ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ! ഇഹലോകത്തിലും പരലോകത്തിലും ആഫിയത്ത് (സൗഖ്യം) ലഭിക്കാൻ…

ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ! ഇഹലോകത്തിലും പരലോകത്തിലും ആഫിയത്ത് (സൗഖ്യം) ലഭിക്കാൻ താങ്കൾ അല്ലാഹുവിനോട് ചോദിക്കുക

അബ്ബാസ് ബ്നു അബ്ദിൽ മുത്ത്വലിബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് പ്രാർത്ഥിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനോട് താങ്കൾ ആഫിയത്ത് (സൗഖ്യം) ചോദിക്കുക." അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ നബി -ﷺ- യുടെ അടുത്ത് ചെന്നു കൊണ്ട് പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അല്ലാഹുവിനോട് ചോദിക്കേണ്ട ഒരു കാര്യം എനിക്ക് പഠിപ്പിച്ചു തന്നാലും." അപ്പോൾ നബി -ﷺ- എന്നോട് പറഞ്ഞു: "ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ! ഇഹലോകത്തിലും പരലോകത്തിലും ആഫിയത്ത് (സൗഖ്യം) ലഭിക്കാൻ താങ്കൾ അല്ലാഹുവിനോട് ചോദിക്കുക."

[സ്വഹീഹുൻ ലി ഗൈരിഹി (മറ്റ് റിപ്പോർട്ടുകളുടെ പിൻബലത്താൽ സ്വഹീഹായത്)]

الشرح

നബി -ﷺ- യുടെ പിതൃസഹോദരനായ അബ്ബാസ് ബ്നു അബ്ദിൽ മുത്വലിബ് -رَضِيَ اللَّهُ عَنْهُ- തനിക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാനായി ഒരു ദുആ പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. 'ദീനിൻ്റെ കാര്യത്തിലും ഇഹപരലോകങ്ങളിലും എല്ലാ വിധ പ്രയാസങ്ങളിൽ നിന്നും ഉപദ്രവങ്ങളിൽ നിന്നും സൗഖ്യമേകാനും സംരക്ഷണം നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിക്കാനാണ്' നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചത്. അബ്ബാസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും എന്തെങ്കിലുമൊരു പ്രാർത്ഥന പഠിപ്പിച്ചു തരാൻ ആവശ്യപ്പെട്ടു കൊണ്ട് നബി -ﷺ- യുടെ അടുത്തേക്ക് ഞാൻ ചെന്നു. അപ്പോൾ അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് 'ഹേ അബ്ബാസ്! അല്ലാഹുവിൻ്റെ ദൂതരുടെ പിതൃസഹോദരനായവരേ!' എന്ന് വിളിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു: ഇഹലോകത്തും പരലോകത്തും എല്ലാ പ്രയാസത്തിൽ നിന്നും രക്ഷിക്കാനും എല്ലാ നന്മകളും ലഭിക്കാനും വേണ്ടി അല്ലാഹുവിനോട് താങ്കൾ സൗഖ്യം (ആഫിയത്ത്) ചോദിക്കുക."

فوائد الحديث

അബ്ബാസ് -رَضِيَ اللَّهُ عَنْهُ- വിനോട് ഒരേ ഉത്തരം തന്നെ നബി -ﷺ- രണ്ടാമത്തെ തവണയും ആവർത്തിച്ചതിൽ നിന്ന് ഒരാൾക്ക് അല്ലാഹുവിനോട് ചോദിക്കാവുന്ന ഏറ്റവും നല്ല കാര്യം ആഫിയത്താണെന്ന് മനസ്സിലാക്കാം.

ആഫിയത്തിൻ്റെ ശ്രേഷ്ഠത. ഇഹലോകത്തെയും പരലോകത്തെയും എല്ലാ നന്മകളും ഒരുമിപ്പിക്കുന്ന കാര്യമാണത്.

തങ്ങളുടെ വിജ്ഞാനവും നന്മകളും വർദ്ധിപ്പിക്കുന്നതിൽ സ്വഹാബികൾക്കുണ്ടായിരുന്ന ശ്രദ്ധയും പരിശ്രമവും.

التصنيفات

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ