ആദമിൻ്റെ സന്തതി എന്നെ കളവാക്കിയിരിക്കുന്നു; അവന് യോജിച്ചതായിരുന്നില്ല അത്. അവൻ എന്നെ ആക്ഷേപിക്കുകയും…

ആദമിൻ്റെ സന്തതി എന്നെ കളവാക്കിയിരിക്കുന്നു; അവന് യോജിച്ചതായിരുന്നില്ല അത്. അവൻ എന്നെ ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു; അതും അവന് യോജിച്ചതായിരുന്നില്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹു പറഞ്ഞിരിക്കുന്നു: ആദമിൻ്റെ സന്തതി എന്നെ കളവാക്കിയിരിക്കുന്നു; അവന് യോജിച്ചതായിരുന്നില്ല അത്. അവൻ എന്നെ ആക്ഷേപിക്കുകയും ചെയ്തിരിക്കുന്നു; അതും അവന് യോജിച്ചതായിരുന്നില്ല. 'അല്ലാഹു എന്നെ ആരംഭത്തിൽ സൃഷ്ടിച്ചതു പോലെ, ഒരിക്കൽ കൂടി എന്നെ മടക്കിക്കൊണ്ടു വരില്ലെന്ന' അവൻ്റെ വാക്കിലൂടെയാണ് അവൻ എന്നെ കളവാക്കിയത്. ആദ്യമായി സൃഷ്ടിക്കുക എന്നത് സൃഷ്ടിപ്പ് ആവർത്തിക്കുക എന്നതിനേക്കാൾ എനിക്ക് നിസ്സാരമല്ല. 'അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു' എന്ന അവൻ്റെ വാക്കിലൂടെയാണ് അവൻ എന്നെ ആക്ഷേപിച്ചത്. സർവ്വനിലക്കും ഏകനും, പരാശ്രയമുക്തനുമാണ് ഞാൻ. ഞാൻ ജന്മം നൽകുകയോ ജനിക്കുകയോ ചെയ്തിട്ടില്ല. എനിക്ക് തുല്യനായി ആരും തന്നെയില്ല."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

അല്ലാഹു പറഞ്ഞു എന്ന് അറിയിച്ചു കൊണ്ട്, 'ഖുദ്സിയ്യായ' ഈ ഹദീഥിൽ നബി -ﷺ- പറയുന്നു: ബഹുദൈവാരാധകരും നിഷേധികളും അല്ലാഹുവിനെ കളവാക്കുകയും അവനെ കുറിച്ച് ആക്ഷേപങ്ങളും മോശം വാക്കുകളും പറയുകയും ചെയ്യുന്നു. അതാകട്ടെ, അവർക്ക് അനുവദനീയമോ യോജിച്ചതോ ആയ കാര്യമായിരുന്നില്ല. അവർ കളവാക്കി എന്നത് കൊണ്ട് ഉദ്ദേശ്യം; അല്ലാഹു സൃഷ്ടികളെ അവരുടെ മരണത്തിന് ശേഷം പുനരുജ്ജീവിപ്പിക്കുകയോ, ആദ്യതവണ അവരെ സൃഷ്ടിച്ചതു പോലെ മടക്കുകയോ ചെയ്യില്ല എന്നുള്ള അവരുടെ വാദമാണ്. ശൂന്യതയിൽ നിന്ന് സൃഷ്ടിപ്പ് ആരംഭിച്ചവന് ഒരിക്കൽ കൂടെ അവരുടെ സൃഷ്ടിപ്പ് ആവർത്തിക്കുക എന്നത് സാധ്യമാണെന്നും, ആവർത്തനം ആരംഭത്തേക്കാൾ നിസ്സാരമാണെന്നും അല്ലാഹു അവർക്ക് മറുപടി നൽകുന്നു. യഥാർത്ഥത്തിൽ, അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം സൃഷ്ടിപ്പ് ആരംഭിക്കുന്നതും ആവർത്തിക്കുന്നതും അവന് ഒരു പോലെയാണ്. അല്ലാഹു എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവനത്രെ. അവർ അല്ലാഹുവിനെ ആക്ഷേപിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം; അവനൊരു സന്താനമുണ്ട് എന്ന അവരുടെ ജൽപ്പനമാണ്. അല്ലാഹു എല്ലാ നിലക്കും ഏകനും, സർവ്വ പൂർണ്ണതകളിലും അവൻ്റെ നാമങ്ങളിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലും ഏകത്വമുള്ളവനാണെന്നും, ഒരു ന്യൂനതയോ കുറവോ ഉണ്ടാവുന്നതിൽ നിന്ന് അവൻ പരിശുദ്ധനാണ് എന്നും, ഒരാളുടെയും സഹായമോ ആശ്രയമോ വേണ്ടതില്ലാത്ത നിരാശ്രയനാണെന്നും, ഏവരും അവനിലേക്ക് ആവശ്യക്കാരാണെന്നും അല്ലാഹു അറിയിക്കുന്നു. അവനൊരിക്കലും ആരുടെയും പിതാവാകുകയോ, അവന് ഒരു സന്താനമുണ്ടാവുകയോ ചെയ്തിട്ടില്ല. അവന് തുല്യനോ സമനോ ആയ യാതൊരാളും ഉണ്ടായിട്ടില്ല.

فوائد الحديث

എല്ലാ ശക്തിയും കഴിവുള്ളവനാണ് അല്ലാഹു.

മരണ ശേഷമുള്ള പുനരുത്ഥാനം സത്യമാണ്.

പുനരുത്ഥാനത്തെ നിഷേധിക്കുകയോ, അല്ലാഹുവിന് സന്താനമുണ്ട് എന്ന് വാദിക്കുകയോ ചെയ്യുന്നവർ നിഷേധികളാണ്.

അല്ലാഹുവിന് തുല്യനായോ സദൃശ്യനായോ ഒരാളുമില്ല.

അല്ലാഹുവിൻ്റെ അപാരമായ ക്ഷമ നോക്കൂ; നിഷേധികൾ പശ്ചാത്തപിച്ചു മടങ്ങുന്നതിനായി അവർക്ക് അവൻ അവധി നീട്ടിനൽകിക്കൊണ്ടിരിക്കുന്നു.

التصنيفات

അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം