നിങ്ങളിൽ ഒരാളും തന്നെയില്ല; ഒരു പരിഭാഷകൻ അവനും അല്ലാഹുവിനും ഇടയിൽ ഇല്ലാത്ത വിധത്തിൽ അല്ലാഹു അവനോട്…

നിങ്ങളിൽ ഒരാളും തന്നെയില്ല; ഒരു പരിഭാഷകൻ അവനും അല്ലാഹുവിനും ഇടയിൽ ഇല്ലാത്ത വിധത്തിൽ അല്ലാഹു അവനോട് സംസാരിക്കുന്നതായിട്ടല്ലാതെ

അദിയ്യ് ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ഒരാളും തന്നെയില്ല; ഒരു പരിഭാഷകൻ അവനും അല്ലാഹുവിനും ഇടയിൽ ഇല്ലാത്ത വിധത്തിൽ അല്ലാഹു അവനോട് സംസാരിക്കുന്നതായിട്ടല്ലാതെ. അങ്ങനെ അവൻ തൻ്റെ വലതുഭാഗത്തേക്ക് നോക്കും; അവൻ മുൻകൂട്ടി ചെയ്തു വെച്ചതല്ലാതെ മറ്റൊന്നും അവൻ അവിടെ കാണുകയില്ല. തൻ്റെ ഇടതുഭാഗത്തേക്കും അവൻ നോക്കും; അവൻ ചെയ്തു വെച്ചതല്ലാതെ മറ്റൊന്നും അവൻ അവിടെയും കാണുകയില്ല. തൻ്റെ മുൻപിലേക്കും അവൻ നോക്കും; നരകമല്ലാതെ തൻ്റെ മുഖാമുഖം മറ്റൊന്നും അവൻ കാണുകയില്ല. അതിനാൽ നരകത്തെ നിങ്ങൾ സൂക്ഷിച്ചു കൊള്ളുക; ഒരു ഈത്തപ്പഴത്തിൻ്റെ ചീളു കൊണ്ടെങ്കിലും!"

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുഅ്മിനായ ഓരോ മനുഷ്യനും അന്ത്യനാളിൽ അല്ലാഹുവിൻ്റെ മുൻപിൽ ഒറ്റക്ക് നിൽക്കേണ്ടി വരുമെന്നും, അല്ലാഹു അവനോട് ഒരു മദ്ധ്യസ്ഥനോ അല്ലാഹുവിനും അവനുമിടയിൽ ഒരു പരിഭാഷകനോ ഇല്ലാതെ സംസാരിക്കുന്നതാണെന്നും നബി -ﷺ- അറിയിക്കുന്നു. അങ്ങനെ അവൻ തൻ്റെ വലതു ഭാഗത്തേക്കും ഇടതു ഭാഗത്തേക്കും കടുത്ത ഭയത്തോടെ നോക്കും; തൻ്റെ മുൻപിലുള്ള നരകത്തിൽ നിന്ന് രക്ഷപ്പെടാൻ എന്തെങ്കിലുമൊരു വഴികണ്ടെത്താൻ കഴിയുമോ എന്ന ആഗ്രഹത്തോടെയാണ് അവൻ നോക്കുന്നത്. തൻ്റെ വലതു ഭാഗത്തേക്ക് നോക്കിയാൽ അവൻ ചെയ്ത സൽകർമ്മങ്ങളല്ലാതെ മറ്റൊന്നും അവൻ കാണുന്നതല്ല. തൻ്റെ ഇടതുഭാഗത്തേക്ക് നോക്കിയാൽ അവൻ ചെയ്ത തെറ്റായ പ്രവർത്തനങ്ങളല്ലാതെ അവന് കാണാൻ കഴിയില്ല. തൻ്റെ മുൻപിലേക്ക് നോക്കിയാലാകട്ടെ, നരകമല്ലാതെ അവന് കാണാൻ സാധിക്കില്ല. അതിൽ നിന്ന് വഴിമാറിപ്പോകാൻ അവനാകട്ടെ സാധ്യവുമല്ല; കാരണം നരകത്തിൻ്റെ മുകളിൽ നാട്ടപ്പെട്ട സ്വിറാത്ത് പാലത്തിന് മുകളിലൂടെ സഞ്ചരിക്കാതെ അവൻ്റെ മുൻപിൽ മറ്റൊരു വഴിയുണ്ടാകില്ല. ശേഷം നബി -ﷺ- പറഞ്ഞു: "നിങ്ങൾക്കും നരകത്തിനും ഇടയിൽ സൽകർമ്മങ്ങളുടെയും ദാനധർമ്മങ്ങളുടെയും പരിച നിങ്ങൾ സ്വീകരിക്കുക; അത് വളരെ നിസ്സാരമായ ഒരു ഈത്തപ്പഴത്തിൻ്റെ പകുതി പോലുള്ള എന്തെങ്കിലും കൊണ്ടാണെങ്കിൽ പോലും..."

فوائد الحديث

ദാനധർമ്മങ്ങൾ നൽകാനും നല്ല സ്വഭാവഗുണങ്ങൾ സ്വീകരിക്കാനുമുള്ള പ്രോത്സാഹനവും പ്രേരണയും. അനുകമ്പയോടും സൗമ്യമായ വാക്കുകളോടും കൂടിയാണ് ജനങ്ങളോട് ഇടപഴകേണ്ടത്.

ഖിയാമത്ത് നാളിൽ അല്ലാഹു തൻ്റെ അടിമയോട് അടുക്കുന്നതാണ്. അല്ലാഹുവിനും അവൻ്റെ അടിമക്കും ഇടയിൽ ഒരു മറയോ മദ്ധ്യസ്ഥനോ പരിഭാഷകനോ ഉണ്ടാവുകയില്ല. അതിനാൽ തൻ്റെ രക്ഷിതാവിൻ്റെ കൽപ്പനകളെ ധിക്കരിക്കുന്നതിനെ ഓരോരുത്തരും കരുതിയിരിക്കട്ടെ.

ദാനം നൽകുന്നത് എത്ര ചെറുതാണെങ്കിലും അതിനെ ഒരാൾ നിസ്സാരമായി കാണരുത്. എത്ര ചെറുതാണെങ്കിലും ദാനധർമ്മങ്ങൾ നരകത്തിൽ നിന്നുള്ള കവചമായി മാറുന്നതാണ്.

التصنيفات

അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം, ഐഛികമായ ദാനധർമ്മം