ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ…

ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബ്റിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും

മുഅ്മീനീങ്ങളുടെ മാതാവ്, ആഇശ -رَضِيَ اللَّهُ عَنْهَا- നിവേദനം: ഉമ്മു സലമ -رَضِيَ اللَّهُ عَنْهَا- ഒരിക്കൽ അവർ അബ്സീനിയയിൽ കണ്ട ഒരു ക്രൈസ്തവ ദേവാലയത്തെ കുറിച്ച് നബി -ﷺ- യോട് പറഞ്ഞു. മാരിയഃ എന്നായിരുന്നു അതിൻ്റെ പേര്. അവിടെ കണ്ട രൂപനിർമ്മിതികളെ കുറിച്ചും അവർ നബി -ﷺ- യോട് പറഞ്ഞു. (അതെല്ലാം കേട്ടപ്പോൾ) അവിടുന്ന് പറഞ്ഞു: "ആ ജനത; അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു ദാസൻ - അല്ലെങ്കിൽ ഒരു സച്ചരിതനായ വ്യക്തി- മരണപ്പെട്ടാൽ അദ്ദേഹത്തിൻ്റെ ഖബ്റിന് മേൽ അവർ കെട്ടിടം പണിയുകയും, അവിടെ അത്തരം രൂപങ്ങൾ നിർമ്മിക്കുകയും ചെയ്യും. സൃഷ്ടികളിൽ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാർ അക്കൂട്ടരാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യോട് ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- അവർ അബ്സീനിയയിൽ കണ്ട കാഴ്ച്ചകളെ കുറിച്ച് വിവരിച്ചു നൽകിയ സംഭവമാണ് ആഇശാ -رَضِيَ اللَّهُ عَنْهَا- ഈ ഹദീഥിൽ വിവരിക്കുന്നത്. മാരിയഃ എന്ന് പേരുള്ള ഒരു ക്രൈസ്തവ ആരാധനാലയം അവർ അവിടെ കാണുകയുണ്ടായി; അതിൽ ഉമ്മു സലമഃ -رَضِيَ اللَّهُ عَنْهَا- യെ അത്ഭുതപ്പെടുത്തിയ പലതരം ചിത്രങ്ങളും അലങ്കാരപ്പണികളും രൂപനിർമ്മിതികളുമുണ്ടായിരുന്നു. അപ്പോൾ ഈ ചിത്രങ്ങളുടെയും രൂപങ്ങളുടെയും നിർമ്മിതിക്ക് പിന്നിലുള്ള കാരണം നബി -ﷺ- അവർക്ക് വിവരിച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു: നീ ഈ പറഞ്ഞ വിഭാഗം ജനങ്ങൾ അവരിൽ ഏതെങ്കിലും സച്ചരിതനായ ഒരു വ്യക്തി മരണപ്പെട്ടാൽ അയാളുടെ ഖബ്റിന് മീതെ ആരാധനാലയം പണിയുകയും, അവിടെ നമസ്കാരം നിർവ്വഹിക്കുകയും, ഇത്തരം ചിത്രപ്പണികൾ അവിടെ ഉണ്ടാക്കിവെക്കുകയും ചെയ്യുമായിരുന്നു. ഈ പ്രവർത്തി ചെയ്യുന്നവർ അല്ലാഹുവിങ്കൽ ഏറ്റവും മോശക്കാരായ വിഭാഗമാണ് എന്ന് കൂടി നബി -ﷺ- കൂട്ടിച്ചേർത്തു. കാരണം അത് അല്ലാഹുവിൽ പങ്കുചേർക്കുന്നതിലേക്ക് നയിക്കും.

فوائد الحديث

ഖബ്റുകൾക്ക് മീതെ മസ്ജിദുകൾ പണിയുക, അതിനടുത്ത് വെച്ച് നമസ്കാരം നിർവ്വഹിക്കുക, അല്ലെങ്കിൽ മരണപ്പെട്ടവരെ മസ്ജിദിൽ മറമാടുക എന്നതെല്ലാം നിഷിദ്ധമാണ്. ശിർക്ക് എന്ന തിന്മയിലേക്ക് നയിക്കുന്ന വഴികളെ തടയുക എന്നതിൻ്റെ ഭാഗമാണ് ഈ വിധിവിലക്കുകൾ.

ഖബ്റുകൾക്ക് മീതെ ആരാധനാലയങ്ങൾ പണിയുകയും, അവിടെ ചിത്രപ്പണികൾ സ്ഥാപിക്കുകയും ചെയ്യുക എന്നത് യഹൂദരുടെയും നസ്വാറാക്കളുടെയും പ്രവർത്തിയിൽ പെട്ടതാണ്. ആരെങ്കിലും ഈ പ്രവർത്തി ചെയ്യുന്നുവെങ്കിൽ അവർ അക്കൂട്ടരോട് സദൃശ്യരായിരിക്കുന്നു.

ജീവനുള്ളവയുടെ രൂപങ്ങളും ചിത്രങ്ങളും നിർമ്മിക്കുക എന്നത് നിഷിദ്ധമാണ്.

ആരെങ്കിലും ഖബ്റിൻ്റെ മേൽ മസ്ജിദ് നിർമ്മിക്കുകയും, അവിടെ ചിത്രരൂപങ്ങൾ നിർമ്മിക്കുകയും ചെയ്താൽ അവൻ അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും മോശപ്പെട്ടവനാണ്.

ശരീഅത്ത് തൗഹീദിന്റെ ഭാഗം പരിപൂർണ്ണമായി സംരക്ഷിച്ചു; ശിർക്കിലേക്ക് നയിക്കുന്ന എല്ലാ മാർഗങ്ങളെയും അത് കൊട്ടിയടച്ചു.

സച്ചരിതരായ വ്യക്തികളുടെ കാര്യത്തിൽ അതിരു കവിയുന്നത് വിലക്കപ്പെട്ടിരിക്കുന്നു. കാരണം ശിർക്കിൽ ആപതിക്കാനുള്ള കാരണങ്ങളിലൊന്നാണ് അത്.

التصنيفات

ആരാധ്യതയിലുള്ള ഏകത്വം, മസ്ജിദുകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ