ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ…

ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു

അഗർ (رضي الله عنه) നിവേദനം -നബി (ﷺ) യുടെ സ്വഹാബിമാരിൽ പെട്ട ഒരാളായിരുന്നു അദ്ദേഹം-: നബി (ﷺ) പറഞ്ഞു: "ഓ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുക. തീർച്ചയായും ഞാൻ ഒരു ദിവസം അവനിലേക്ക് നൂറുതവണ ഖേദിച്ചുമടങ്ങുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങി കൊണ്ട് തൗബ അധികരിപ്പിക്കാനും, പശ്ചാത്താപം വർദ്ധിപ്പിച്ചു കൊണ്ട് ഇസ്തിഗ്ഫാർ നിലനിർത്താനും നബി (ﷺ) ജനങ്ങളോട് കൽപ്പിക്കുന്നു. മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ തെറ്റുകളെല്ലാം പൊറുത്തു നൽകപ്പെട്ടവരായ നബി (ﷺ) യാകട്ടെ, ഒരു ദിവസത്തിൽ നൂറിലധികം തവണ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും അവനോട് പാപമോചനം തേടുകയും ചെയ്യുന്നുണ്ടെന്നും അവിടുന്ന് അറിയിക്കുന്നു. അല്ലാഹുവിനോടുള്ള അവിടുത്തെ പരിപൂർണ്ണ വിനയത്തിൻ്റെയും താഴ്മയുടെയും ആരാധനയുടെയും അടയാളമാണത്.

فوائد الحديث

ദീനിൽ എത്ര വലിയ സ്ഥാനവും പദവിയുമുള്ളവനാകട്ടെ; അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും പശ്ചാത്താപം അധികരിപ്പിക്കുകയും ചെയ്തു കൊണ്ട് തൻ്റെ സ്വന്തത്തെ പൂർണ്ണതയിലേക്ക് നയിക്കാൻ അവരെല്ലാം ആവശ്യക്കാരാണ്. അല്ലാഹുവിനോടുള്ള ബാധ്യതയിൽ എന്തെങ്കിലുമൊരു കുറവ് സംഭവിക്കുന്നതിൽ നിന്ന് ആരും മോചിതരല്ല. അല്ലാഹു പറഞ്ഞതു പോലെ: "നിങ്ങളെല്ലാവരും അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുവിൻ! അല്ലയോ മുഅ്മിനീങ്ങളേ!"

തിന്മകളും തെറ്റുകളും പ്രവർത്തിച്ചതിൽ നിന്നും, നിർബന്ധകർമ്മങ്ങൾ ചെയ്യുന്നതിൽ വരുത്തിയ കുറവുകളിൽ നിന്നും മുഴുവനായാണ് തൗബ ചെയ്യേണ്ടത്.

അല്ലാഹുവിനോട് പാപമോചനം തേടുന്നതിൽ നിഷ്കളങ്കമായ നിയ്യത്ത് (ഇഖ്'ലാസ്) ഉണ്ടായിരിക്കണമെന്ന നിബന്ധനയുണ്ട്. ആരെങ്കിലും അല്ലാഹുവല്ലാത്തവർക്ക് വേണ്ടി ഒരു തിന്മ ഉപേക്ഷിച്ചാൽ അവൻ ഒരിക്കലും തെറ്റിൽ നിന്ന് ഖേദിച്ചു മടങ്ങിയിട്ടില്ല എന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.

നവവി (رحمه الله) പറയുന്നു: "തൗബക്ക് മൂന്ന് നിബന്ധനകളുണ്ട്.

1- തിന്മ ഉപേക്ഷിക്കുക. 2- അത് സംഭവിച്ചു പോയതിൽ ഖേദിക്കുക. 3- സമാനമായ തെറ്റിലേക്ക് ഇനിയൊരിക്കലും തിരിച്ചു പോകില്ലെന്ന ദൃഢനിശ്ചയം സ്വീകരിക്കുക.

ഏതെങ്കിലും മനുഷ്യനോടുള്ള അതിക്രമത്തിൽ നിന്നാണ് പാപമോചനം തേടുന്നത് എങ്കിൽ നാലാമതൊരു നിബന്ധന കൂടി ശ്രദ്ധിക്കണം. അവന് അർഹതപ്പെട്ടത് തിരിച്ചേൽപ്പിക്കുകയോ, അവൻ്റെ പൊരുത്തം വാങ്ങുകയോ ചെയ്യുക എന്നതാണത്.

നബി -ﷺ- പാപമോചനം തേടുന്നു എന്നത് അവിടുന്ന് തെറ്റുകൾ ചെയ്യുന്നു എന്ന് അറിയിക്കുന്നില്ല. മറിച്ച്, അല്ലാഹുവിനോടുള്ള പരിപൂർണ്ണമായ അടിമത്വത്തിൻ്റെയും തൻ്റെ റബ്ബുമായുള്ള ശക്തമായ ബന്ധത്തിൻ്റെയും അടയാളം മാത്രമാണത്. അല്ലാഹുവിനുള്ള നമ്മുടെ കടമ അത്രമാത്രം ഗൗരവപ്പെട്ടതാണെന്നും, താൻ എന്തു മാത്രം പ്രവർത്തിച്ചാലും അവൻ്റെ അനുഗ്രഹങ്ങൾക്ക് പരിപൂർണ്ണമായ നന്ദിയർപ്പിക്കാൻ അശക്തനാണെന്നുമുള്ള ബോധ്യത്തിൽ നിന്നാണ് അവിടുന്ന് പാപമോചനം തേടുന്നത്. അതോടൊപ്പം തൻ്റെ ഉമ്മത്തിനുള്ള മാതൃക കൂടി നബി -ﷺ- ഇതിലൂടെ വരച്ചു കാണിക്കുന്നു. അവിടുത്തെ ഈ പ്രവൃത്തിയിൽ ഇതല്ലാത്ത അനേകം യുക്തികൾ വേറെയുമുണ്ട്.

التصنيفات

അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത, ദിക്ർ ചൊല്ലുന്നതിൽ നബി -ﷺ- യുടെ മാർഗം