إعدادات العرض
അല്ലാഹുവേ! എൻ്റെ തെറ്റുകളും വിവരക്കേടും കാര്യങ്ങളിലുള്ള അതിരുകവിയലും എന്നേക്കാൾ നിനക്ക് അറിവുള്ള എൻ്റെ…
അല്ലാഹുവേ! എൻ്റെ തെറ്റുകളും വിവരക്കേടും കാര്യങ്ങളിലുള്ള അതിരുകവിയലും എന്നേക്കാൾ നിനക്ക് അറിവുള്ള എൻ്റെ വീഴ്ചകളും നീ എനിക്ക് പൊറുത്തു തരേണമേ! അല്ലാഹുവേ! അബദ്ധങ്ങളും, ബോധപൂർവ്വം ചെയ്തതും അവിവേകങ്ങളും തമാശയായി ചെയ്തതും, നീയെനിക്ക് പൊറുത്തു തരേണമേ! ഈ പറഞ്ഞതെല്ലാം എന്നിലുണ്ട്. അല്ലാഹുവേ! ഞാൻ മുന്തിച്ചു വെച്ചതും പിന്തിച്ചു വെച്ചതും, ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ! നീയാകുന്നു കാര്യങ്ങളെ മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു
അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! എൻ്റെ തെറ്റുകളും വിവരക്കേടും കാര്യങ്ങളിലുള്ള അതിരുകവിയലും എന്നേക്കാൾ നിനക്ക് അറിവുള്ള എൻ്റെ വീഴ്ചകളും നീ എനിക്ക് പൊറുത്തു തരേണമേ! അല്ലാഹുവേ! അബദ്ധങ്ങളും, ബോധപൂർവ്വം ചെയ്തതും അവിവേകങ്ങളും തമാശയായി ചെയ്തതും, നീയെനിക്ക് പൊറുത്തു തരേണമേ! ഈ പറഞ്ഞതെല്ലാം എന്നിലുണ്ട്. അല്ലാഹുവേ! ഞാൻ മുന്തിച്ചു വെച്ചതും പിന്തിച്ചു വെച്ചതും, ഞാൻ രഹസ്യമാക്കിയതും പരസ്യമാക്കിയതും നീ എനിക്ക് പൊറുത്തു തരേണമേ! നീയാകുന്നു കാര്യങ്ങളെ മുന്തിക്കുന്നവനും പിന്തിക്കുന്നവനും. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനുമാകുന്നു."
الترجمة
العربية বাংলা Bosanski English Español فارسی Français Bahasa Indonesia Русский Tagalog Türkçe اردو 中文 हिन्दी Tiếng Việt සිංහල ئۇيغۇرچە Hausa Kurdî Português தமிழ் Nederlands অসমীয়া Oromoo Kiswahili ગુજરાતી پښتو አማርኛ ไทย Română Deutsch नेपाली Кыргызча ქართული Moore Magyar తెలుగుالشرح
നബി -ﷺ- യുടെ പ്രാർത്ഥനകളിൽ ഏറെ ആശയസമ്പുഷ്ടമായ പ്രാർത്ഥനകളിലൊന്നാണ് ഇത്. അവിടുന്ന് പറയാറുണ്ടായിരുന്നു: എൻ്റെ റബ്ബേ! എനിക്ക് സംഭവിച്ച അബദ്ധങ്ങളും തിന്മകളും എൻ്റെ പക്കൽ നിന്ന് അറിവില്ലാതെ സംഭവിച്ച തെറ്റുകളും നീ എനിക്ക് പൊറുത്തു തരണേ! എൻ്റെ എല്ലാ കാര്യങ്ങളിലും സംഭവിച്ചു പോയ കുറവുകളും അതിരുകവിച്ചിലുകളും പരിധി ലംഘനങ്ങളും എനിക്ക് പൊറുത്തു തരണേ! എൻ്റെ പക്കലുള്ള തിന്മകളിൽ നിന്ന് ഞാൻ മറന്നു പോയ -എന്നാൽ നീ അറിഞ്ഞിട്ടുള്ള- തിന്മകളും നീ പൊറുത്തു തരേണമേ! ഞാൻ ബോധപൂർവ്വം പ്രവർത്തിച്ചതും തിന്മയാണെന്നറിഞ്ഞിട്ടും ചെയ്ത തെറ്റുകളും നീ പൊറുക്കണേ! തമാശയായി സംഭവിച്ചതും ഗൗരവത്തിൽ ചെയ്തതുമായ തിന്മകളും പൊറുത്തു തരണേ! ഇത്രയും ഞാൻ പറഞ്ഞതെല്ലാം -ഈ വിധത്തിലുള്ള തിന്മകളെല്ലാം- ഞാൻ ചെയ്തു പോയിരിക്കുന്നു. അവയെല്ലാം എൻ്റെ പക്കലുണ്ട്. എൻ്റെ കഴിഞ്ഞു പോയതും സംഭവിച്ചു കഴിഞ്ഞതുമായ തിന്മകളും, വരാനിരിക്കുന്ന തിന്മകളും എനിക്ക് നീ പൊറുത്തു തരണമേ! ഞാൻ രഹസ്യമാക്കിയതും ഒളിപ്പിച്ചു വെച്ചതും, ഞാൻ പരസ്യമാക്കിയതും പ്രകടമാക്കിയതുമായ തിന്മകൾ പൊറുത്തു തരണേ! നീയാകുന്നു മുഖദ്ദിമും മുഅഖ്ഖിറും ആയവൻ: നിൻ്റെ സൃഷ്ടികളിൽ നീ ഉദ്ദേശിക്കുന്നവരെ -നിൻ്റെ കാരുണ്യത്താൽ- നിനക്ക് തൃപ്തികരമായതിലേക്ക് നീ വഴികാട്ടുന്നു. നീ ഉദ്ദേശിച്ചവരെ നീ അതിലേക്ക് എത്താൻ കഴിയാത്ത വിധം പരാജിതരാക്കുകയും ചെയ്യുന്നു. നീ പിന്നോട്ട് വെച്ചതിനെ മുന്നിലേക്ക് വെക്കാനോ, നീ മുന്നിലേക്ക് വെച്ചതിനെ പിന്നോട്ടാക്കാനോ ഒരാളുമില്ല. നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു; ഉദ്ദേശിച്ചതെല്ലാം നടപ്പിലാക്കാനും, പ്രവർത്തിക്കാനും അങ്ങേയറ്റം കഴിവുള്ളവനാകുന്നു നീ.فوائد الحديث
ഈ പ്രാർത്ഥനയുടെ ശ്രേഷ്ഠത. നബി -ﷺ-യെ മാതൃകയാക്കിക്കൊണ്ട് ഈ പ്രാർത്ഥന ചൊല്ലാൻ പരിശ്രമിക്കുക.
അതിരുകവിയുന്നത് വിലക്കപ്പെട്ട കാര്യമാണ്; അതിരുകവിയുന്നവർ ശിക്ഷ ലഭിക്കാൻ അർഹരുമാണ്.
ഒരു മനുഷ്യന് സ്വന്തത്തെ കുറിച്ച് അറിയുന്നതിനേക്കാൾ അല്ലാഹുവിന് അവനെ കുറിച്ച് അറിയാം. അതിനാൽ തൻ്റെ കാര്യം അവൻ അല്ലാഹുവിനെ ഏൽപ്പിക്കട്ടെ; കാരണം, അവൻ പോലുമറിയാതെ അവന് അബദ്ധം സംഭവിച്ചു പോയേക്കാം.
ഒരാളുടെ ബോധപൂർവ്വമുള്ള കാര്യങ്ങൾക്ക് ശിക്ഷ ലഭിക്കുന്നത് പോലെ അയാളുടെ തമാശകൾക്കും ശിക്ഷ ലഭിച്ചേക്കാം. അതിനാൽ ശ്രദ്ധാപൂർവ്വം മാത്രമേ തമാശകൾ പറയാവൂ .
ഇബ്നു ഹജർ അസ്ഖലാനി -رَحِمَهُ اللَّهُ- പറയുന്നു: "ഈ ഹദീഥിൻ്റെ വ്യത്യസ്ത നിവേദനങ്ങളിലേതിലും ഈ പ്രാർത്ഥന ചൊല്ലേണ്ട സമയമോ സന്ദർഭമോ വിവരിക്കപ്പെട്ടതായി ഞാൻ കണ്ടിട്ടില്ല. ഈ പ്രാർത്ഥനയുടെ അവസാനത്തിൻ്റെ പ്രധാനഭാഗങ്ങളെല്ലാം ... നബി -ﷺ- തൻ്റെ രാത്രി നിസ്കാരത്തിൽ ചൊല്ലാറുണ്ടായിരുന്നതായി ചില ഹദീഥുകളിൽ വന്നിട്ടുണ്ട്. നിസ്കാരത്തിൻ്റെ അവസാനത്തിലായിരുന്നു അവിടുന്ന് അത് ചൊല്ലിയിരുന്നത് എന്നും ഹദീഥുകളിലുണ്ട്. സലാം വീട്ടുന്നതിന് മുൻപായിരുന്നു അവിടുന്ന് ഇപ്രകാരം ചൊല്ലിയിരുന്നത് എന്നും, ശേഷമാണ് ചൊല്ലിയിരുന്നത് എന്നും ഹദീഥിൻ്റെ നിവേദനങ്ങളിൽ വന്നിട്ടുണ്ട്."
നബി -ﷺ- പാപമോചനം ചെയ്തിരുന്നത് അവിടുന്ന് തെറ്റുകൾ പ്രവർത്തിച്ചത് കാരണമായിരുന്നോ എന്ന് ചിലർ ചോദിച്ചേക്കാം. നബി -ﷺ- യുടെ വിനയത്തിൻ്റെയും തൻ്റെ സ്വന്തത്തിനെ താഴ്മയോടെ സമീപിക്കുന്നതിൻ്റെയും അടയാളമായിരുന്നു അവിടുത്തെ പാപമോചനതേട്ടങ്ങൾ എന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. (രണ്ട് നന്മകളിൽ) ഏറ്റവും പൂർണ്ണമായത് പ്രവർത്തിക്കാൻ സാധിക്കാതെ പോകുന്നതും, രണ്ട് കാര്യങ്ങളിൽ ഏറ്റവും അനുയോജ്യമായത് സ്വീകരിക്കാൻ കഴിയാതെ പോകുന്നതും അവിടുന്ന് തിന്മയായി കണക്കാക്കുകയും അതിൽ നിന്ന് പാപമോചനം തേടുകയുമാണ് ചെയ്തിരുന്നത് എന്നും ചിലർക്ക് വീക്ഷണമുണ്ട്. മറന്നു കൊണ്ട് ചെയ്തു പോയേക്കാവുന്നതോ,
നുബുവ്വത്തിന് മുൻപ് സംഭവിച്ചു പോയതോ ആയ കാര്യങ്ങളിൽ നിന്നായിരുന്നു അവിടുന്ന് പശ്ചാത്താപം തേടിയത് എന്നും ചിലർക്ക് അഭിപ്രായമുണ്ട്. മറ്റു ചിലർ പറഞ്ഞു: അല്ലാഹുവിനോട് പാപമോചനം തേടുക എന്നതും പശ്ചാത്താപം ചോദിക്കുക എന്നതും ഇബാദത്തിൻ്റെ
ഭാഗമായി നിർവ്വഹിക്കേണ്ട കാര്യമാണ്. അവിടുത്തേക്ക് പൊറുക്കപ്പെടേണ്ട പാപങ്ങളില്ലായിരുന്നെങ്കിലും അവ ഇബാദത്തിൻ്റെ ഭാഗമായി അവിടുന്ന് ചെയ്യേണ്ട പ്രവൃത്തിയായിരുന്നു. മറ്റു ചിലർ പറഞ്ഞു: തൻ്റെ ഉമ്മത്തിന് പശ്ചാത്താപത്തിൻ്റെയും പാപമോചനത്തിൻ്റെയും പ്രാധാന്യം പഠിപ്പിക്കാനും ഓർമ്മപ്പെടുത്താനും, അവർ ഇസ്തിഗ്ഫാർ ഉപേക്ഷിക്കാതിരിക്കാനുമുള്ള മാതൃകയാണ് നബി -ﷺ- കാണിച്ചു നൽകിയത്.