ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ)…

ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ശക്തനായ മുഅ്മിനാണ് ദുർബലനായ മുഅ്മിനിനെക്കാൾ നല്ലതും, അല്ലാഹുവിന് കൂടുതൽ ഇഷ്ടമുള്ളവനും. (മുഅ്മിനുകളായ) എല്ലാവരിലും നന്മയുണ്ട്. നിനക്ക് ഉപകാരമുള്ളതിൽ (അത് പ്രവർത്തിക്കാൻ) നീ താത്പര്യം കാണിക്കുക. നീ അല്ലാഹുവിനോട് സഹായം തേടുക. നീ കഴിവുകെട്ടവനാകരുത്. നിനക്ക് (പ്രയാസകരമായ) വല്ലതും ബാധിച്ചാൽ 'ഞാൻ അങ്ങനെയൊക്കെ ചെയ്തിരുന്നെങ്കിൽ ഇങ്ങനെയൊക്കെ സംഭവിച്ചേനെ' എന്ന് നീ പറയരുത്. മറിച്ച്, നീ പറയുക: 'അല്ലാഹുവിന്റെ വിധി! അവനുദ്ദേശിച്ചത് അവൻ പ്രവർത്തിക്കുന്നു.' കാരണം 'എങ്കിൽ' എന്ന വാക്ക് പിശാചിന് പ്രവർത്തിക്കാനുള്ള വാതിൽ തുറക്കും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സത്യവിശ്വാസി അവൻ മുഴുവൻ നന്മയാണ്; എന്നാൽ തൻ്റെ വിശ്വാസത്തിലും തീരുമാനങ്ങളിലും സമ്പത്തിലും മറ്റു മേഖലകളിലും ശക്തനായ ഒരാളാണ് ദുർബലനായ ഒരു വിശ്വാസിയേക്കാൾ അല്ലാഹുവിന് പ്രിയങ്കരനായിട്ടുള്ളത് എന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. ശേഷം അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുന്നവർ തങ്ങളുടെ ഇഹലോകത്തിനും പരലോകത്തിനും പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ മുറുകെ പിടിക്കണമെന്നും, അതിലെല്ലാം അല്ലാഹുവിൻ്റെ മേൽ ഭരമേൽപ്പിക്കുകയും അവനോട് സഹായം തേടുകയും അവനിൽ തവക്കുൽ ചെയ്യുകയും വേണമെന്നും നബി -ﷺ- ഗുണദോഷിക്കുന്നു. ദുർബലതയും മടിയും ഇരുലോകങ്ങളിലേക്കും പ്രയോജനം ചെയ്യുന്ന കാര്യങ്ങളിൽ അലസത കാണിക്കുന്നതും ഉപേക്ഷിക്കാനും അവിടുന്ന് കൽപ്പിക്കുന്നു. അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിക്കുന്ന ഒരു വ്യക്തി തൻ്റെ ലക്ഷ്യം സാധിക്കാൻ വേണ്ടി പരിശ്രമിക്കുകയും, അതിന് വേണ്ട മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതോടൊപ്പം അല്ലാഹുവിനോട് സഹായം തേടുകയും അവനോട് നന്മകൾ ചോദിക്കുകയും ചെയ്താൽ പിന്നീട് അവൻ്റെ മേൽ ബാക്കിയുള്ളത് കാര്യങ്ങളെല്ലാം അല്ലാഹുവിൻ്റെ മേൽ ഏൽപ്പിക്കുക എന്നത് മാത്രമാണ്. ഇനിയങ്ങോട്ടുള്ളതിൽ അല്ലാഹു അവന് എന്താണോ തിരഞ്ഞെടുക്കുന്നത്, അതാണ് അവന് ഉത്തമമായിട്ടുള്ളത് എന്ന് അവൻ മനസ്സിലാക്കട്ടെ. ഇനിയെന്തെങ്കിലും പ്രയാസം അവനെ ബാധിക്കുകയാണെങ്കിൽ തന്നെയും അവനൊരിക്കലും ഇപ്രകാരം പറയരുത്: 'ഞാൻ ഇങ്ങനെയിങ്ങനെയെല്ലാം ചെയ്തിരുന്നെങ്കിൽ (എത്ര നല്ലതാകുമായിരുന്നു).' "'കാരണം ഇങ്ങനെ ചെയ്‌തിരുന്നെങ്കിൽ' എന്ന വാക്ക് പിശാചിൻ്റെ പ്രവർത്തനത്തിന് വാതിൽ തുറന്നു നൽകുന്നതാണ്." അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിന് എതിരെ നിൽക്കുന്ന തരത്തിലുള്ളതും, തനിക്ക് നഷ്ടപ്പെട്ടതിൽ കഠിനമായ നിരാശ പ്രകടിപ്പിക്കുന്നതുമായ വാക്കാണത്. അതിനാൽ അല്ലാഹുവിൻ്റെ വിധിക്ക് കീഴൊതുങ്ങിക്കൊണ്ടും അതിൽ തൃപ്തിയടഞ്ഞു കൊണ്ടും അവൻ പറയട്ടെ; "അല്ലാഹു നിശ്ചയിച്ച കാര്യമാണിത്. അവൻ ഉദ്ദേശിക്കുന്നത് അവൻ പ്രവർത്തിക്കുന്നു." അല്ലാഹു ഉദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് എല്ലാം സംഭവിച്ചിരിക്കുന്നത് എന്നും, താൻ ഉദ്ദേശിക്കുന്നത് പ്രവർത്തിക്കുന്നവനാണ് അവനെന്നും, അല്ലാഹുവിൻ്റെ വിധിയെ തടുക്കാൻ ഒരാൾക്കും സാധ്യമല്ലെന്നും, അവൻ്റെ തീരുമാനത്തിന് എതിരു പറയാൻ ഒരാളുമില്ലെന്നുമുള്ള ഏറ്റുപറച്ചിലാണ് ആ വാക്കുകളിലുള്ളത്.

فوائد الحديث

ഈമാനിൽ ജനങ്ങൾക്ക് ഏറ്റക്കുറച്ചിലുകളുണ്ടാവും.

പ്രവർത്തനങ്ങളിൽ ശക്തിയുണ്ടാവുക എന്നത് നബി -ﷺ- പ്രോത്സാഹിപ്പിച്ച കാര്യമാണ്; കാരണം ദുർബലത കൊണ്ട് നേടാൻ കഴിയാത്തത് ശക്തി കൊണ്ട് നേടിയെടുക്കാൻ കഴിയും.

തനിക്ക് ഉപകാരപ്രദമായതിന് വേണ്ടി പരിശ്രമിക്കുകയും, ഉപകാരമില്ലാത്തത് ഉപേക്ഷിക്കുകയും ചെയ്യണം.

തൻ്റെ എല്ലാ കാര്യങ്ങളിലും അല്ലാഹുവിൻ്റെ സഹായം നിർബന്ധമായും ചോദിക്കേണ്ടവനാണ് ഒരു വിശ്വാസി. അവനൊരിക്കലും തൻ്റെ സ്വന്തം കഴിവിൽ ഭരമേൽപ്പിക്കരുത്.

അല്ലാഹുവിൻ്റെ വിധിനിർണ്ണയം സ്ഥാപിക്കുന്ന ഹദീഥാണിത്. അതൊന്നും കാരണങ്ങൾ സ്വീകരിക്കുന്നതിനും നന്മകൾ അന്വേഷിക്കുന്നതിൽ പരിശ്രമിക്കുക എന്നതിനും എതിരല്ല.

പ്രയാസങ്ങൾ ബാധിക്കുമ്പോൾ നിരാശ കലർന്ന സ്വരത്തിൽ 'ഇങ്ങനെ ചെയ്തിരുന്നെങ്കിൽ...' എന്ന് പറയുന്നത് വിലക്കപ്പെട്ടിരിക്കുന്നു. അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിനെതിരെ സംസാരിക്കുന്നതും നിഷിദ്ധമാണ്.

التصنيفات

വിധിവിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, ഹൃദയത്തിലെ പ്രവർത്തനങ്ങൾ