- അവൻ്റെ പ്രവർത്തനം എന്താണെങ്കിലും അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്

- അവൻ്റെ പ്രവർത്തനം എന്താണെങ്കിലും അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്

ഉബാദത് ബ്നു സ്വാമിത് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും (ലാ ഇലാഹ ഇല്ലല്ലാഹ്), (ആരാധിക്കപ്പെടാനുള്ള അർഹത) അവന് മാത്രമേയുള്ളുവെന്നും, അതിൽ അവന് ഒരു പങ്കാളിയും ഇല്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്നും (മുഹമ്മദുൻ അബ്ദുഹു വ റസൂലുഹു), ഈസ -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനും, മർയമിലേക്ക് ഇട്ടുനൽകിയ അല്ലാഹുവിൻ്റെ വചനവും, അവൻ്റെ പക്കൽ നിന്നുള്ള ആത്മാവുമാണെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും ഒരാൾ സാക്ഷ്യം വഹിച്ചാൽ - അവൻ്റെ പ്രവർത്തനം എന്താണെങ്കിലും അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്നതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരാൾ അല്ലാഹുവിൻ്റെ ഏകത്വം പ്രഖ്യാപിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന കലിമതുത്തൗഹീദിൻ്റെ വാക്ക് അർത്ഥമറിഞ്ഞു കൊണ്ടും, അതിൻ്റെ ഉദ്ദേശ്യങ്ങൾ പ്രാവർത്തികമാക്കി കൊണ്ടും ഉച്ചരിക്കുകയും, മുഹമ്മദ് നബി -ﷺ- യുടെ സന്ദേശത്തിലും അവിടുന്ന് അല്ലാഹുവിൻ്റെ അടിമയാണെന്നും സാക്ഷ്യം വഹിക്കുകയും, ഈസാ നബി -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ അടിമയാണെന്നും, അല്ലാഹുവിൻ്റെ ദൂതനായിരുന്നുവെന്നും അംഗീകരിക്കുകയും, അല്ലാഹു അദ്ദേഹത്തെ 'ഉണ്ടാകൂ' എന്നർത്ഥമുള്ള 'കുൻ' എന്ന വാക്ക് കൊണ്ടാണ് സൃഷ്ടിച്ചത് എന്നും, അങ്ങനെയാണ് അദ്ദേഹം ഉണ്ടായതെന്നും, അല്ലാഹു സൃഷ്ടിച്ച ആത്മാക്കളിൽ പെട്ട ഒരു ആത്മാവാണ് (റൂഹ്) അദ്ദേഹമെന്നും, യഹൂദർ അദ്ദേഹത്തിൻ്റെ മാതാവിനെതിരെ ആരോപിച്ച കാര്യത്തിൽ നിന്ന് അവർ പരിശുദ്ധയായിരുന്നുവെന്നും, സ്വർഗം സത്യമാണെന്നും, നരകം സത്യമാണെന്നും, അവ നിലവിൽ നിലനിൽക്കുന്നുണ്ട് എന്നും, അല്ലാഹുവിൻ്റെ അനുഗ്രഹമാണ് സ്വർഗമെന്നും, അവൻ്റെ ശിക്ഷയാണ് നരകമെന്നും, വിശ്വസിച്ചു കൊണ്ട് മരിക്കുകയാണെങ്കിൽ -അവൻ്റെ നന്മകളിൽ കുറവുകൾ സംഭവിച്ചിട്ടുണ്ട് എങ്കിലും, അവൻ തെറ്റുകൾ ചെയ്തിട്ടുണ്ട് എങ്കിലും- അവൻ്റെ പര്യവസാനം സ്വർഗമായിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു.

فوائد الحديث

അല്ലാഹു ഈസാ നബി -عَلَيْهِ السَّلَامُ- യെ ഒരു പിതാവില്ലാതെ, ഉണ്ടാകൂ എന്നർത്ഥമുള്ള 'കുൻ' എന്ന പദത്തിലൂടെയാണ് സൃഷ്ടിച്ചത്.

ഈസാ -عَلَيْهِ السَّلَامُ- യും മുഹമ്മദ് നബി -ﷺ- യും അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണെന്ന് ഒരുമിച്ചു പറഞ്ഞതിൽ നിന്ന് അവർ ദൂതന്മാരാണെന്നതിനാൽ അവരെ രണ്ടു പേരെയും കളവാക്കരുതെന്നും, അവർ അല്ലാഹുവിൻ്റെ അടിമകളാണെന്നതിനാൽ അവരെ ആരാധിക്കരുതെന്നുമുള്ള പാഠമുണ്ട്.

തൗഹീദിൻ്റെ ശ്രേഷ്ഠത, അത് തിന്മകൾ പൊറുക്കപ്പെടാനുള്ള കാരണമാണ്. തൗഹീദിൻ്റെ മാർഗം പിൻപറ്റിയവൻ സ്വർഗത്തിൽ എത്തിച്ചേരും - അവൻ്റെ പക്കൽ നിന്ന് ചില തിന്മകൾ സംഭവിച്ചാൽ പോലും-.

التصنيفات

അല്ലാഹുവിലുള്ള വിശ്വാസം, അന്ത്യ ദിനത്തിലുള്ള വിശ്വാസം, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ