നിന്റെ നാവ് അല്ലാഹുവിന്റെ ദിക്ർ കൊണ്ട് എപ്പോഴും നനവുള്ളതാകട്ടെ

നിന്റെ നാവ് അല്ലാഹുവിന്റെ ദിക്ർ കൊണ്ട് എപ്പോഴും നനവുള്ളതാകട്ടെ

അബ്ദുല്ലാഹിബ്നു ബുസ്ർ (رضي الله عنه) പറയുന്നു: ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഇസ്‌ലാമിന്റെ നിയമനിർദേശങ്ങൾ ധാരാളമായി എനിക്കനുഭവപ്പെടുന്നു. അതിനാൽ എനിക്ക് മുറുകെപ്പിടിക്കാൻ (എളുപ്പമുള്ള) ഒരു കാര്യം പറഞ്ഞുതന്നാലും. നബി -ﷺ- പറഞ്ഞു: "നിന്റെ നാവ് അല്ലാഹുവിന്റെ ദിക്ർ കൊണ്ട് എപ്പോഴും നനവുള്ളതാകട്ടെ."

[സ്വഹീഹ്] [رواه الترمذي وابن ماجه وأحمد]

الشرح

ഐഛികമായ ഇബാദത്തുകൾ ഏറെ അധികമുള്ളതായി തനിക്ക് അനുഭവപ്പെടുന്നതിനാൽ അവ ചെയ്യാൻ താൻ അശക്തനാകുന്നു എന്ന കാര്യം ഒരാൾ നബി -ﷺ- യോട് ആവലാതിയായി പറഞ്ഞു. ശേഷം ധാരാളം പ്രതിഫലം ലഭിക്കാൻ കാരണമാകുന്ന ഒരു ലളിതമായ നന്മ തനിക്ക് അറിയിച്ചു തരാനും, അക്കാര്യം താൻ മുറുകെ പിടിച്ചു കൊള്ളാമെന്നും അദ്ദേഹം നബി -ﷺ- യെ അറിയിച്ചു. അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും ദിക്റും കൊണ്ട് തൻ്റെ നാവ് സദാ സമയവും ഏതവസ്ഥയിലും ചലിപ്പിച്ചു കൊണ്ടിരിക്കാനും സമൃദ്ധമാക്കാനും നബി -ﷺ- അയാളെ ഉപദേശിച്ചു. തസ്ബീഹുകളും തഹ്‌മീദുകളും ഇസ്തിഗ്ഫാറുകളും പോലെയുള്ള ദിക്റുകളെല്ലാം ഈ പറഞ്ഞതിൽ ഉൾപ്പെടും.

فوائد الحديث

എപ്പോഴും അല്ലാഹുവിന് ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുന്നതിൻ്റെ ശ്രേഷ്ഠത.

അല്ലാഹുവിൻ്റെ പ്രതിഫലം നേടാനുള്ള വഴികൾ അവൻ എളുപ്പമാക്കി തന്നിരിക്കുന്നു എന്നത് അല്ലാഹുവിൻ്റെ അപാരമായ ഔദാര്യത്തിൻ്റെ തെളിവാണ്.

നന്മകളിലും സൽക്കർമ്മങ്ങളിലും മനുഷ്യർ പല തട്ടുകളിലായിരിക്കും.

നാവ് കൊണ്ട് അല്ലാഹുവിന് ധാരാളമായി ദിക്ർ ചൊല്ലിക്കൊണ്ടിരിക്കുക; തസ്ബീഹ് (സുബ്ഹാനല്ലാഹ്), തഹ്ലീൽ (ലാ ഇലാഹ ഇല്ലല്ലാഹ്), തക്ബീർ (അല്ലാഹു അക്ബർ), തഹ്മീദ് (അൽഹംദുലില്ലാഹ്) എന്നിങ്ങനെയുള്ള ദിക്റുകൾ ഹൃദയത്തിൽ അർത്ഥവും ആശയവും ചിന്തിച്ചു കൊണ്ട് ചൊല്ലുന്നത് അനേകം ഐഛികമായ കർമ്മങ്ങൾ ചെയ്യുന്നതിൻ്റെ അതേ പ്രതിഫലം നേടിത്തരും.

ചോദ്യകർത്താക്കളുടെ അവസ്ഥകൾ പരിഗണിച്ച് കൊണ്ടുള്ള ഉത്തരങ്ങളായിരുന്നു നബി -ﷺ- നൽകിയിരുന്നത്.

التصنيفات

അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത