إعدادات العرض
എൻ്റെ അടിമകളേ! അതിക്രമം ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ …
എൻ്റെ അടിമകളേ! അതിക്രമം ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം പ്രവർത്തിക്കരുത്.!
അബൂ ദർറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ അല്ലാഹു പറഞ്ഞതായി അറിയിച്ചു: "എൻ്റെ അടിമകളേ! അതിക്രമം ഞാൻ എൻ്റെ മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അത് നിങ്ങൾക്കിടയിലും ഞാൻ നിഷിദ്ധമാക്കിയിരിക്കുന്നു; അതിനാൽ നിങ്ങൾ പരസ്പരം അതിക്രമം പ്രവർത്തിക്കരുത്.! എൻ്റെ അടിമകളേ! നിങ്ങളെല്ലാം വഴിതെറ്റിയവരാണ്; ഞാൻ സന്മാർഗം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ സന്മാർഗം ചോദിക്കുക; ഞാൻ നിങ്ങൾക്ക് സന്മാർഗം നൽകാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം വിശപ്പുള്ളവരാണ്; ഞാൻ ഭക്ഷണം നൽകിയവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ ഭക്ഷണം ചോദിക്കുക; ഞാൻ നിങ്ങളെ ഭക്ഷിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങളെല്ലാം നഗ്നരാണ്; ഞാൻ വസ്ത്രം ധരിപ്പിച്ചവരൊഴികെ. അതിനാൽ എന്നോട് നിങ്ങൾ വസ്ത്രം ചോദിക്കുക; ഞാൻ നിങ്ങളെ ധരിപ്പിക്കാം. എൻ്റെ അടിമകളേ! നിങ്ങൾ രാത്രിയും പകലുമായി തെറ്റുകൾ ചെയ്തു കൊണ്ടിരിക്കുന്നു; ഞാൻ എല്ലാ പാപങ്ങളും പൊറുത്തു നൽകുന്നവനാണ്. അതിനാൽ എന്നോട് നിങ്ങൾ പാപമോചനം തേടുക; ഞാൻ നിങ്ങൾക്ക് പൊറുത്തു നൽകാം. എൻ്റെ അടിമകളേ! നിങ്ങൾക്ക് എന്നെ ഉപദ്രവമേൽപ്പിക്കുക സാധ്യമല്ല; എനിക്ക് ഉപകാരം എത്തിക്കാനും നിങ്ങൾക്ക് കഴിയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും സൂക്ഷ്മതയുള്ള ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊന്നും വർദ്ധിപ്പിക്കുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ മനുഷ്യരും നിങ്ങളിലെ ജിന്നുകളും നിങ്ങൾക്കിടയിലെ ഏറ്റവും മ്ലേഛമായ ഹൃദയത്തിൻ്റെ ഉടമയെ പോലെയായിരുന്നാലും എൻ്റെ അധികാരത്തിൽ അത് യാതൊരു കുറവും വരുത്തുകയില്ല. എൻ്റെ അടിമകളേ! നിങ്ങളിൽ ആദ്യത്തെയാളും അവസാനത്തെയാളും നിങ്ങളിലെ ജിന്നുകളും മനുഷ്യരുമെല്ലാം ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അവരെല്ലാം എന്നോട് തേടുകയും, ഓരോ മനുഷ്യർക്കും അവൻ ചോദിച്ചത് ഞാൻ നൽകുകയും ചെയ്താലും എൻ്റെ പക്കലുള്ളതിൽ അത് യാതൊരു കുറവും വരുത്തുകയില്ല; സമുദ്രത്തിൽ പ്രവേശിപ്പിച്ച ഒരു സൂചി അതിൽ കുറവ് വരുത്തുന്നത് പോലെയല്ലാതെ. എൻ്റെ അടിമകളേ! (നിങ്ങൾക്കുള്ളത്) നിങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമാണ്; ഞാൻ അവ നിങ്ങൾക്കായി ക്ലിപ്തപ്പെടുത്തിയിരിക്കുന്നു. ശേഷം അതിനുള്ള പ്രതിഫലം പൂർണ്ണമായി ഞാൻ നിങ്ങൾക്ക് നൽകുന്നതാണ്. അപ്പോൾ ആർക്കെങ്കിലും നന്മ കണ്ടെത്താൻ കഴിഞ്ഞെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ. ആരെങ്കിലും അതല്ലാത്തതാണ് കാണുന്നത് എങ്കിൽ സ്വന്തത്തെയല്ലാതെ അവൻ ആക്ഷേപിക്കേണ്ടതില്ല."
الترجمة
العربية বাংলা Bosanski English Español Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी ئۇيغۇرچە Kurdî Hausa Português తెలుగు Kiswahili فارسی မြန်မာ Deutsch 日本語 پښتو Tiếng Việt অসমীয়া Shqip Svenska Čeština ગુજરાતી አማርኛ Yorùbá Nederlands සිංහල தமிழ் ไทย دری Fulfulde Magyar Italiano ಕನ್ನಡ Кыргызча Lietuvių or Română Kinyarwanda Српски O‘zbek Moore नेपाली Malagasy тоҷикӣ Oromoo Wolof Български Українська Azərbaycan ქართული bm lnالشرح
അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിച്ച ചില കാര്യങ്ങളാണ് ഈ ഹദീഥിലുള്ളത്. (അവ ഇപ്രകാരമാണ്): അല്ലാഹു അവൻ്റെ മേൽ അതിക്രമം നിഷിദ്ധമാക്കിയിരിക്കുന്നു; അവൻ്റെ സൃഷ്ടികൾക്കിടയിലും അതിക്രമം അവൻ നിഷിദ്ധമാക്കിയിരിക്കുന്നു. അതിനാൽ ഒരാളും മറ്റൊരാളോട് അതിക്രമം പ്രവർത്തിച്ചു കൂടാ. സൃഷ്ടികളെല്ലാം വഴികേടിലാണുള്ളത്; അല്ലാഹു സൻമാർഗം കാണിച്ചു നൽകുകയും അത് സ്വീകരിക്കാൻ സൗഭാഗ്യം നൽകുകയും ചെയ്തവരല്ലാതെ. ആരെങ്കിലും അല്ലാഹുവിനോട് സന്മാർഗം ചോദിച്ചാൽ അവൻ അവർക്ക് മാർഗം കാണിച്ചു നൽകുകയും അത് എളുപ്പമാക്കി കൊടുക്കുകയും ചെയ്യുന്നതാണ്. എല്ലാ കാര്യങ്ങളിലും സൃഷ്ടികളെല്ലാം അല്ലാഹുവിലേക്ക് അങ്ങേയറ്റം ആവശ്യമുള്ള പരമദരിദ്രരാണ്. ആരെങ്കിലും അല്ലാഹുവിനോട് തേടിയാൽ അവൻ്റെ കാര്യങ്ങൾ അല്ലാഹു നിറവേറ്റുന്നതും അവന് അല്ലാഹു മതിയാകുന്നതുമാണ്. ജനങ്ങളെല്ലാം രാത്രിയിലും പകലിലുമായി തിന്മകൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു; അല്ലാഹു അവരുടെ തെറ്റുകൾ മറച്ചു പിടിക്കുകയും അവർ പാപമോചനം ചോദിക്കുമ്പോൾ അവർക്ക് പൊറുത്തു നൽകുകയും ചെയ്യുന്നു. അല്ലാഹുവിന് ഉപദ്രവമെത്തിക്കുക എന്നതോ അവന് ഉപകാരം ചെയ്യുക എന്നതോ ഒരു സൃഷ്ടിക്കും സാധ്യമായ കാര്യമല്ല. സൃഷ്ടികളെല്ലാം ഏറ്റവും ധർമ്മനിഷ്ഠയുള്ള ഒരാളുടെ ഹൃദയമുള്ളവരായിരുന്നെങ്കിലും അല്ലാഹുവിൻ്റെ അധികാരത്തിൽ അത് യാതൊരു വർദ്ധനവും വരുത്തുകയില്ല. എല്ലാവരും ഏറ്റവും മോശമായ ഹൃദയമുള്ള ഒരാളെ പോലെയായിരുന്നെങ്കിലും അവരുടെ മ്ലേഛതയോ തിന്മകളോ അല്ലാഹുവിൻ്റെ അധികാരത്തിൽ യാതൊരു കുറവും വരുത്തുന്നില്ല. കാരണം എല്ലാ സൃഷ്ടികളും അതീവദുർബലരും അല്ലാഹുവിലേക്ക് സമ്പൂർണ്ണ യാചകരുമാണ്. എല്ലാ കാര്യത്തിലും ഏതു സ്ഥലത്തും ഏതൊരു സന്ദർഭത്തിലും അല്ലാഹുവില്ലാതെ അവർക്ക് യാതൊന്നിനും കഴിയില്ല; അവനാകട്ടെ അവരുടെ യാതൊരു ആവശ്യവുമില്ലാത്ത സർവ്വ ധന്യതയുടെയും ഉടമസ്ഥനും. സൃഷ്ടികളെല്ലാം -അവരിലെ ജിന്നുകളും മനുഷ്യരും, ആദ്യത്തെയാൾ മുതൽ അവസാനത്തെയാൾ വരെയുള്ളവരും- ഒരു സ്ഥലത്ത് നിലയുറപ്പിക്കുകയും, അല്ലാഹുവിനോട് തങ്ങൾക്ക് വേണ്ടതെല്ലാം ചോദിക്കുകയും, അവർ ചോദിച്ചതെല്ലാം അല്ലാഹു അവർക്ക് നൽകുകയും ചെയ്താലും അവൻ്റെ പക്കലുള്ളതിൽ യാതൊരു കുറവുമുണ്ടാവുകയില്ല. ഒരു മൊട്ടുസൂചി സമുദ്രത്തിൽ മുക്കിയെടുത്താൽ അത് സമുദ്രത്തിൽ യാതൊരു കുറവുമുണ്ടാക്കുന്നില്ല എന്നത് പോലെത്തന്നെ! അല്ലാഹുവിൻ്റെ പരിപൂർണ്ണ ധന്യതയുടെ ഭാഗമാണത്. അല്ലാഹു അവൻ്റെ അടിമകളുടെ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുകയും ക്ലിപ്തപ്പെടുത്തുകയും ചെയ്തിരിക്കുന്നു; ശേഷം അന്ത്യനാളിൽ അവർക്ക് അതിനുള്ള പ്രതിഫലം അവൻ പൂർണ്ണമായി നൽകുന്നതാണ്. ആ സന്ദർഭത്തിൽ തൻ്റെ പ്രതിഫലം നല്ലതാണെന്ന് ആരെങ്കിലും കാണുന്നുവെങ്കിൽ അവൻ അല്ലാഹുവിനെ സ്തുതിച്ചു കൊള്ളട്ടെ; അവനാണല്ലോ നന്മ ചെയ്യാൻ വഴിയൊരുക്കിയത്. എന്നാൽ ആരെങ്കിലും തൻ്റെ പ്രതിഫലം നന്മയല്ലാത്തതാണെന്ന് കാണുന്നെങ്കിൽ അവൻ തെറ്റുകൾ ചെയ്യാൻ കൽപ്പിച്ചു കൊണ്ടേയിരുന്ന തൻ്റെ സ്വന്തം മനസ്സിനെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല; അവനെ തീരാനഷ്ടത്തിലേക്ക് നയിച്ചത് അതാകുന്നു.فوائد الحديث
അല്ലാഹു പറഞ്ഞതായി നബി ﷺ അറിയിക്കുന്ന ഹദീഥുകളിൽ പെട്ടതാണ് ഈ ഹദീഥ്. 'ഖുദ്സിയായ ഹദീഥ്' 'ഹദീഥ് ഇലാഹി' എന്നൊക്കെയാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. പദവും ആശയവും അല്ലാഹുവിൽ നിന്ന് തന്നെയുള്ള ഹദീസുകളാണ് ഖുദ്‌സിയ്യായ ഹദീസുകൾ. എന്നാൽ വിശുദ്ധ ഖുർആനിന് പറയപ്പെട്ടത് പോലുള്ള പ്രത്യേകമായ ശ്രേഷ്ഠതകളും പ്രതിഫലങ്ങളും ഈ ഹദീഥുകൾക്ക് പറയാവതല്ല; ഖുർആനിൻ്റെ കേവല പാരായണം തന്നെ ആരാധനയാണ് എന്നതും, പാരായണത്തിന് മുൻപ് വുദൂഅ് ചെയ്യണമെന്നതും, ഖുർആൻ പോലെ മറ്റൊന്ന് കൊണ്ടുവരാമോ എന്ന വെല്ലുവിളിയും മറ്റുമെല്ലാം ഖുർആനിൻ്റെ മാത്രം പ്രത്യേകതകളാണ്.
അല്ലാഹുവിൻ്റെ അടിമകളിൽ ഏതൊരാൾക്ക് നൽകപ്പെടുന്ന വിജ്ഞാനമോ സന്മാർഗമോ എന്താകട്ടെ, അതെല്ലാം അല്ലാഹു നൽകിയ സൗഭാഗ്യവും അവൻ അവർക്ക് നൽകിയ അറിവുമാണ്.
അല്ലാഹുവിൻ്റെ ഏതൊരു അടിമക്കും ലഭിക്കുന്ന ഏതു നന്മയും അല്ലാഹുവിൻ്റെ ഔദാര്യത്തിൽ നിന്നുള്ളതാണ്. അവർക്ക് നേരിടേണ്ടി വരുന്ന ഏതൊരു തിന്മയും പ്രയാസവും അവൻ്റെ സ്വന്തത്തിൽ നിന്നും ദേഹേഛയുടെ ഭാഗവുമാണ്.
ആരെങ്കിലും നന്മ ചെയ്താൽ അത് അല്ലാഹുവിൻ്റെ അപാരമായ തൗഫീഖ് (ഔദാര്യം) കൊണ്ട് മാത്രമാണ്. അതിനുള്ള പ്രതിഫലവും അല്ലാഹുവിൻ്റെ ഔദാര്യമാണ്. അതിനാൽ സർവ്വ സ്തുതികളും അവന് മാത്രമാണ്. ആരെങ്കിലും മോശം പ്രവർത്തിച്ചുവെങ്കിൽ അതിന് അവൻ തൻ്റെ സ്വന്തത്തെയല്ലാതെ മറ്റാരെയും ആക്ഷേപിക്കേണ്ടതില്ല.