അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്

അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്

മുഗീറഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. (അവിടുന്ന് വുദൂഅ് എടുക്കാൻ തുനിഞ്ഞപ്പോൾ) ഞാൻ അവിടുത്തെ കാലുറകൾ അഴിക്കാൻ വേണ്ടി കുനിഞ്ഞു. അപ്പോൾ അവിടുന്ന് പറഞ്ഞു: "അവ രണ്ടും വിട്ടേക്കുക! തീർച്ചയായും ഞാൻ അവ രണ്ടും ധരിച്ചത് ശുദ്ധിയോടെയാണ്." എന്നിട്ട് നബി -ﷺ- അവയുടെ മേൽ തടവി.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- അവിടുത്തെ യാത്രകളിലൊന്നിൽ, വുദൂഅ് എടുക്കുകയായിരുന്നു. അവിടുന്ന് തൻ്റെ കാലുകൾ കഴുകാനുള്ള സമയം എത്തിയപ്പോൽ മുഗീറഃ ബ്നു ശുഅ്ബഃ അവിടുത്തെ തിരുപാദങ്ങളിൽ നിന്ന് നബി -ﷺ- യുടെ കാലുറകൾ ഊരിയെടുക്കാൻ തുനിഞ്ഞു! അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "അവ രണ്ടും താങ്കൾ ഊരേണ്ടതില്ല. ഞാൻ ഈ രണ്ട് ഖുഫ്ഫകളും ധരിച്ചത് എനിക്ക് ശുദ്ധിയുള്ള അവസ്ഥയിലാണ്." ശേഷം നബി -ﷺ- തൻ്റെ കാലുകൾ കഴുകുന്നതിന് പകരം രണ്ട് ഖുഫ്ഫകളുടെയും മേൽ തടവി.

فوائد الحديث

വുദൂഇൻ്റെ സന്ദർഭത്തിൽ, ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ വേണ്ടി രണ്ട് ഖുഫ്ഫകളുടെയും മേൽ തടവൽ അനുവദനീയമാണ്. എന്നാൽ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാവാൻ കുളിക്കുന്ന സന്ദർഭത്തിൽ രണ്ട് കാലുകളും കഴുകുക തന്നെ വേണം.

നനവുള്ള കൈകൾ കൊണ്ട് ഒരു തവണ ഖുഫ്ഫയുടേ മുകളിൽ തടവുക എന്നതാണ് അതിൻ്റെ രൂപം. ഖുഫ്ഫയുടെ മേൽഭാഗം മാത്രമാണ് തടവേണ്ടത്; താഴ്ഭാഗം തടവേണ്ടതില്ല.

രണ്ട് ഖുഫ്ഫകളുടെ മേലും തടവാൻ അനുവാദമുണ്ടാകണമെങ്കിൽ പാലിച്ചിരിക്കേണ്ട ചില നിബന്ധനകളുണ്ട്. (1) രണ്ട് ഖുഫ്ഫകളും പൂർണ്ണമായും വുദൂഅ് ചെയ്ത് -കാലുകളടക്കം വെള്ളം കൊണ്ട് കഴുകിയ ശേഷം- ധരിച്ചതായിരിക്കണം. (2) വുദൂഇൻ്റെ സന്ദർഭത്തിൽ നിർബന്ധമായും കഴുകേണ്ട കാലിൻ്റെ ഭാഗങ്ങൾ മറക്കുന്ന തരത്തിലുള്ള ഖുഫ്ഫയായിരിക്കണം ധരിച്ചിരിക്കുന്നത്. (3) ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ മാത്രമേ ഖുഫ്ഫയുടെ മേൽ തടവാൻ പാടുള്ളൂ; ജനാബത്തിൽ നിന്ന് ശുദ്ധിയാകാനോ കുളി നിർബന്ധമായ കാര്യങ്ങൾ ഉണ്ടായാലോ ഖുഫ്ഫയിൽ തടവിയാൽ മതിയാവുകയില്ല.(4) ഖുഫ്ഫയുടെ മേൽ തടവാൻ അനുവാദം നൽകപ്പെട്ട സമയപരിധിക്കുള്ളിലായിരിക്കണം; നാട്ടിൽ താമസിക്കുന്ന വ്യക്തിക്ക് ഒരു പകലും രാത്രിയും, യാത്രക്കാർക്ക് മൂന്ന് പകലും മൂന്ന് രാത്രികളും എന്നതാണ് ഈ സമയപരിധി.

രണ്ട് കാലുകളും മറക്കുന്ന തരത്തിലുള്ള ഷോക്സുകളും മറ്റും ഖുഫ്ഫകളുടേതിന് സമാനമാണ്. അവയുടെ മേലും തടവാം.

നബി -ﷺ- യുടെ ഉൽകൃഷ്ടമായ സ്വഭാവവും, അവിടുത്തെ മാന്യമായ അദ്ധ്യാപനവും. ഖുഫ്ഫ ഊരാൻ ശ്രമിച്ച മുഗീറയെ അതിൽ നിന്ന് തടഞ്ഞ ശേഷം നബി -ﷺ- അതിൻ്റെ പിന്നിലുള്ള കാരണം അദ്ദേഹത്തിന് വിവരിച്ചു കൊടുക്കുന്നു. മുഗീറയുടെ മനസ്സ് ശാന്തമാകാനും, അദ്ദേഹത്തിന് ഒരു മതവിധി പഠിക്കാനും അതിലൂടെ കഴിഞ്ഞു.

التصنيفات

യാത്രയുടെ മര്യാദകളും വിധിവിലക്കുകളും, ഖുഫ്ഫകളുടെയും മറ്റും മേൽ തടവൽ