ഞാൻ പറയാതെവിട്ട കാര്യങ്ങൾ നിങ്ങൾ (ചോദിക്കാതെ) വിടുക. നിങ്ങൾക്ക് മുൻപുള്ളവർ നശിച്ചത് അവരുടെ അധികരിച്ച…

ഞാൻ പറയാതെവിട്ട കാര്യങ്ങൾ നിങ്ങൾ (ചോദിക്കാതെ) വിടുക. നിങ്ങൾക്ക് മുൻപുള്ളവർ നശിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും തങ്ങളുടെ നബിമാരോടുള്ള അവരുടെ എതിരിടലും കാരണത്താലാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഞാൻ പറയാതെവിട്ട കാര്യങ്ങൾ നിങ്ങൾ (ചോദിക്കാതെ) വിടുക. നിങ്ങൾക്ക് മുൻപുള്ളവർ നശിച്ചത് അവരുടെ അധികരിച്ച ചോദ്യങ്ങളും തങ്ങളുടെ നബിമാരോടുള്ള അവരുടെ എതിരിടലും കാരണത്താലാണ്. അതിനാൽ ഞാൻ നിങ്ങളോട് വല്ലതും വിലക്കിയാൽ നിങ്ങൾ അത് അകറ്റി നിർത്തുക. ഞാൻ നിങ്ങളോട് ഒരു കാര്യം കൽപ്പിച്ചാൽ -നിങ്ങൾക്ക് സാധ്യമാകുന്നിടത്തോളം- അത് നിങ്ങൾ ചെയ്യുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഇസ്‌ലാമിക വിധിവിലക്കുകൾ മൂന്നു വിധത്തിലുണ്ടെന്ന് നബി -ﷺ- അറിയിക്കുന്നു; നിശബ്ദത പാലിക്കപ്പെട്ട കാര്യങ്ങളും, വിലക്കപ്പെട്ട കാര്യങ്ങളും, കൽപ്പിക്കപ്പെട്ട കാര്യങ്ങളും. ഒന്നാമത്തേത്; ഇസ്‌ലാം നിശബ്ദത പാലിച്ച വിഷയങ്ങളാണ്. പ്രത്യേകിച്ചൊരു വിധി വന്നിട്ടില്ലാത്ത ഇത്തരം കാര്യങ്ങളിൽ, അവയൊന്നും നിർബന്ധമല്ല എന്ന അടിത്തറയിൽ നിലയുറപ്പിച്ചാൽ മതിയാകും. നബി -ﷺ- ജീവിച്ചിരിക്കുന്ന കാലഘട്ടത്തിൽ ഇത്തരം വിഷയങ്ങളെ കുറിച്ച് ചോദിക്കുന്നത് നിർബന്ധമായും ഉപേക്ഷിക്കേണ്ടതായിരുന്നു. കാരണം ചോദിക്കപ്പെട്ട വിഷയം നിർബന്ധമാക്കി കൊണ്ടോ, നിഷിദ്ധമാക്കി കൊണ്ടോ വിധി അവതരിക്കാൻ സാധ്യതയുള്ള കാലമായിരുന്നു അത്. ഇത്തരം കാര്യങ്ങളിൽ പ്രത്യേകം വിധി അവതരിപ്പിക്കാതെ വിട്ടത് അല്ലാഹു അവൻ്റെ ദാസന്മാർക്ക് ചെയ്ത കാരുണ്യമാണ്. എന്നാൽ നബി -ﷺ- യുടെ മരണത്തിന് ശേഷം ഇത്തരം വിഷയങ്ങളുടെ വിധി മനസ്സിലാക്കുന്നതിന് വേണ്ടിയോ അവയെ കുറിച്ച് പഠിച്ചറിയുന്നതിന് വേണ്ടിയോ ചോദിക്കുന്നത് അനുവദനീയമാണ്. അല്ല, ഒരു വേള അവ ചോദിച്ചു പഠിക്കുന്നത് കൽപ്പിക്കപ്പെട്ട കാര്യമാണെന്നു തന്നെ പറയാം. എന്നാൽ വിഷയങ്ങളിൽ അനാവശ്യമായ കണിശത പുലർത്തുകയും കൃത്രിമത്വം കാണിക്കുകയും ചെയ്തു കൊണ്ടുള്ള ചോദ്യമാണെങ്കിൽ, അത് ഉപേക്ഷിക്കുക തന്നെ വേണം എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. കാരണം ഇത്തരം ചോദ്യങ്ങൾ ബനൂ ഇസ്റാഈലുകാർക്ക് സംഭവിച്ച അതേ അവസ്ഥയിലേക്ക് എത്തിപ്പെടാനാണ് കാരണമാകുക. അവരോട് ഒരു പശുവിനെ അറുക്കാൻ കൽപ്പിക്കപ്പെട്ട ആദ്യവേളയിൽ ഏതെങ്കിലുമൊരു പശുവിനെ അറുത്തിരുന്നെങ്കിൽ അവർ അല്ലാഹുവിൻ്റെ കൽപ്പന അനുസരിച്ചവരാകുമായിരുന്നു. എന്നാൽ അവർ അനാവശ്യമായ കണിശത കാണിക്കുകയും അവർക്ക് കഠിനമായ വിധിവിലക്കുകൾ നൽകപ്പെടുകയും ചെയ്തു. രണ്ടാമത്തേത്, വിലക്കപ്പെട്ട കാര്യങ്ങളാണ്. അവ ഉപേക്ഷിക്കുന്നതിന് പ്രതിഫലവും പ്രവർത്തിക്കുന്നവന് ശിക്ഷയുമുണ്ടായിരിക്കും. അതിനാൽ വിലക്കപ്പെട്ട കാര്യങ്ങൾ പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് നിർബന്ധമാണ്. മൂന്നാമത്തേത്, കൽപ്പനകളാണ്. അവ പ്രവർത്തിക്കുന്നവന് പ്രതിഫലമുണ്ടായിരിക്കും; ഉപേക്ഷിക്കുന്നവന് ശിക്ഷയും. കൽപ്പിക്കപ്പെട്ട കാര്യങ്ങൾ സാധ്യമാകുന്നിടത്തോളം പ്രവർത്തിക്കുക എന്നത് നിർബന്ധമാണ്.

فوائد الحديث

ഏറ്റവും ആവശ്യമുള്ളതും, കൂടുതൽ പ്രധാനപ്പെട്ടതുമായ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ ആവശ്യമില്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണം ഉപേക്ഷിക്കുകയും, ഇതു വരെ സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കുകയും വേണം.

വിഷയങ്ങൾ കൂടുതൽ പ്രയാസകരമാക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് നിഷിദ്ധമാണ്. മതവിധികൾക്ക് എതിരു പ്രവർത്തിക്കുന്ന തരത്തിൽ ആശയക്കുഴപ്പങ്ങളുടെ വാതിൽ തുറക്കാൻ കാരണമാകുന്നതും പാടില്ല.

വിലക്കപ്പെട്ട കാര്യങ്ങളെല്ലാം ഉപേക്ഷിച്ചിരിക്കണം. കാരണം ഒരു കാര്യം ഉപേക്ഷിക്കുക എന്നത് പ്രത്യേകിച്ചൊരു അധ്വാനവും വേണ്ടതില്ലാത്ത കാര്യമാണ്. ഇതു കൊണ്ടാണ് വിലക്കപ്പെട്ടവ എല്ലാം ഉപേക്ഷിക്കണം എന്ന് പൊതുവായി പറഞ്ഞത്.

കൽപ്പിക്കപ്പെട്ട കാര്യങ്ങൾ പ്രവർത്തിക്കുമ്പോൾ 'സാധ്യമായത്' എന്ന നിബന്ധന വെച്ചിട്ടുണ്ട്; കാരണം ഒരു പ്രവർത്തി ചെയ്യാൻ അദ്ധ്വാനം വേണ്ടതുണ്ട്; ചിലപ്പോൾ അത് പ്രവർത്തിക്കാൻ സാധ്യമല്ലാത്ത സാഹചര്യങ്ങളും ഉണ്ടായേക്കാം. ഇക്കാരണം കൊണ്ടാണ് 'സാധ്യമായത്' എന്ന നിബന്ധന നിശ്ചയിക്കപ്പെട്ടത്.

ചോദ്യങ്ങൾ അധികരിപ്പിക്കുന്നത് ഈ ഹദീഥിൽ വിലക്കപ്പെട്ടിരിക്കുന്നു. പണ്ഡിതന്മാർ ചോദ്യങ്ങളെ രണ്ടായി വിഭജിച്ചതായി കാണാം.

ഒന്ന്: ദീനിൻ്റെ വിഷയങ്ങളിൽ പഠിക്കുന്നതിന് വേണ്ടി ചോദിക്കുക എന്നത്. ഈ ചോദ്യങ്ങൾ വേണ്ട കാര്യമാണ്. സ്വഹാബികളുടെ ചോദ്യങ്ങൾ ഇപ്രകാരമായിരുന്നു.

രണ്ട്: കൃത്രിമത്വമുള്ളതും അനാവശ്യമായതുമായ ചോദ്യങ്ങൾ. ഇത് നിരോധിക്കപ്പെട്ട ചോദ്യങ്ങളിലാണ് ഉൾപ്പെടുക.

മുൻകാല സമൂഹങ്ങൾ ചെയ്തതു പോലെ, തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയോട് എതിരാവുക എന്നതിൽ നിന്നുള്ള ശക്തമായ താക്കീത്.

ആവശ്യമില്ലാത്ത കാര്യങ്ങളെ കുറിച്ചുള്ള അധികരിച്ച ചോദ്യങ്ങളും, നബിമാരുടെ മാർഗത്തിനോട് എതിരാവുക എന്നതും നാശത്തിനുള്ള കാരണമാണ്. പ്രത്യേകിച്ചും, മനുഷ്യർക്ക് എത്തിപ്പെടാൻ സാധിക്കാത്ത വിഷയങ്ങളിലുള്ള ചോദ്യങ്ങൾ. ഉദാഹരണത്തിന്, അല്ലാഹുവിന് മാത്രം അറിയാൻ കഴിയുന്ന അദൃശ്യകാര്യങ്ങളെ കുറിച്ചോ, അന്ത്യനാളിൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ അന്വേഷിക്കുന്നതോ ആയ ചോദ്യങ്ങൾ.

പ്രയാസപ്പെടുത്തുന്ന ചോദ്യങ്ങൾ ഉന്നയിക്കുന്നതിൽ നിന്നുള്ള വിലക്ക്.

ഇമാം ഔസാഈ (റഹി) പറയുന്നു: "ഒരാളിൽ നിന്ന് മതവിജ്ഞാനത്തിൻ്റെ ചൈതന്യം എടുത്തു കളയാൻ അല്ലാഹു ഉദ്ദേശിച്ചാൽ അവൻ്റെ നാവിൽ 'കുഴപ്പിക്കുന്ന ചോദ്യങ്ങൾ' അല്ലാഹു ഇട്ടുനൽകും. ജനങ്ങളിൽ ഏറ്റവും വിജ്ഞാനം കുറഞ്ഞവരായി ഇക്കൂട്ടരെയാണ് ഞാൻ കണ്ടിട്ടുള്ളത്."

ഇബ്നു വഹബ് പറയുന്നു: ഇമാം മാലിക് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: "അല്ലാഹുവിൻ്റെ ദീനുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളിൽ തർക്കിക്കുന്നത് അറിവിൻ്റെ പ്രകാശം ഒരാളുടെ ഹൃദയത്തിൽ നിന്ന് എടുത്തു നീക്കുന്നതാണ്."

التصنيفات

മുൻകഴിഞ്ഞ നബിമാരും റസൂലുകളും, പദസൂചനകളും, അവയിൽ നിന്ന് വിധികൾ ഗ്രഹിച്ചെടുക്കേണ്ടതിൻ്റെ രൂപവും