നീ ഥാബിതിൻ്റെ അടുത്ത് ചെല്ലുകയും, 'താങ്കൾ നരകക്കാരിൽ പെട്ടവനല്ല; മറിച്ച്, സ്വർഗക്കാരിൽ പെട്ടവനാണ്' എന്ന്…

നീ ഥാബിതിൻ്റെ അടുത്ത് ചെല്ലുകയും, 'താങ്കൾ നരകക്കാരിൽ പെട്ടവനല്ല; മറിച്ച്, സ്വർഗക്കാരിൽ പെട്ടവനാണ്' എന്ന് അറിയിക്കുകയും ചെയ്യുക

അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഥാബിത് ബ്നു ഖയ്സിനെ (കാണാതെ വന്നപ്പോൾ അദ്ദേഹം) എവിടെയെന്ന് അന്വേഷിക്കുകയുണ്ടായി. അപ്പോൾ ഒരാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ അദ്ദേഹത്തിൻ്റെ വിവരം അന്വേഷിച്ച് താങ്കളെ അറിയിക്കാം." അങ്ങനെ അദ്ദേഹം ഥാബിതിനെ സന്ദർശിച്ചപ്പോൾ അദ്ദേഹം തൻ്റെ വീട്ടിൽ തലതാഴ്ത്തി (ചടഞ്ഞിരിക്കുന്നതായാണ്) കണ്ടത്. അപ്പോൾ അന്വേഷകൻ ചോദിച്ചു: "താങ്കൾക്ക് എന്തു പറ്റി?" ഥാബിത് പറഞ്ഞു: "അപകടം തന്നെ!" താൻ നബി -ﷺ- യുടെ ശബ്ദത്തെക്കാൾ ശബ്ദമുയർത്താറുണ്ടായിരുന്നതിനാൽ തൻ്റെ പ്രവർത്തനങ്ങൾ നിഷ്ഫലമായിരിക്കുന്നു എന്നും, താൻ നരകക്കാരിൽ പെട്ടിരിക്കുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. അങ്ങനെ (അന്വേഷിച്ചു പോയ) വ്യക്തി നബി -ﷺ- യുടെ അരികിൽ വന്ന് ഥാബിത് -رَضِيَ اللَّهُ عَنْهُ- ഇപ്രകാരം പറഞ്ഞതായി അറിയിച്ചു. എന്നാൽ മഹത്തരമായ ഒരു സന്തോഷവാർത്തയുമായാണ് അവസാനം അദ്ദേഹം മടങ്ങിയത്. നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "നീ ഥാബിതിൻ്റെ അടുത്ത് ചെല്ലുകയും, 'താങ്കൾ നരകക്കാരിൽ പെട്ടവനല്ല; മറിച്ച്, സ്വർഗക്കാരിൽ പെട്ടവനാണ്' എന്ന് അറിയിക്കുകയും ചെയ്യുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഥാബിത് ബ്നു ഖയ്സിനെ തൻ്റെ സദസ്സിൽ കാണാതെ വന്നപ്പോൾ നബി -ﷺ- അദ്ദേഹത്തെ കുറിച്ച് അന്വേഷിച്ചു. അപ്പോൾ ഒരാൾ പറഞ്ഞു: "അദ്ദേഹം വരാതിരിക്കാനുള്ള കാരണമെന്താണെന്നും, അദ്ദേഹത്തിന് പറയാനുള്ളതെന്താണെന്നും ഞാൻ അന്വേഷിച്ച് അറിയിക്കാം." അങ്ങനെ ഥാബിതിൻ്റെ അരികിൽ ചെന്നപ്പോൾ അദ്ദേഹമതാ ദുഖിതനായി തലയും താഴ്ത്തി തൻ്റെ വീട്ടിൽ ഇരിക്കുന്നു. അന്വേഷകൻ ചോദിച്ചു: "താങ്കൾക്ക് എന്തു പറ്റി?!" ഥാബിത് തന്നെ ബാധിച്ച പ്രയാസത്തെ കുറിച്ച് അദ്ദേഹത്തെ അറിയിച്ചു. താൻ നബി -ﷺ- യുടെ ശബ്ദത്തേക്കാൾ ശബ്ദം ഉയർത്താറുണ്ടായിരുന്നു എന്നും, അങ്ങനെ ശബ്ദം ഉയർത്തുന്നവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാകുമെന്നും, അവർ നരകക്കാരിൽ ഉൾപ്പെടുമെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. നബി -ﷺ- യുടെ അരികിലേക്ക് അന്വേഷകൻ തിരിച്ചു വരികയും ഇക്കാര്യമെല്ലാം അവിടുത്തെ അറിയിക്കുകയും ചെയ്തു. എന്നാൽ ഥാബിതിൻ്റെ അരികിലേക്ക് മടങ്ങിച്ചെല്ലാനും, അദ്ദേഹം നരകക്കാരിൽ പെട്ടവനല്ല എന്നും, മറിച്ച് സ്വർഗക്കാരിൽ പെട്ടവനാണെന്നും അദ്ദേഹത്തെ അറിയിക്കണമെന്നുമാണ് നബി -ﷺ- കൽപ്പിച്ചത്. കാരണം ഥാബിതിൻ്റെ പ്രകൃതം തന്നെ ഉയർന്ന ശബ്ദമുള്ളതായിരുന്നു. നബി -ﷺ- യുടെ പ്രാസംഗികനും, അൻസ്വാരികളുടെ ഖതീബ് എന്നും അറിയപ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.

فوائد الحديث

ഥാബിത് ബ്നു ഖയ്സ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠതയും, അദ്ദേഹം സ്വർഗക്കാരിൽ പെട്ടവനാണെന്ന സന്തോഷവാർത്തയും.

സ്വഹാബികളുടെ കാര്യത്തിലുള്ള നബി -ﷺ- യുടെ ശ്രദ്ധയും, അവരെക്കുറിച്ചുള്ള പ്രവാചകൻറെ അന്വേഷിണവും

തങ്ങളുടെ പ്രവർത്തനങ്ങൾ നിഷ്ഫലമായി പോകുമോ എന്ന സ്വഹാബികളുടെ ഭയം.

നബി -ﷺ- യുടെ ജീവിതകാലത്ത് അവിടുത്തോട് സംസാരിക്കുമ്പോൾ പാലിച്ചിരിക്കേണ്ട നിർബന്ധ മര്യാദകൾ നോക്കൂ; അവിടുത്തെ വഫാത്തിന് ശേഷം നബി -ﷺ- യുടെ ഹദീഥുകൾ കേൾക്കുമ്പോഴും ശബ്ദം താഴ്ത്തേണ്ടതുണ്ട്.

التصنيفات

സ്വഹാബികളുടെ ശ്രേഷ്ഠത