അല്ലാഹുവേ, നീ നൽകിയ അനുഗ്രഹങ്ങൾ ഇല്ലാതാവുകയും നിന്നിൽ നിന്നുള്ള സൗഖ്യം മാറിപ്പോവുകയും ചെയ്യുന്നതിൽ നിന്നും,…

അല്ലാഹുവേ, നീ നൽകിയ അനുഗ്രഹങ്ങൾ ഇല്ലാതാവുകയും നിന്നിൽ നിന്നുള്ള സൗഖ്യം മാറിപ്പോവുകയും ചെയ്യുന്നതിൽ നിന്നും, നിന്റെ പെട്ടെന്നുള്ള ശിക്ഷാനടപടിയിൽ നിന്നും, നിന്റെ മുഴുവൻ കോപങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ, നീ നൽകിയ അനുഗ്രഹങ്ങൾ ഇല്ലാതാവുകയും നിന്നിൽ നിന്നുള്ള സൗഖ്യം മാറിപ്പോവുകയും ചെയ്യുന്നതിൽ നിന്നും, നിന്റെ പെട്ടെന്നുള്ള ശിക്ഷാനടപടിയിൽ നിന്നും, നിന്റെ മുഴുവൻ കോപങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷതേടുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നാല് കാര്യങ്ങളിൽ നിന്ന് നബി -ﷺ- ഈ ഹദീഥിൽ രക്ഷ തേടുന്നു. ഒന്ന്: അല്ലാഹുവേ! നിൻ്റെ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്ന് ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. മതപരവും ഭൗതികവുമായ അനുഗ്രഹങ്ങൾ നീങ്ങിപ്പോകുന്നതിൽ നിന്നുള്ള രക്ഷാതേട്ടമാണിത്. ഇസ്‌ലാമിൽ തന്നെ അടിയുറച്ചു നിൽക്കാനും, അനുഗ്രഹങ്ങളെ ഇല്ലാതാക്കി കളയാൻ കാരണമാകുന്ന തിന്മകളിലേക്ക് വീണു പോകാതിരിക്കാനുമുള്ള തേട്ടം അതിൻ്റെ ഉള്ളടക്കത്തിലുണ്ട്. രണ്ട്: നിൻ്റെ പക്കൽ നിന്നുള്ള സൗഖ്യം നീങ്ങിപ്പോകുകയും, ദുരിതങ്ങളായി അത് മാറിമറിയുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. എൻ്റെ സൗഖ്യം എന്നെന്നും നിലനിൽക്കാനും, വേദനകളിൽ നിന്നും രോഗങ്ങളിൽ നിന്നും രക്ഷ നൽകാനും ഞാൻ നിന്നോട് തേടുന്നു. മൂന്ന്: നിൻ്റെ ശിക്ഷകളായി കുഴപ്പങ്ങളും വിപത്തുകളും പൊടുന്നനെ ബാധിക്കുന്നതിൽ നിന്നും ഞാൻ നിന്നോട് രക്ഷ തേടുന്നു. അല്ലാഹുവിൽ നിന്നുള്ള ശിക്ഷ പൊടുന്നനെ ഒരാൾക്ക് മേൽ വന്നിറങ്ങിയാൽ അയാൾക്ക് തൻ്റെ തിന്മകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാനോ തൻ്റെ പ്രവൃത്തികൾ നന്നാക്കാനോ ഉള്ള ഒരു സാവകാശം പോലും ഉണ്ടായിരിക്കുന്നതല്ല. അതിനാൽ അത്തരത്തിലുള്ള അപകടങ്ങൾ കൂടുതൽ ഗുരുതരവും തീവ്രവുമായിരിക്കും എന്നതിൽ സംശയമില്ല. നാല്: നിൻ്റെ എല്ലാ കോപത്തിൽ നിന്നും അതിലേക്ക് നയിക്കുന്ന എല്ലാ കാരണങ്ങളിൽ നിന്നും ഞാൻ നിന്നോട് രക്ഷ ചോദിക്കുന്നു. നീ ആരോടെങ്കിലും കോപിച്ചാൽ അവൻ തുലഞ്ഞു പോവുകയും നാശമടയുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന എല്ലാ വാക്കുകളും പ്രവൃത്തികളും വിശ്വാസങ്ങളും ഒരാളിൽ നിന്ന് അകറ്റപ്പെടുന്നതിന് വേണ്ടിയാണ് 'സർവ്വ കോപവും' എന്ന അർത്ഥം വരുന്ന പദം നബി -ﷺ- പ്രയോഗിച്ചത്.

فوائد الحديث

നബി -ﷺ- അല്ലാഹുവിലേക്ക് ഏറ്റവും ആവശ്യക്കാരനായിരുന്നു.

അല്ലാഹു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാനുള്ള സൗഭാഗ്യവും, തിന്മകളിൽ വീണു പോകുന്നതിൽ നിന്നുള്ള സംരക്ഷണവും ചോദിക്കുക ഈ പ്രാർത്ഥനയുടെ പ്രകടമായ വാക്കുകളിൽ ഇല്ലെങ്കിലും അതിൻ്റെ ഉള്ളടക്കത്തിലുണ്ട്; കാരണം തിന്മകൾ അനുഗ്രഹങ്ങളെ ഇല്ലാതാക്കുന്നതാണ്.

അല്ലാഹുവിൻ്റെ കോപത്തിന് കാരണമാകുന്ന സ്ഥാനങ്ങളിൽ നിന്നും സന്ദർഭങ്ങളിൽ നിന്നും അകന്നു നിൽക്കാനുള്ള ശ്രദ്ധ അനിവാര്യമാണ്.

അല്ലാഹുവിൻ്റെ ശിക്ഷ പൊടുന്നനെ തന്നെ ബാധിക്കുന്നതിൽ നിന്ന് നബി -ﷺ- രക്ഷ തേടുന്നു. കാരണം അല്ലാഹുവിൻ്റെ ശിക്ഷ ഒരാൾക്ക് മേൽ വന്നുപതിച്ചാൽ അവനൊരിക്കലും എടുത്തു നീക്കാൻ സാധിക്കാത്ത തരത്തിലുള്ള വിപത്തായിരിക്കും അവനെ ബാധിക്കുക. സർവ്വ സൃഷ്ടികളുടെയും സഹായം ലഭിച്ചാലും അവരെല്ലാം ഒത്തുചേർന്നു പരിശ്രമിച്ചാലും അത് തടുക്കാൻ അവർക്ക് സാധിക്കുകയില്ല.

അല്ലാഹുവിൽ നിന്നുള്ള സൗഖ്യം മാറിമറിയുന്നതിൽ നിന്ന് നബി -ﷺ- രക്ഷ ചോദിക്കുന്നു. കാരണം അല്ലാഹു ഒരാൾക്ക് അവൻ്റെ പക്കൽ നിന്നുള്ള സൗഖ്യം നൽകിയിട്ടുണ്ടെങ്കിൽ അതിൻ്റെയർത്ഥം അവൻ ഇരുലോകങ്ങളിലെയും നന്മകൾ സ്വായത്തമാക്കിയിരിക്കുന്നു എന്നാണ്. അത് നീങ്ങിപ്പോയാലാകട്ടെ, അവനെ ഇരുലോകങ്ങളിലെയും തിന്മകൾ ബാധിക്കുകയും ചെയ്തിരിക്കുന്നു. കാരണം, ഇഹവും പരവും നന്നാകുന്നത് അല്ലാഹുവിൽ നിന്നുള്ള സൗഖ്യം കൊണ്ട് മാത്രമാണ്.

التصنيفات

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ