എന്നെ കുറിച്ച് തൻ്റെ അടുക്കൽ പരാമർശിക്കപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത്ത് ചൊല്ലാത്തവന് നാശമുണ്ടാകട്ടെ!…

എന്നെ കുറിച്ച് തൻ്റെ അടുക്കൽ പരാമർശിക്കപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത്ത് ചൊല്ലാത്തവന് നാശമുണ്ടാകട്ടെ! ഒരാൾക്ക് റമദാൻ വന്നെത്തുകയും ശേഷം അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതിന് മുൻപ് അത് അവനിൽ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവനും നാശമുണ്ടാകട്ടെ! വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ പോയവനും നാശമുണ്ടാകട്ടെ!

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "എന്നെ കുറിച്ച് തൻ്റെ അടുക്കൽ പരാമർശിക്കപ്പെട്ട ശേഷം എനിക്ക് മേൽ സ്വലാത്ത് ചൊല്ലാത്തവന് നാശമുണ്ടാകട്ടെ! ഒരാൾക്ക് റമദാൻ വന്നെത്തുകയും ശേഷം അവൻ്റെ പാപങ്ങൾ പൊറുക്കപ്പെടുന്നതിന് മുൻപ് അത് അവനിൽ നിന്ന് പിരിഞ്ഞു പോവുകയും ചെയ്താൽ അവനും നാശമുണ്ടാകട്ടെ! വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയാതെ പോയവനും നാശമുണ്ടാകട്ടെ!"

[സ്വഹീഹ്]

الشرح

'ഒരാളുടെ മൂക്ക് മണ്ണിൽ പുരളട്ടെ' എന്ന് പദാനുപദാർത്ഥം നൽകാവുന്ന വാക്കുകൾ കൊണ്ട് നബി -ﷺ- മൂന്ന് വിഭാഗത്തിനെതിരെ പ്രാർത്ഥിക്കുന്നു. അവർക്ക് നിന്ദ്യതയും നഷ്ടവും അപമാനവും ഉണ്ടാകട്ടെ എന്നാണ് ആ വാക്കിൻ്റെ ഉദ്ദേശ്യം. ഒന്നാമത്തെ വിഭാഗം: തങ്ങൾക്കരികിൽ നബി -ﷺ- യുടെ പേര് പരാമർശിക്കപ്പെട്ടതിനു ശേഷം -സ്വല്ലല്ലാഹു അലൈഹി വസല്ലം എന്നോ സമാനമായതോ പറഞ്ഞു കൊണ്ട്- അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലാത്തവരാണ്. രണ്ടാമത്തെ വിഭാഗം: റമദാൻ മാസം വന്നെത്തുകയും, ആ മാസത്തിൽ നന്മകൾ പ്രവർത്തിക്കുന്നതിൽ കുറവ് വരുത്തിയതിനാൽ തിന്മകൾ പൊറുക്കപ്പെടാത്ത വിധത്തിൽ ആ മാസം അവസാനിച്ചു പോവുകയും ചെയ്ത കൂട്ടരാണ്. മൂന്നാമത്തെ വിഭാഗം: വൃദ്ധരായ മാതാപിതാക്കളെ ലഭിച്ചിട്ടും അവരോട് ധിക്കാരം പ്രവർത്തിച്ചതിനാലും അവരോടുള്ള ബാധ്യതകളിൽ കുറവ് വരുത്തിയതിനാലും അവർ കാരണമായി സ്വർഗത്തിൽ പ്രവേശിക്കാൻ സാധിക്കാതെ പോയവരാണ്.

فوائد الحديث

സിൻദി -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥിൽ പരാമർശിക്കപ്പെട്ട മൂന്ന് വിഭാഗത്തിനും വലിയ നന്മകൾ നേടിപ്പിടിക്കാനുള്ള അവസരങ്ങൾ ലഭിച്ചു; പക്ഷേ അവരുടെ ഭാഗത്ത് നിന്നുള്ള കുറവുകൾ കാരണം ആ അവസരം അവർ നഷ്ടമാക്കി. അതിനാൽ അവർ നഷ്ടവും നാശവും ബാധിച്ചവരായി തീരുകയും ചെയ്തു."

നബി -ﷺ- യുടെ പേര് പരാമർശിക്കപ്പെടുമ്പോഴെല്ലാം അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലാനുള്ള പ്രേരണയും പ്രോത്സാഹനവും.

റമദാൻ മാസത്തിൽ നന്മകൾ ചെയ്യാനുള്ള അതിയായ പരിശ്രമം നടത്തുകയും അതിനായി തുനിഞ്ഞിറങ്ങുകയും ചെയ്യാനുള്ള പ്രോത്സാഹനം.

മാതാപിതാക്കളോട് നന്മയിൽ വർത്തിക്കുന്നതിലും അവരെ ആദരിക്കുന്നതിലും ശക്തമായ പരിശ്രമം നടത്താനുള്ള പ്രേരണയും പ്രോത്സാഹനവും. അവർ വൃദ്ധരാണെങ്കിൽ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

التصنيفات

പൊടുന്നനെ സംഭവിക്കുന്ന കാര്യങ്ങളിൽ ചൊല്ലേണ്ട ദിക്റുകൾ