നിൻ്റെ ആർത്തവമുറ നിന്നെ (നിസ്കാരത്തിൽ നിന്നും മറ്റും) തടഞ്ഞു വെക്കാറുള്ളത്ര സമയം നീ കാത്തുനിൽക്കുകയും, ശേഷം…

നിൻ്റെ ആർത്തവമുറ നിന്നെ (നിസ്കാരത്തിൽ നിന്നും മറ്റും) തടഞ്ഞു വെക്കാറുള്ളത്ര സമയം നീ കാത്തുനിൽക്കുകയും, ശേഷം കുളിക്കുകയും ചെയ്യുക

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഉമ്മു ഹബീബഃ ബിൻത് ജഹ്ശ് -رَضِيَ اللَّهُ عَنْهَا- അബ്ദുൽ റഹ്മാൻ ബ്നു ഔഫിൻ്റെ ഭാര്യയായിരുന്നു. തനിക്കുണ്ടാകുന്ന രക്തസ്രാവത്തെ കുറിച്ച് നബി -ﷺ- യോട് അവർ പരാതി പറഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിൻ്റെ ആർത്തവമുറ നിന്നെ (നിസ്കാരത്തിൽ നിന്നും മറ്റും) തടഞ്ഞു വെക്കാറുള്ളത്ര സമയം നീ കാത്തുനിൽക്കുകയും, ശേഷം കുളിക്കുകയും ചെയ്യുക." അതിന് ശേഷം അവർ ഓരോ നിസ്കാരത്തിൻ്റെ വേളയിലും കുളിക്കാറുണ്ടായിരുന്നു.

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സ്വഹാബീ വനിതകളിൽ പെട്ട ഒരു മഹതി തനിക്ക് ബാധിച്ച നിലക്കാത്ത രക്തസ്രാവത്തെകുറിച്ച് നബി -ﷺ- യോട് ആവലാതി പറഞ്ഞു. രക്തസ്രാവം എന്ന ഈ പ്രശ്നം ആരംഭിക്കുന്നതിന് മുൻപ് ആർത്തവം ഉണ്ടായാൽ എത്ര ദിവസമായിരുന്നോ അവർ നിസ്കാരം ഉപേക്ഷിക്കാറുണ്ടായിരുന്നത്, അത്രയും ദിവസം നിസ്കാരം ഒഴിവാക്കാനും, ശേഷം കുളിക്കുകയും നിസ്കാരം ആരംഭിക്കുകയും ചെയ്യാനും അവിടുന്ന് അവരോട് കൽപ്പിച്ചു. (ആർത്തവമുറയുടെ കാലം കഴിഞ്ഞ് നിസ്കാരം ആരംഭിക്കുമ്പോൾ ഒരു തവണ കുളിക്കാനാണ് നബി -ﷺ- കൽപ്പിച്ചത് എങ്കിലും) അവർ ഓരോ നിസ്കാരത്തിന് വേണ്ടിയും -ഐഛികമെന്നോണം- കുളിക്കാറുണ്ടായിരുന്നു.

فوائد الحديث

ഇസ്തിഹാദ്വ (രക്തസ്രാവം) എന്നാൽ: ആർത്തവമുറയുടെ കാലത്തിന് ശേഷവും രക്തം വന്നുകൊണ്ടിരിക്കുന്നത് തുടരുന്ന അവസ്ഥ.

രക്തസ്രാവം ഉണ്ടാകുന്ന സ്ത്രീകൾ അവർക്ക് രക്തസ്രാവം എന്ന അവസ്ഥ ആരംഭിക്കുന്നതിന് മുൻപ് ആർത്തവം വരാറുണ്ടായിരുന്ന ദിവസങ്ങൾ കണക്കാക്കുകയും, അത്രയും ദിവസങ്ങൾ സ്വയം ആർത്തവകാരിയായി കണക്കാക്കുകയും വേണം.

അവളുടെ മാസമുറയുടെ ദിവസങ്ങൾ അവസാനിച്ചാൽ പിന്നീട് അവൾ സ്വയം ശുദ്ധിയായതായി കണക്കാക്കുകയും, -രക്തസ്രാവം തുടരുന്നുണ്ട് എങ്കിലും- കുളിച്ച് ശുദ്ധിയാവുകയും ചെയ്യണം.

രക്തസ്രാവമുള്ള 'മുസ്തഹാദ്വ' ഓരോ നിസ്കാരത്തിനും കുളിക്കുക എന്നത് നിർബന്ധമില്ല. ഹദീഥിൽ വന്നതു പോലെ, സ്വഹാബിവനിത ഓരോ നിസ്കാരത്തിനും വേണ്ടി കുളിച്ചത് അവരുടെ സ്വന്തം തിരഞ്ഞെടുപ്പ് പ്രകാരമായിരുന്നു. അത് നിർബന്ധമായിരുന്നു എങ്കിൽ നബി -ﷺ- തൻ്റെ വാക്കാൽ തന്നെ അക്കാര്യം നിർബന്ധമാണെന്ന് പറയുമായിരുന്നു.

രക്തസ്രാവം ഉള്ള സ്ത്രീകൾ ഓരോ നിസ്കാരത്തിന് വേണ്ടിയും വുദൂഅ് ചെയ്യണം. കാരണം അവരുടെ വുദൂഅ് നഷ്ടപ്പെടുത്തുന്ന കാര്യം തുടർച്ചയായി സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. വുദൂഅ് മുറിക്കുന്ന കാര്യം മറ്റേതെങ്കിലും രൂപത്തിൽ തുടർച്ചയായി സംഭവിക്കുന്നുണ്ട് എങ്കിലും ഇതേ വിധി ബാധകമാണ്. മൂത്രവാർച്ചയോ തുടർച്ചയായി കീഴ്ശ്വാസം പുറപ്പെടുകയോ ചെയ്യുന്ന അവസ്ഥ ഉദാഹരണം.

മതവിധികളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഉണ്ടായാൽ അവയെ കുറിച്ച് പണ്ഡിതന്മാരോട് ചോദിച്ചറിയണം. നബി -ﷺ- യോട് ഈ സ്വഹാബീ വനിത തൻ്റെ സംശയം ചോദിച്ചറിഞ്ഞത് അതിനുള്ള മാതൃകയാണ്.

التصنيفات

ആർത്തവം, പ്രസവകാലം, രക്തസ്രാവം