ആരെങ്കിലും വുദൂഅ് ചെയ്യുകയും, അവൻ്റെ വുദൂഅ് ഏറ്റവും നന്നാക്കുകയും, ശേഷം ജുമുഅക്ക് വരികയും, (ഖുതുബ) ശ്രദ്ധിച്ച്…

ആരെങ്കിലും വുദൂഅ് ചെയ്യുകയും, അവൻ്റെ വുദൂഅ് ഏറ്റവും നന്നാക്കുകയും, ശേഷം ജുമുഅക്ക് വരികയും, (ഖുതുബ) ശ്രദ്ധിച്ച് കേൾക്കുകയും നിശബ്ദത പാലിക്കുകയും ചെയ്താൽ പ്രസ്തുത ജുമുഅക്കും അതിന് മുൻപുള്ളതിനുമിടയിലുള്ളവയും, കൂടാതെ മൂന്ന് ദിവസത്തെയും (ചെറുതെറ്റുകൾ) അവന് പൊറുക്കപ്പെടുന്നതാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ആരെങ്കിലും വുദൂഅ് ചെയ്യുകയും, അവൻ്റെ വുദൂഅ് ഏറ്റവും നന്നാക്കുകയും, ശേഷം ജുമുഅക്ക് വരികയും, (ഖുതുബ) ശ്രദ്ധിച്ച് കേൾക്കുകയും നിശബ്ദത പാലിക്കുകയും ചെയ്താൽ പ്രസ്തുത ജുമുഅക്കും അതിന് മുൻപുള്ളതിനുമിടയിലുള്ളവയും, കൂടാതെ മൂന്ന് ദിവസത്തെയും (ചെറുതെറ്റുകൾ) അവന് പൊറുക്കപ്പെടുന്നതാണ്. എന്നാൽ (മസ്ജിദിലെ) ചരൽക്കല്ലുകൾ തടവികൊണ്ടിരിക്കുന്നവൻ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരാൾ വുദൂഅ് ചെയ്യുമ്പോൾ അതിൻ്റെ സ്തംഭങ്ങൾ (ഒഴിച്ചു കൂടാൻ പാടില്ലാത്ത നിർബന്ധ കർമ്മങ്ങൾ) പൂർണ്ണമായി നിർവ്വഹിച്ചു കൊണ്ടും സുന്നത്തുകളും മര്യാദകളും പാലിച്ചു കൊണ്ടും അത് നിർവ്വഹിക്കുകയും, ശേഷം ജുമുഅഃ നിസ്കാരത്തിന് വന്നെത്തുകയും, നിശബ്ദത പാലിക്കുകയും, ഖത്തീബിൻ്റെ സംസാരം ശ്രദ്ധിച്ചു കേൾക്കുകയും, അനാവശ്യങ്ങൾ സംസാരിക്കാതിരിക്കുകയും ചെയ്താൽ പത്തു ദിവസങ്ങളിൽ അവൻ്റെ പക്കൽ നിന്ന് സംഭവിച്ച ചെറുപാപങ്ങൾ അല്ലാഹു അവന് പൊറുത്തു കൊടുക്കുന്നതാണ്. ഒരു ജുമുഅഃ മുതൽ അടുത്ത ജുമുഅഃ വരേക്കും അതോടൊപ്പം മൂന്ന് ദിവസങ്ങളും സംഭവിച്ച തിന്മകൾ പൊറുക്കപ്പെടും; കാരണം ഒരു നന്മക്ക് പത്തിരട്ടിയാണ് പ്രതിഫലമായി നൽകപ്പെടുക. ഖുതുബയിൽ നൽകപ്പെടുന്ന ഉപദേശങ്ങൾ ഹൃദയം കൊണ്ട് ശ്രദ്ധിക്കാതെ അനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, ഖുതുബയിൽ നിന്ന് ശ്രദ്ധ നഷ്ടപ്പെടുത്തുന്ന വിധത്തിൽ ചരൽക്കല്ലുകൾ കൊണ്ട് കളിക്കുകയോ മറ്റോ ചെയ്യുക തുടങ്ങിയവയിൽ നിന്നും നബി -ﷺ- താക്കീത് നൽകുന്നു. ആരെങ്കിലും അത്തരം പ്രവർത്തനങ്ങൾ ചെയ്താൽ അവൻ അനാവശ്യം പ്രവർത്തിച്ചിരിക്കുന്നു എന്നും, ജുമുഅഃയുടെ മുഴുവൻ പ്രതിഫലം അവന് ലഭിക്കുകയില്ലെന്നും അവിടുന്ന് അറിയിക്കുകയും ചെയ്യുന്നു.

فوائد الحديث

വുദൂഅ് പൂർണ്ണമായി നിർവ്വഹിക്കാനും, ജുമുഅഃ നിസ്കാരം ശ്രദ്ധയോടെ നിർവ്വഹിക്കാനുമുള്ള പ്രേരണയും പ്രോത്സാഹനവും.

ജുമുഅഃ നിസ്കാരത്തിൻ്റെ ശ്രേഷ്ഠത.

ജുമുഅ ഖുതുബ നടക്കുമ്പോൾ നിശബ്ദത പാലിക്കൽ നിർബന്ധമാണ്. സംസാരങ്ങളിലോ മറ്റോ ഏർപ്പെട്ടു കൊണ്ട് ഖുതുബയിൽ നിന്ന് ശ്രദ്ധ മാറിപ്പോകരുത്.

ജുമുഅഃ ഖുതുബ നടക്കുന്ന സന്ദർഭത്തിൽ ആരെങ്കിലും അനാവശ്യം പ്രവർത്തിച്ചാൽ ജുമുഅഃ നിർവ്വഹിക്കുക എന്ന അവൻ്റെ ബാധ്യത വീടുന്നതാണ്. നിർബന്ധ ബാധ്യത നിറവേറ്റപ്പെടുമെങ്കിലും പ്രതിഫലത്തിൽ കുറവുണ്ടാകുന്നതാണ്.

التصنيفات

ജുമുഅഃ നിസ്കാരത്തിൻ്റെ ശ്രേഷ്ഠത