നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനും അറിയാം."…

നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനും അറിയാം." നബി -ﷺ- പറഞ്ഞു: "(അല്ലാഹു പറഞ്ഞിരിക്കുന്നു): എൻ്റെ അടിമകൾ എന്നിൽ വിശ്വസിക്കുന്നവരും എന്നെ നിഷേധിക്കുന്നവരുമായി നേരംപുലർന്നിരിക്കുന്നു

സൈദ് ബ്‌നു ഖാലിദ് അൽ ജുഹനി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഹുദൈബിയ്യയിൽ വെച്ച് ഞങ്ങൾക്ക് സുബ്ഹി നമസ്കാരത്തിന് നേതൃത്വം നൽകി കൊണ്ട് നമസ്കരിച്ചു. രാത്രി പെയ്ത മഴക്ക് ശേഷമായിരുന്നു അത്. നമസ്കാരം കഴിഞ്ഞപ്പോൾ അവിടുന്ന് ജനങ്ങൾക്ക് നേരെതിരിഞ്ഞിരുന്നു കൊണ്ട് പറഞ്ഞു: "നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ റസൂലിനും അറിയാം." നബി -ﷺ- പറഞ്ഞു: "(അല്ലാഹു പറഞ്ഞിരിക്കുന്നു): എൻ്റെ അടിമകൾ എന്നിൽ വിശ്വസിക്കുന്നവരും എന്നെ നിഷേധിക്കുന്നവരുമായി നേരംപുലർന്നിരിക്കുന്നു. അല്ലാഹുവിൻ്റെ ഔദാര്യത്താലും അവൻ്റെ കാരുണ്യത്താലും ഞങ്ങൾക്ക് മഴ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞവർ എന്നിൽ വിശ്വസിക്കുകയും നക്ഷത്രങ്ങളെ നിഷേധിക്കുകയും ചെയ്തിരിക്കുന്നു. എന്നാൽ 'ഇന്നയിന്ന നക്ഷത്രം കാരണത്താൽ (മഴ ലഭിച്ചിരിക്കുന്നു) എന്ന് പറഞ്ഞവർ എന്നെ നിഷേധിക്കുകയും നക്ഷത്രങ്ങളിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മക്കയുടെ സമീപത്തുള്ള ഒരു ഗ്രാമമായ ഹുദൈബിയ്യയിൽ വെച്ച് നബി -ﷺ- സ്വഹാബികളെയും കൊണ്ട് സുബ്ഹി നമസ്കാരം നിർവ്വഹിച്ചു. ആ രാത്രിയിൽ ഒരു മഴ പെയ്തിരുന്നു. നമസ്കാരം കഴിഞ്ഞ് സലാം വീട്ടിയപ്പോൾ നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് അവരോട് ചോദിച്ചു: "നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത് എന്ന് നിങ്ങൾക്കറിയുമോ?" അവർ ഉത്തരമായി പറഞ്ഞു: "അല്ലാഹുവിനും അവൻ്റെ ദൂതനുമാണ് ഏറ്റവുമറിയുക." നബി -ﷺ- പറഞ്ഞു: മഴ പെയ്യുമ്പോൾ ജനങ്ങൾ രണ്ടായി വേർതിരിയുന്നതാണെന്ന് അല്ലാഹു അറിയിച്ചിരിക്കുന്നു. ഒരു കൂട്ടർ അല്ലാഹുവിൽ വിശ്വസിക്കുന്നവരാണെങ്കിൽ മറുകൂട്ടർ അല്ലാഹുവിനെ നിഷേധിക്കുന്നവരാണ്. അല്ലാഹുവിൻ്റെ ഔദാര്യത്താലും കാരുണ്യത്താലും ഞങ്ങൾക്ക് മഴ ലഭിച്ചിരിക്കുന്നു എന്ന് പറഞ്ഞവർ അല്ലാഹുവിലേക്ക് മഴയെ ചേർത്തി പറഞ്ഞിരിക്കുന്നു. അതിനാൽ തന്നെ പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അല്ലാഹുവിൽ വിശ്വസിക്കുകയും, നക്ഷത്രങ്ങളിൽ അവിശ്വസിക്കുകയും ചെയ്യുന്നവരാണ് അവർ. എന്നാൽ ഇന്ന ഞാറ്റുവേല കാരണത്താലാണ് ഞങ്ങൾക്ക് മഴ ലഭിച്ചത് എന്ന് പറയുന്നവൻ അല്ലാഹുവിനെ നിഷേധിക്കുകയും, നക്ഷത്രങ്ങളിൽ വിശ്വസിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവല്ലാത്തവരിലേക്ക് മഴയെന്ന അനുഗ്രഹത്തെ ചേർത്തിപ്പറയുന്നതിലൂടെ (ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാത്ത വിധത്തിലുള്ള) ചെറിയ കുഫ്റിലാണ് അവൻ അകപ്പെട്ടിരിക്കുന്നത്. അല്ലാഹു ഈ നക്ഷത്രങ്ങളെ മഴ പെയ്യാനുള്ള ഭൗതികമോ മതപരമോ ആയ കാരണമായി നിശ്ചയിച്ചിട്ടില്ല. എന്നാൽ പ്രത്യേകം ശ്രദ്ധിക്കുക; ആരെങ്കിലും ഭൂമിയിൽ സംഭവിക്കുന്ന മഴയും മറ്റു പ്രതിഭാസങ്ങളും നക്ഷത്രങ്ങളുടെ ഉദയാസ്തമയങ്ങൾ കാരണത്താലാണ് സംഭവിക്കുന്നത് എന്നും, അവയാണ് ഇത്തരം കാര്യങ്ങൾ യഥാർത്ഥത്തിൽ സംഭവിപ്പിക്കുന്നത് എന്നും വിശ്വസിക്കുന്നുവെങ്കിൽ അവൻ (ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള) വലിയ കുഫ്റിലാണ് അകപ്പെട്ടിരിക്കുന്നത്.

فوائد الحديث

മഴ പെയ്താൽ 'അല്ലാഹുവിൻ്റെ ഔദാര്യത്താലും കാരുണ്യത്താലും ഞങ്ങൾക്ക് മഴ ലഭിച്ചു' എന്ന് പറയൽ നല്ല കാര്യമാണ്.

ആരെങ്കിലും മഴ പെയ്യുക പോലുള്ള അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നക്ഷത്രങ്ങളാണ് സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്യുന്നത് എന്ന് വിശ്വസിച്ചാൽ അവൻ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന വിധത്തിലുള്ള വലിയ കുഫ്റിൽ അകപ്പെട്ടിരിക്കുന്നു. എന്നാൽ ഇവ മഴ പെയ്യാനുള്ള കാരണമാണെന്നാണ് അവൻ്റെ വിശ്വാസമെങ്കിൽ അത് (ഇസ്‌ലാമിൽ നിന്ന് പുറത്തു പോകാത്ത വിധത്തിലുള്ള) ചെറിയ കുഫ്റിലാണ് ഉൾപ്പെടുക. കാരണം അല്ലാഹു മതപരമായോ ഭൗതികമായോ നക്ഷത്രങ്ങളെ മഴപെയ്യാനുള്ള കാരണമായി നിശ്ചയിച്ചിട്ടില്ല.

അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിക്കുന്നത് കുഫ്റിൽ അകപ്പെടാനുള്ള കാരണമായിത്തീരും. എന്നാൽ അതിന് അല്ലാഹുവിനോട് നന്ദി കാണിക്കുന്നത് അവനിൽ വിശ്വസിക്കാനുള്ള കാരണവുമാകും.

'ഇന്ന ഞാറ്റുവേല / നക്ഷത്രം കാരണത്താൽ മഴ ലഭിച്ചു' എന്ന് പറയുന്നത് കൊണ്ട് ഉദ്ദേശ്യം കേവലം കാലാവസ്ഥയുടെ സമയവ്യത്യാസങ്ങൾ വിവരിക്കലാണെങ്കിൽ പോലും അത് ഉപേക്ഷിക്കുകയാണ് വേണ്ടത്; കാരണം ശിർക്കിലേക്കുള്ള എല്ലാ വഴികളും തടയപ്പെടേണ്ടതാണ്.

അനുഗ്രഹങ്ങൾ നേടുന്നതിലും പ്രയാസങ്ങൾ തടുക്കുന്നതിലും മനുഷ്യൻ്റെ ഹൃദയം ബന്ധപ്പെട്ടിരിക്കേണ്ടത് അല്ലാഹുവുമായാണ്.

التصنيفات

രക്ഷാകർതൃത്വത്തിലുള്ള ഏകത്വം (തൗഹീദുൽ റുബൂബിയ്യഃ), ഇസ്ലാമിൽ നിന്ന് പുറത്തു പോകാൻ കാരണമാകുന്ന കാര്യങ്ങൾ, ഈമാനിൻ്റെ ശാഖകൾ, നിഷേധം