എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നബി -ﷺ- യുടെ നിസ്കാരത്തോട് നിങ്ങളിൽ ഏറ്റവും സാദൃശ്യമുള്ളത്…

എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നബി -ﷺ- യുടെ നിസ്കാരത്തോട് നിങ്ങളിൽ ഏറ്റവും സാദൃശ്യമുള്ളത് എനിക്കാണ്. അവിടുന്ന് ഇഹലോകത്തോട് വേർപിരിയുന്നത് വരെ അവിടുത്തെ നിസ്കാരം ഇപ്രകാരമായിരുന്നു

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: അദ്ദേഹം എല്ലാ നിസ്കാരങ്ങളിലും -നിർബന്ധ നിസ്കാരങ്ങളിലും മറ്റുമെല്ലാം, റമദാനിലും അല്ലാത്ത സന്ദർഭങ്ങളിലും- തക്ബീർ ചൊല്ലുമായിരുന്നു. (നിസ്കാരത്തിന്) നിൽക്കുമ്പോൾ അദ്ദേഹം തക്ബീർ ചൊല്ലും. ശേഷം റുകൂഅ് ചെയ്യുമ്പോഴും തക്ബീർ ചൊല്ലും. ശേഷം 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്ന് പറയും. ശേഷം, സുജൂദ് ചെയ്യുന്നതിന് മുൻപ് 'ഞങ്ങളുടെ രക്ഷിതാവേ! നിനക്ക് സർവ്വ സ്തുതിയും' എന്ന് (അർത്ഥമുള്ള ദിക്ർ) പറയും. ശേഷം സുജൂദിലേക്ക് പോകുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് പറയും. ശേഷം സുജൂദിൽ നിന്ന് തലയുയർത്തുമ്പോൾ തക്ബീർ ചൊല്ലും. ശേഷം സുജൂദ് ചെയ്യുമ്പോഴും, പിന്നീട് സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോഴും തക്ബീർ ചൊല്ലും. ശേഷം രണ്ട് റക്അത്തുകളിലും ഇരുത്തത്തിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തക്ബീർ ചൊല്ലും. ഇതെല്ലാം എല്ലാ റക്അത്തുകളിലും -നിസ്കാരം അവസാനിക്കുന്നത് വരെ- അദ്ദേഹം ചെയ്യുമായിരുന്നു. ശേഷം നിസ്കാരത്തിൽ നിന്ന് വിരമിച്ചതിന് ശേഷം അദ്ദേഹം പറയുമായിരുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നബി -ﷺ- യുടെ നിസ്കാരത്തോട് നിങ്ങളിൽ ഏറ്റവും സാദൃശ്യമുള്ളത് എനിക്കാണ്. അവിടുന്ന് ഇഹലോകത്തോട് വേർപിരിയുന്നത് വരെ അവിടുത്തെ നിസ്കാരം ഇപ്രകാരമായിരുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യുടെ നിസ്കാരത്തിൻ്റെ ഒരു ഭാഗം എപ്രകാരമായിരുന്നു എന്നാണ് ഈ ഹദീഥിലൂടെ വിവരിക്കുന്നത്. നബി -ﷺ- നിസ്കാരത്തിന് വേണ്ടി എഴുന്നേറ്റാൽ -നിസ്കാരത്തിൻ്റെ ആരംഭത്തിൽ- തക്ബീറത്തുൽ ഇഹ്റാം കെട്ടിക്കൊണ്ട് തക്ബീർ ചൊല്ലുമായിരുന്നു. ശേഷം റുകൂഇലേക്ക് പോകുമ്പോഴും, സുജൂദിലേക്ക് പോകുമ്പോഴും, സുജൂദിൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോഴും, രണ്ടാമത്തെ സുജൂദ് ചെയ്യുമ്പോഴും, സുജൂദുകളിൽ നിന്ന് തലയുയർത്തുമ്പോഴും, മൂന്നും നാല് റക്അത്തുള്ള നിസ്കാരങ്ങളാണെങ്കിൽ അവയിലെ രണ്ട് റക്അത്തുകൾക്ക് ശേഷം ഒന്നാമത്തെ തശഹ്ഹുദിൽ നിന്ന് എഴുന്നേൽക്കുമ്പോഴും തക്ബീർ ചൊല്ലാറുണ്ടായിരുന്നു. നിസ്കാരം അവസാനിക്കുന്നത് വരെ ഇപ്രകാരമാണ് അദ്ദേഹം ചെയ്തിരുന്നത്. റുകൂഇൽ നിന്ന് ശിരസ്സ് ഉയർത്തുമ്പോൾ 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ശേഷം ആ നിർത്തത്തിൽ അദ്ദേഹം 'റബ്ബനാ ലകൽ ഹംദ്' എന്നും പറയും. നിസ്കാരം അവസാനിച്ചതിന് ശേഷം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറയുന്നു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങളിൽ നബി -ﷺ- യുടെ നിസ്കാരത്തോട് ഏറ്റവും സാദൃശ്യമുള്ളത് എനിക്കാകുന്നു. ഈ രൂപത്തിലായിരുന്നു നബി -ﷺ- ഈ ദുനിയാവിൽ നിന്ന് വേർപിരിയുന്നത് വരെ നിസ്കരിച്ചിരുന്നത്."

فوائد الحديث

നിസ്കാരത്തിലെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും തക്ബീർ ചൊല്ലണം; റുകൂഇൽ നിന്ന് ഉയരുമ്പോൾ ഒഴികെ. അപ്പോൾ 'സമിഅല്ലാഹു ലിമൻ ഹമിദഹ്' എന്നാണ് പറയേണ്ടത്.

നബി -ﷺ- യെ മാതൃകയാക്കുന്നതിലും അവിടുത്തെ ചര്യകൾ മനപാഠമാക്കുന്നതിലും സ്വഹാബികൾക്കുണ്ടായിരുന്ന അതീവ താൽപ്പര്യം.

التصنيفات

നിസ്കാരത്തിൻ്റെ രൂപം