തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ തലമുറകളായി…

തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ തലമുറകളായി ജീവിപ്പിക്കുന്നതാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുന്നതിനാണത്. അതിനാൽ നിങ്ങൾ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക

അബൂ സഈദ് അൽഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും ഇഹലോകം മധുരമുള്ളതും പച്ചപ്പുള്ളതുമാണ്. അല്ലാഹുവാകട്ടെ, നിങ്ങളെ അവിടെ തലമുറകളായി ജീവിപ്പിക്കുന്നതാണ്. നിങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കുന്നതിനാണത്. അതിനാൽ നിങ്ങൾ ദുനിയാവിനെ സൂക്ഷിക്കുക. സ്ത്രീകളെയും നിങ്ങൾ സൂക്ഷിക്കുക. ബനൂ ഇസ്രാഈലുകാരിലെ ആദ്യത്തെ കുഴപ്പം സ്ത്രീകൾ മുഖേനയായിരുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഇഹലോകം രുചിക്കാൻ മധുരതരവും, കാഴ്ചയിൽ ഹരിതശോഭയുള്ളതുമാണെന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ മനുഷ്യൻ ചിലപ്പോൾ അതിൽ വഞ്ചിതനാവുകയും, അതിൽ പൂർണ്ണമായി വീണുപോവുകയും, തൻ്റെ ഏറ്റവും വലിയ ലക്ഷ്യമാക്കി ഇഹലോകത്തെ നിശ്ചയിക്കുകയും ചെയ്തേക്കാം. മനുഷ്യരെ ഈ ലോകജീവിതത്തിൽ അല്ലാഹു തലമുറകൾക്ക് ശേഷം തലമുറകളെന്നോണം തുടർച്ചയായി കൊണ്ടുവരുന്നതാണ്. നാം എങ്ങനെ പ്രവർത്തിക്കുന്നുവെന്നും, അല്ലാഹുവിനെ അനുസരിച്ചു കൊണ്ടാണോ അവനെ ധിക്കരിച്ചു കൊണ്ടാണോ നാം കഴിയുന്നതെന്നും നോക്കുന്നതിന് വേണ്ടിയാണ് അവൻ ഇപ്രകാരം നിശ്ചയിച്ചിരിക്കുന്നത്. ശേഷം നബി -ﷺ- പറഞ്ഞു: "ഇഹലോകത്തിൻ്റെ വിഭവങ്ങളും അലങ്കാരങ്ങളും നിങ്ങളെ വഞ്ചിക്കുന്നതിൽ നിന്ന് നിങ്ങൾ കരുതിയിരിക്കുക. അല്ലാഹു നിങ്ങളോട് കൽപ്പിച്ച കാര്യങ്ങൾ ഉപേക്ഷിക്കുന്നതിലേക്കും, അവൻ നിങ്ങളെ വിലക്കിയതിൽ ആപതിക്കുന്നതിലേക്കും അവ നിങ്ങളെ കൊണ്ടെത്തിക്കാതിരിക്കട്ടെ." ഇഹലോകത്തിൻ്റെ പരീക്ഷണങ്ങളിൽ ഏറ്റവും കടുത്തതും ഗുരുതരമായിട്ടുള്ളതും സ്ത്രീകളുമായി ബന്ധപ്പെട്ട പരീക്ഷണമാണ്. ഇസ്രാഈൽ സന്തതികളിൽ ആദ്യമായി കുഴപ്പം സംഭവിച്ചത് ഇക്കാര്യത്തിലായിരുന്നു.

فوائد الحديث

അല്ലാഹുവിനെ സൂക്ഷിച്ചു കൊണ്ടുള്ള തഖ്‌വ നിറഞ്ഞ ജീവിതം മുറുകെ പിടിക്കാനുള്ള പ്രേരണയും, ഇഹലോകജീവിതത്തിൻ്റെ അലങ്കാരങ്ങളിലും പുറംപൂച്ചുകളിലും വീണുപോകാതിരിക്കാനുള്ള ഓർമ്മപ്പെടുത്തലും.

സ്ത്രീകളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പരീക്ഷണത്തിൽ വീണുപോകാതിരിക്കാനുള്ള താക്കീത്. അന്യസ്ത്രീകളെ നോക്കുന്നതിലൂടെയും അന്യപുരുഷന്മാരുമായി സ്ത്രീകൾ ഇടകലരുന്നതിലും മറ്റുമെല്ലാം ഇത്തരം പരീക്ഷണങ്ങളും കുഴപ്പങ്ങളുമുണ്ട്.

ഇഹലോകത്ത് സംഭവിക്കാവുന്ന ഏറ്റവും വലിയ പരീക്ഷണങ്ങളിലൊന്നാണ് സ്ത്രീകളുമായി ബന്ധപ്പെട്ട പരീക്ഷണം.

മുൻകാല സമൂഹങ്ങളുടെ ചരിത്രത്തിൽ നിന്ന് പാഠമുൾക്കൊള്ളാനുള്ള ഓർമ്മപ്പെടുത്തൽ. ഇസ്രാഈൽ സന്തതികൾക്ക് സംഭവിച്ച അതേ കുഴപ്പം അവരല്ലാത്തവർക്കും സംഭവിച്ചേക്കാം.

ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ചിലപ്പോൾ തൻ്റെ ഭാര്യയുടെ കാര്യത്തിലും സ്ത്രീകളിൽ നിന്നുള്ള പരീക്ഷണം ഉണ്ടായേക്കാം. ഉദാഹരണത്തിന് അവന് സാധ്യമല്ലാത്ത രൂപത്തിലുള്ള ചെലവുകൾക്ക് അവൾ അവനെ നിർബന്ധിച്ചേക്കാം. അതിലൂടെ ദീനിൻ്റെ കാര്യങ്ങളിൽ അവൻ്റെ ശ്രദ്ധ നഷ്ടമായേക്കാം. ഇഹലോകം നേടിപ്പിടിക്കാനുള്ള മത്സരത്തിലും, അതിലൂടെ നാശം സംഭവിക്കുന്നതിലേക്കും അവൻ എത്തിപ്പെട്ടേക്കാം.

അന്യസ്ത്രീകളുടെ കാര്യത്തിലും പരീക്ഷണങ്ങൾ സംഭവിക്കാം. സ്ത്രീകൾ പുറത്തിറങ്ങുകയും പുരുഷന്മാരുമായി ഇടകലരുകയും അവരെ വശീകരിക്കുകയും നേരായ മാർഗത്തിൽ നിന്ന് തെറ്റിക്കുകയും ചെയ്തേക്കാം. അലങ്കാരവിഭൂഷിതകളായി പുറത്തിറങ്ങുന്ന സ്ത്രീകളിൽ നിന്നാണ് ഇത് കൂടുതലായി സംഭവിക്കുക. ചിലപ്പോൽ ഘട്ടംഘട്ടമായി വ്യഭിചാരത്തിൽ വീണുപോകുന്നതിലേക്ക് വരെ കാര്യം എത്തിച്ചേക്കാം. അതിനാൽ അല്ലാഹുവിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിയും അല്ലാഹുവിനെ ഭരമേൽപ്പിച്ചു കൊണ്ട്, അവനിൽ പ്രതീക്ഷ വെച്ചു കൊണ്ട് സ്ത്രീകളുടെ ഭാഗത്ത് നിന്നുള്ള പരീക്ഷണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ആത്മാർത്ഥമായ പരിശ്രമത്തിൽ ഏർപ്പെടേണ്ടതുണ്ട്.

التصنيفات

സ്ത്രീകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ, ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം