ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും…

ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ നിങ്ങളിലൊരാളും വിശ്വാസിയാവുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരാൾ തനിക്കുവേണ്ടി ഇഷ്ടപ്പെടുന്നതെന്തോ അത് തൻ്റെ സഹോദരന് വേണ്ടിയും ഇഷ്ടപ്പെടുന്നത് വരെ മുസ്‌ലിംകളിൽ ഒരാളുടെയും വിശ്വാസം പൂർണ്ണത കൈവരിക്കില്ല എന്ന് നബി -ﷺ- അറിയിക്കുന്നു. തനിക്ക് ആഗ്രഹിക്കുന്നത് പോലെ തൻ്റെ സഹോദരനും ആഗ്രഹിക്കേണ്ട കാര്യങ്ങൾ എന്നതിൽ സൽകർമ്മങ്ങളും, ഐഹികവും പാരത്രികവുമായ എല്ലാ നന്മകളും ഉൾപ്പെടും. അതോടൊപ്പം തനിക്ക് അനിഷ്ടകരമായ കാര്യം തൻ്റെ സഹോദരന് ബാധിക്കുന്നതിലും അവന് അനിഷ്ടമുണ്ടാകേണ്ടതുണ്ട്. അവനിൽ എന്തെങ്കിലും മതപരമായ ന്യൂനതയോ കുറവോ കണ്ടാൽ അത് പരിഹരിക്കാൻ വേണ്ടി ശ്രമിക്കുക എന്നതും, അവനിൽ എന്തെങ്കിലും നന്മ കണ്ടാൽ അവനെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുക എന്നതും, അവൻ്റെ ഭൗതികവും മതപരവുമായ കാര്യങ്ങളിൽ അവനെ ഗുണദോഷിക്കുക എന്നതുമെല്ലാം ഈ പറഞ്ഞതിൻ്റെ ഭാഗം തന്നെ.

فوائد الحديث

തനിക്കുവേണ്ടി ഇഷ്ടപ്പെടുന്ന കാര്യം തൻ്റെ സഹോദരനും ലഭിക്കണമെന്ന ആഗ്രഹം നിർബന്ധമായും ഉണ്ടാവണം. കാരണം, പ്രസ്തുത സ്വഭാവമില്ലാത്തവൻ വിശ്വാസിയാവുകയില്ല എന്ന നബി -ﷺ- യുടെ പ്രയോഗം അത് നിർബന്ധമാണ് എന്നറിയിക്കുന്നുണ്ട്.

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള സാഹോദര്യം രക്തബന്ധത്തിലൂടെയുള്ള സാഹോദര്യത്തേക്കാൾ വലുതാണ്. വിശ്വാസപരമായ ബന്ധത്തിലുള്ള ബാധ്യതകൾ കുടുംബബന്ധത്തിലെ ബാധ്യതകളേക്കാൾ ഗൗരവപ്പെട്ടതുമാണ്.

ഹദീഥിൽ പഠിപ്പിക്കപ്പെട്ട സ്നേഹബന്ധത്തിന് വിരുദ്ധമാകുന്ന എല്ലാ വാക്കുകളും പ്രവർത്തികളും നിഷിദ്ധമാണ്; വഞ്ചനയും പരദൂഷണവും അസൂയയും മുസ്‌ലിം സഹോദരൻ്റെ ശരീരത്തിനോ സമ്പത്തിനോ അഭിമാനത്തിനോ മേൽ ശത്രുത വെക്കുന്നതുമെല്ലാം നിഷിദ്ധം തന്നെ.

നന്മ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന വിധത്തിലുള്ള വാക്കുകൾ സംസാരത്തിൽ പ്രയോഗിക്കുന്നതിന് ഉദാഹരണമാണ് 'തൻ്റെ സഹോദരന് വേണ്ടി ആഗ്രഹിക്കുക' എന്ന നബി -ﷺ- യുടെ പ്രയോഗം.

കിർമാനീ (റഹി) പറയുന്നു: "തൻ്റെ സ്വന്തത്തിന് വെറുക്കുന്ന തിന്മകളും ഉപദ്രവങ്ങളും തൻ്റെ സഹോദരന് സംഭവിക്കുന്നതിലും വെറുപ്പുണ്ടാകുക എന്നതും ഈമാനിൻ്റെ ഭാഗം തന്നെ. ഒരു കാര്യം സ്നേഹിക്കണമെന്ന് പറഞ്ഞാൽ അതിൻ്റെ നേർവിപരീതം വെറുക്കണമെന്ന് മനസ്സിലാക്കാം എന്നതിനാൽ നബി -ﷺ- അത് പ്രത്യേകം എടുത്തു പറഞ്ഞില്ല എന്നു മാത്രം."

التصنيفات

സ്തുത്യർഹമായ സ്വഭാവഗുണങ്ങൾ