം. രണ്ടാമത്തേത് ഈമാൻ. മൂന്നാമത്തേതും ഏറ്റവും ഉന്നതമായതുമായ പദവി; ഇഹ്സാൻ.

ചോദ്യകർത്താവിന് ഉത്തരം അറിയില്ല എന്നതാണ് പൊതുവായ സ്ഥിതി. കാരണം അറിവില്ലായ്‌മ പരിഹരിക്കുന്നതിനാകുമല്ലോ അവർ ചോദിക്കുന്നത്? ഇത് കൊണ്ടാണ് ചോദ്യകർത്താവ് തന്നെ 'ഉത്തരം ശരിയാണ്' എന്ന് പറഞ്ഞത് സ്വഹാബികൾക്ക് അത്ഭുതം സൃഷ്ടിച്ചത്.

ഏറ്റവും പ്രാധാന്യമുള്ളത് ആദ്യവും, അതിന് ശേഷമുള്ളത് പിന്നീടും ക്രമപ്പെടുത്തുക. ഇസ്‌ലാമിനെ വിശദീകരിച്ചപ്പോൾ ആദ്യം നബി ﷺ ശഹാദത്ത് കലിമ പറഞ്ഞതിൽ നിന്നും, ഈമാനിനെ വിശദീകരിച്ചപ്പോൾ ആദ്യം അവിടുന്ന് അല്ലാഹുവിലുള്ള വിശ്വാസം പറഞ്ഞതിൽ നിന്നും അക്കാര്യം മനസ്സിലാക്കാം.

നിനക്ക് അറിയുന്ന കാര്യവും ഒരു പണ്ഡിതനോട് ചോദിക്കാം; അതിലൂടെ ചിലപ്പോൾ നിൻ്റെ ചുറ്റുമുള്ളവർക്ക് പഠിക്കാൻ വഴിയൊരുങ്ങിയേക്കും.

അന്ത്യനാൾ എപ്പോഴാണ് സംഭവിക്കുക എന്നതിനെ കുറിച്ചുള്ള വിവരം അല്ലാഹുവിന് മാത്രം അറിയുന്ന കാര്യമാണ്.

التصنيفات

വിശ്വാസം