അക്രമത്തെ നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും അക്രമം അന്ത്യനാളിൽ ഇരുട്ടുകളായിരിക്കും. കടുത്ത പിശുക്കിനെയും…

അക്രമത്തെ നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും അക്രമം അന്ത്യനാളിൽ ഇരുട്ടുകളായിരിക്കും. കടുത്ത പിശുക്കിനെയും നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും കടുത്ത പിശുക്കാണ് നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത്

ജാബിർ ബ്‌നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അക്രമത്തെ നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും അക്രമം അന്ത്യനാളിൽ ഇരുട്ടുകളായിരിക്കും. കടുത്ത പിശുക്കിനെയും നിങ്ങൾ സൂക്ഷിക്കുക! തീർച്ചയായും കടുത്ത പിശുക്കാണ് നിങ്ങൾക്ക് മുൻപുള്ളവരെ നശിപ്പിച്ചത്. അവരുടെ രക്തം ചിന്താനും, അവർക്ക് നിഷിദ്ധമായത് അനുവദനീയമാക്കാനും അതാണവരെ പ്രേരിപ്പിച്ചത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അന്യായവും അതിക്രമവും പ്രവർത്തിക്കുന്നതിൽ നിന്ന് നബി -ﷺ- താക്കീത് നൽകുന്നു. അല്ലാഹുവിനോടുള്ള ബാധ്യതകളിലും, ജനങ്ങളോടുള്ള ഇടപാടുകളിലും, സ്വന്തം ശരീരത്തോടുള്ള കാര്യങ്ങളിലും അന്യായം സംഭവിക്കാം. അർഹതപ്പെട്ടവർക്ക് അർഹതപ്പെട്ടത് നൽകാതിരിക്കുക എന്നതാണ് അക്രമം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അതിക്രമങ്ങളും അന്യായങ്ങളും അന്ത്യനാളിൽ പ്രയാസങ്ങളും ഭീതിതമായ കഠിനതകളും വരുത്തിവെക്കുന്നതാണ്. അതോടൊപ്പം കടുത്ത പിശുക്കും അത്യാർത്തിയും ഉണ്ടാകുന്നതിൽ നിന്നും നബി -ﷺ- വിലക്കുന്നു. സാമ്പത്തികമായ ബാധ്യതകളിൽ വരുത്തുന്ന കുറവുകളും, ഇഹലോകം വെട്ടിപ്പിടിക്കാനുള്ള അത്യാർത്തിയും അതിൽ പെട്ടതാണ്. ഈ തരത്തിലുള്ള അതിക്രമങ്ങളും അന്യായങ്ങളുമാണ് മുൻകഴിഞ്ഞ സമൂഹങ്ങളെ നശിപ്പിച്ചത്. പരസ്പരം പോരടിക്കുന്നതിലേക്കും, അല്ലാഹു നിഷിദ്ധമാക്കിയ കാര്യങ്ങൾ അനുവദനീയമാക്കുന്നതിലേക്കും അവരെ നയിച്ചത് അതായിരുന്നു.

فوائد الحديث

സമ്പത്ത് ചെലവഴിക്കുകയും സഹോദരങ്ങളെയും സുഹൃത്തുക്കളെയും സഹായിക്കുകയും ചെയ്യുക എന്നത് പരസ്പരമുള്ള സ്നേഹവും അടുപ്പവും വർദ്ധിപ്പിക്കുന്ന വഴികളിലൊന്നാണ്.

പിശുക്കും കഠിനമായ ആർത്തിയും തിന്മകളിലേക്കും മ്ലേഛതകളിലേക്കും പാപങ്ങളിലേക്കും നയിക്കുന്നതാണ്.

മുൻകഴിഞ്ഞ സമൂഹങ്ങളുടെ ചരിത്രത്തിൽ നിന്ന് ഗുണപാഠം ഉൾക്കൊള്ളേണ്ടതുണ്ട്.

التصنيفات

ശ്രേഷ്ഠതകളും സ്വഭാവമര്യാദകളും, ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ