നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും, അന്ത്യനാളിൽ നിങ്ങളിൽ എന്നോട് ഏറ്റവും അടുത്ത സ്ഥാനമുള്ളതും നിങ്ങളിൽ…

നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും, അന്ത്യനാളിൽ നിങ്ങളിൽ എന്നോട് ഏറ്റവും അടുത്ത സ്ഥാനമുള്ളതും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളയാൾക്കാണ്

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും, അന്ത്യനാളിൽ നിങ്ങളിൽ എന്നോട് ഏറ്റവും അടുത്ത സ്ഥാനമുള്ളതും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളയാൾക്കാണ്. നിങ്ങളിൽ എനിക്ക് ഏറ്റവും ദേഷ്യമുള്ളതും, അന്ത്യനാളിൽ എന്നിൽ നിന്ന് ഏറ്റവും വിദൂരത്താവുകയും ചെയ്യുന്നത് വായാടികളും, വലിയ വായിൽ സംസാരിക്കുന്നവരും, 'മുതഫയ്ഹിഖു'കളുമായവരാണ്. സ്വഹാബികൾ ചോദിച്ചു: "വായാടികളെയും പരിഹസിക്കുന്നവരെയും ഞങ്ങൾക്ക് മനസ്സിലായി; എന്നാൽ ആരാണ് മുതഫയ്ഹിഖ്?!" നബി -ﷺ- പറഞ്ഞു: "അഹങ്കാരികൾ."

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

ജനങ്ങളുടെ കൂട്ടത്തിൽ ഇഹലോകത്ത് നബി -ﷺ- ക്ക് ഏറ്റവും ഇഷ്ടമുള്ളവരും, പരലോകത്ത് അവിടുത്തോട് ഏറ്റവും അടുത്ത ഇരിപ്പിടം നൽകപ്പെടുന്നവരും അവരിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരായിരിക്കും എന്ന് നബി -ﷺ- അറിയിക്കുന്നു. അവിടുത്തേക്ക് ഇഹലോകത്ത് ഏറ്റവും വെറുപ്പുള്ളവരും, പരലോകത്ത് അവിടുത്തോട് ഏറ്റവും അകലെ ഇരിക്കുന്നവരും അവരിൽ ഏറ്റവും മോശം സ്വഭാവമുള്ളവരുമായിരിക്കും. (മോശം സ്വഭാവക്കാരിൽ പെട്ടവരാണ്) അനാവശ്യമായി സംസാരം അധികരിപ്പിക്കുകയും, സത്യമല്ലാത്തത് സംസാരിക്കുകയും ചെയ്യുന്നവർ. സംസാരത്തിൽ യാതൊരു സൂക്ഷ്മതയോ വാക്കുകളിൽ നിയന്ത്രണമോ പാലിക്കാതെ, സാഹിത്യഭംഗിക്കും തങ്ങളുടെ സംസാരത്തിൻ്റെ ഗാംഭീര്യത്തിനും മാത്രം ശ്രദ്ധനൽകുന്നതിൽ മുഴുകുന്നവരും അക്കൂട്ടത്തിൽ പെട്ടവർ തന്നെ. മറ്റൊരു വിഭാഗം 'മുതഫൈഹിഖുകൾ' ആണ്. ആദ്യം പറഞ്ഞ രണ്ട് വിഭാഗത്തെയും അവരുടെ വിശേഷണത്തിൽ നിന്ന് തങ്ങൾക്ക് മനസ്സിലായെങ്കിലും മുതഫയ്ഹിഖുകൾ ആരാണെന്ന് തങ്ങൾക്ക് മനസ്സിലായില്ല എന്ന് സ്വഹാബികൾ നബി -ﷺ- യോട് പറഞ്ഞു. അപ്പോൾ അവിടുന്ന് വിശദീകരിച്ചു: "അഹങ്കാരികളായ, ജനങ്ങളെ പരിഹസിക്കുകയും, അതിനായി സംസാരം അധികരിപ്പിക്കുകയും, തങ്ങളുടെ വായ തുറന്നു വെക്കുകയും ചെയ്യുന്ന കൂട്ടരാണവർ."

فوائد الحديث

നബി -ﷺ- യുടെ സ്നേഹം ലഭിക്കാനും അന്ത്യനാളിൽ അവിടുത്തെ സാമീപ്യം ലഭിക്കാനും കാരണമാകുന്ന പ്രവർത്തിയാണ് സൽസ്വഭാവം. അതിൻ്റെ നേർവിപരീതമാണ് ദുഃസ്വഭാവം.

ജനങ്ങൾക്കിടയിൽ പരസ്പരം സ്നേഹം ഉടലെടുക്കാൻ കാരണമാകുന്ന കാര്യങ്ങളിൽ പെട്ടതാണ് സൽസ്വഭാവം. ദുഃസ്വഭാവം അതിൻ്റെ നേർവിപരീത ഫലമാണ് സൃഷ്ടിക്കുക.

സ്വഭാവം നന്നാക്കാനും വിനയം പുലർത്താനും പരുഷതയും കൃത്രിമത്വവും ഉപേക്ഷിക്കാനുമുള്ള പ്രോത്സാഹനവും പ്രേരണയും.

വെറുതെ സംസാരം അധികരിപ്പിക്കുകയും അഹങ്കാരം നടിക്കുകയും പൊങ്ങച്ചം കാണിക്കുകയും കൃത്രിമത്വം പുലർത്തുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്.

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ