അല്ലാഹുവേ! ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് എൻ്റെ ദീനിലും എന്റെ…

അല്ലാഹുവേ! ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് എൻ്റെ ദീനിലും എന്റെ ഭൗതിക വിഷയങ്ങളിലും എന്റെ കുടുംബത്തിലും, എന്റെ സമ്പത്തിലും മാപ്പും സൗഖ്യവും ചോദിക്കുന്നു

ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- രാവിലെയും വൈകുന്നേരവും ആകുമ്പോൾ ഈ പ്രാർത്ഥന ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. "അല്ലാഹുവേ! ഞാൻ നിന്നോട് ഇഹലോകത്തും പരലോകത്തും സൗഖ്യം ചോദിക്കുന്നു. അല്ലാഹുവേ! ഞാൻ നിന്നോട് എൻ്റെ ദീനിലും എന്റെ ഭൗതിക വിഷയങ്ങളിലും എന്റെ കുടുംബത്തിലും, എന്റെ സമ്പത്തിലും മാപ്പും സൗഖ്യവും ചോദിക്കുന്നു. അല്ലാഹുവേ! എന്റെ ന്യൂനതകൾ നീ മറച്ചുവെക്കേണമേ! എന്റെ ഭയപ്പാടുകളിൽ നിന്ന് നിർഭയത്വം നൽകേണമേ! അല്ലാഹുവേ എന്റെ മുൻഭാഗത്തു നിന്നും എന്റെ പിന്നിൽ നിന്നും, എന്റെ വലതുഭാഗത്തു നിന്നും, ഇടതുഭാഗത്തുനിന്നും, എന്റെ മുകളിൽ നിന്നും നീയെന്നെ സംരക്ഷിക്കേണമേ! താഴ്ഭാഗത്തു കൂടി ഞാൻ പൊടുന്നനെ നശിപ്പിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹത്വം മുഖേന നിന്നോട് ഞാൻ രക്ഷ തേടുന്നു."

[സ്വഹീഹ്]

الشرح

പകലിലും രാത്രിയിലും നബി -ﷺ- -ഒരിക്കലും ഉപേക്ഷിക്കാതെ ചൊല്ലാറുണ്ടായിരുന്ന പ്രാർത്ഥനയാണ് ഈ ഹദീഥിൽ വന്നിട്ടുള്ളത്. "അല്ലാഹുവേ! ഞാൻ നിന്നോട് സൗഖ്യം ചോദിക്കുന്നു." സൗഖ്യം എന്നാൽ അസുഖങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും ഐഹികജീവിതത്തിലെ കഠിനതകളിൽ നിന്നും, മതപരമായ വിഷയങ്ങളിൽ വഴിപിഴക്കുകയോ ആശയക്കുഴപ്പങ്ങളിൽ അകപ്പെടുകയോ ചെയ്യുന്നതിൽ നിന്നെല്ലാമുള്ള സൗഖ്യമാണ്. ഇരുലോകത്തും സൗഖ്യം നബി -ﷺ- ഇവിടെ ചോദിച്ചിരിക്കുന്നു. "അല്ലാഹുവേ! ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു." അതായത് എൻ്റെ തിന്മകൾ മായ്ച്ചു കളയാനും, അവ എനിക്ക് വിട്ടുപൊറുത്തു തരാനും ഞാൻ നിന്നോട് തേടുന്നു. അതു പോലെ, കുറവുകളിൽ നിന്ന് എന്നെ സുരക്ഷിതാനാക്കാനും, എൻ്റെ ദീനിൻ്റെ കാര്യത്തിൽ ശിർക്കിലോ ബിദ്അത്തിലോ തിന്മകളിലോ അകപ്പെട്ടു പോകുന്നതിൽ നിന്നും, എൻ്റെ ഭൗതിക ജീവിതത്തിൽ പ്രയാസങ്ങളോ ഉപദ്രവങ്ങളോ ദുരിതങ്ങളോ ബാധിക്കുന്നതിൽ നിന്നും, എൻ്റെ കുടുംബത്തിന് -എൻ്റെ ഇണകൾക്കും മക്കൾക്കും കുടുംബത്തിനും- പ്രയാസങ്ങൾ സംഭവിക്കുന്നതിൽ നിന്നും, എൻ്റെ സമ്പത്തിനും ജോലിക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. അല്ലാഹുവേ! എൻ്റെ ന്യൂനതകളും എന്നിലുള്ള കുറവുകളും അബദ്ധങ്ങളും നീ മറച്ചു പിടിക്കുകയും, എൻ്റെ തിന്മകൾ നീ മായ്ച്ചു കളയുകയും, എൻ്റെ ഭയവും പേടിയും നീക്കി നീയെനിക്ക് നിർഭയത്വം നൽകുകയും ചെയ്യേണമേ! അല്ലാഹുവേ! എന്നെ നീ സംരക്ഷിക്കുകയും, എല്ലാ ഉപദ്രവങ്ങളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും എന്നെ നീ കാത്തുരക്ഷിക്കുകയും ചെയ്യേണമേ! എൻ്റെ മുൻപിൽ നിന്നും പിറകിൽ നിന്നും വലതു നിന്നും ഇടതു നിന്നും എൻ്റെ മുകളിൽ നിന്നും നീ എനിക്ക് സംരക്ഷണം നൽകുകയും ചെയ്യേണമേ! എല്ലാ ദിശകളിൽ നിന്നും തനിക്ക് വേണ്ടി അല്ലാഹു സംരക്ഷണം ഒരുക്കാൻ തേടുകയാണ് ഈ പ്രാർത്ഥനയിലൂടെ; കാരണം അവനെ ബാധിക്കുന്ന ഏതൊരു പ്രയാസവും ഈ ദിശകളിൽ ഏതെങ്കിലും ഒരു വഴിയിലൂടെയായിരിക്കും അവനെ ബാധിക്കുന്നത്. അശ്രദ്ധയിലായിരിക്കെ എൻ്റെ താഴ്ഭാഗത്ത് നിന്ന് ശിക്ഷ വന്നെത്തുകയും, ഞാൻ പൊടുന്നനെ പിടിക്കപ്പെടുകയും, അങ്ങനെ ഞാൻ ഭൂമിയിലേക്ക് ആഴ്ത്തപ്പെട്ടു കൊണ്ട് നശിപ്പിക്കപ്പെടുകയും ചെയ്യുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു.

فوائد الحديث

നബി -ﷺ- യെ മാതൃകയാക്കി കൊണ്ട് ഈ പ്രാർത്ഥനകൾ സ്ഥിരമായി ചൊല്ലുക.

ദീനിൽ സൗഖ്യം ചോദിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നത് പോലെ ദുനിയാവിൻ്റെ കാര്യത്തിലും സൗഖ്യം ചോദിക്കാനുള്ള കൽപ്പനയുണ്ട്.

ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: ഈ ഹദീഥിൽ എല്ലാ ദിശകളും ഉൾക്കൊണ്ടിരിക്കുന്നു. കാരണം മനുഷ്യനെ പ്രയാസം ബാധിക്കുന്നത് ഇതിൽ ഏതെങ്കിലുമൊരു ദിശയിൽ നിന്നായിരിക്കും. താഴ്ഭാഗത്ത് നിന്നുള്ള ശിക്ഷയിൽ നിന്ന് രക്ഷ തേടുന്നതിൽ കൂടുതൽ ശക്തമായ പദപ്രയോഗം നടത്തിയത് അത്തരം ശിക്ഷകളുടെ ഗൗരവവും അപകടവും പരിഗണിച്ചു കൊണ്ടാണ്.

രാവിലെ ചൊല്ലേണ്ട ദിക്റുകൾ പുലരി ഉദിച്ചതു മുതൽ സൂര്യൻ ഉദിച്ചുയരുന്ന പകലിൻ്റെ ആദ്യ സമയം വരെയുള്ള സന്ദർഭത്തിൽ ചൊല്ലുന്നതാണ് കൂടുതൽ ശ്രേഷ്ഠം. വൈകുന്നേരത്തെ പ്രാർത്ഥനകൾ അസ്വറിന് ശേഷം മഗ്‌രിബിന് മുൻപായി ചൊല്ലുന്നതുമാണ് ശ്രേഷ്ഠം. ഒരാൾ സൂര്യൻ ഉദിച്ചുയർന്ന് -ദ്വുഹാ സമയത്തായി- പ്രാർത്ഥന ചൊല്ലിയാലും, മഗ്‌രിബ് നിസ്കാരത്തിന് ശേഷം ചൊല്ലിയാലും അയാളുടെ പ്രവൃത്തി സാധുവാകുന്നതാണ്. അതും ഈ ദിക്റിൻ്റെ സമയത്തിൽ ഉൾപ്പെടുന്നതാണ്.

ഏതെങ്കിലും നിശ്ചിത ദിക്റുകൾ രാത്രിയിൽ ചൊല്ലണമെന്ന് പ്രത്യേകമായി എടുത്തു പറയപ്പെട്ടിട്ടുണ്ടെങ്കിൽ -ഉദാഹരണത്തിന് സൂറ ബഖറയിലെ അവസാനത്തെ രണ്ട് ആയത്തുകൾ രാത്രിയിൽ ഓതണമെന്നത് പോലുള്ള കൽപ്പനകൾ- സൂര്യൻ അസ്തമിച്ചതിന് ശേഷം രാത്രിയിൽ തന്നെയായിരിക്കണം ചൊല്ലേണ്ടത്.

التصنيفات

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ