രോഗപ്പകർച്ചയോ, ശകുനമോ, മൂങ്ങയോ സ്വഫറോ ഇല്ല. സിംഹത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് പോലെ കുഷ്ഠരോഗിയിൽ നിന്ന് നീ…

രോഗപ്പകർച്ചയോ, ശകുനമോ, മൂങ്ങയോ സ്വഫറോ ഇല്ല. സിംഹത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് പോലെ കുഷ്ഠരോഗിയിൽ നിന്ന് നീ ഓടിരക്ഷപ്പെടുകയും ചെയ്യുക

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "രോഗപ്പകർച്ചയോ, ശകുനമോ, മൂങ്ങയോ സ്വഫറോ ഇല്ല. സിംഹത്തിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് പോലെ കുഷ്ഠരോഗിയിൽ നിന്ന് നീ ഓടിരക്ഷപ്പെടുകയും ചെയ്യുക."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ജാഹിലിയ്യഃ കാലഘട്ടത്തിൽ നിലനിന്നിരുന്ന ചില അന്ധവിശ്വാസങ്ങളിൽ നിന്ന് താക്കീത് ചെയ്യുകയാണ് നബി -ﷺ- ഈ ഹദീഥിലൂടെ. കാര്യങ്ങളെല്ലാം അല്ലാഹുവിൻ്റെ നിയന്ത്രണത്തിലാണെന്നും, അവൻ്റെ കൽപ്പനയോടെയും വിധിയോടെയുമല്ലാതെ യാതൊന്നും സംഭവിക്കില്ലെന്നുമുള്ള വിവരണവും അതിനൊപ്പമുണ്ട്. അവിടുന്ന് താക്കീത് നൽകിയ കാര്യങ്ങൾ ഇവയാണ്: 1- രോഗം സ്വയം തന്നെ പകരുമെന്ന വിശ്വാസം ജാഹിലിയ്യത്തിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നു. രോഗം സ്വയം തന്നെ ഒരു രോഗിയിൽ നിന്ന് മറ്റൊരു രോഗിയിലേക്ക് നീങ്ങുക എന്നത് ഉണ്ടാകില്ലെന്നും, അല്ലാഹുവാണ് പ്രപഞ്ചത്തിലെ സർവ്വ കാര്യങ്ങളെയും നിയന്ത്രിക്കുന്നതെന്നും, അവനാണ് രോഗം ഇറക്കുന്നതും അതിനെ ഉയർത്തുന്നതെന്നും, അല്ലാഹുവിൻ്റെ ഉദ്ദേശ്യവും തീരുമാനവുമില്ലാതെ അത് സംഭവിക്കില്ലെന്നുമാണ് അവിടുന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം. 2- ജാഹിലിയ്യഃ കാലഘട്ടത്തിലുള്ളവർ വല്ല യാത്രക്കോ കച്ചവടത്തിനോ വേണ്ടി പുറപ്പെട്ടാൽ ഒരു പക്ഷിയെ പറത്തുകയും, അത് വലതു ഭാഗത്തേക്ക് പറന്നാൽ അതിൽ സന്തോഷിക്കുകയും, അത് ഇടതു ഭാഗത്തേക്ക് പറന്നാൽ അതൊരു ശകുനമായി കണ്ട് യാത്ര അവസാനിപ്പിക്കുകയും ചെയ്യുമായിരുന്നു. ഇപ്രകാരം പക്ഷിയെ കൊണ്ട് ശകുനം നോക്കുന്ന രീതി നബി -ﷺ- വിലക്കുകയും, അതൊരു അന്ധവിശ്വാസം മാത്രമാണെന്ന് ഓർമപ്പെടുത്തുകയും ചെയ്യുന്നു. 3- ഏതെങ്കിലും വീടിൻ്റെ മുകളിൽ മൂങ്ങ (കൂമൻ) വന്നിരുന്നാൽ ആ വീട്ടുകാർക്ക് എന്തെങ്കിലും വിപത്ത് ബാധിക്കും എന്ന വിശ്വാസം ജാഹിലിയ്യത്തിലുള്ളവർ വെച്ചു പുലർത്തിയിരുന്നു. ഈ ശകുനത്തിലുള്ള വിശ്വാസവും നബി -ﷺ- വിലക്കുന്നു. 4- സ്വഫർ മാസം ശകുനമുള്ള മാസമായി ജാഹിലിയ്യത്തിലുള്ളവർ കണ്ടിരുന്നു. ചന്ദ്രവർഷത്തിൽ രണ്ടാമത്തെ മാസമായി പരിഗണിക്കുന്ന മാസമാണത്. കന്നുകാലികളുടെയും മനുഷ്യരുടെയും വയറ്റിൽ പ്രവേശിക്കുന്ന ഒരുതരം സർപ്പമുണ്ട് എന്നും, വരട്ടുചൊറിയേക്കാൾ വേഗത്തിൽ പകരുന്ന ഒരു രോഗമാണ് അത് എന്നും ജാഹിലിയ്യത്തിലുള്ളവർ വിശ്വസിച്ചിരുന്നു എന്നും, ആ വിശ്വാസമാണ് സ്വഫർ എന്നത് കൊണ്ട് ഉദ്ദേശ്യം എന്നും, അതിനെയാണ് നബി -ﷺ- ഇവിടെ വിലക്കിയത് എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. 5- സിംഹത്തിൽ നിന്ന് അകലം പാലിക്കുന്നത് പോലെ, കുഷ്ഠ രോഗത്തിൽ നിന്ന് അകലം പാലിക്കാൻ നബി -ﷺ- കൽപ്പിക്കുന്നു. ശരീരത്തിലെ അവയവങ്ങൾ നുരുമ്പിപ്പോകുന്ന രോഗമാണ് കുഷ്ഠം. രോഗത്തിൽ നിന്നുള്ള പ്രതിരോധം എന്ന നിലക്കും, പ്രയാസങ്ങളിൽ നിന്ന് രക്ഷ തേടുക എന്ന ഉദ്ദേശ്യത്തിലും, അല്ലാഹു പ്രാവർത്തികമാക്കാൻ കൽപ്പിച്ച ഭൗതിക കാരണങ്ങൾ സ്വീകരിക്കുക എന്ന അർത്ഥത്തിലുമാണ് ഈ കൽപ്പന.

فوائد الحديث

അല്ലാഹുവിൽ ഭരമേൽപ്പിക്കലും അവനെ അവലംബമായി സ്വീകരിക്കലും, അതോടൊപ്പം ദീൻ അനുവദിക്കുന്ന ഭൗതികമായ കാരണങ്ങൾ പ്രവർത്തിക്കലും നിർബന്ധമാണ്.

അല്ലാഹുവിൻ്റെ വിധിനിർണയത്തിലുള്ള വിശ്വാസം നിർബന്ധമാണ്. അല്ലാഹുവിൻ്റെ പക്കലാണ് എല്ലാ കാരണങ്ങളുടെയും നിയന്ത്രണമെന്നും, അവ ഫലിക്കുകയോ ഉപകരിക്കാതിരിക്കുകയോ ചെയ്യുന്നത് അവൻ്റെ നിശ്ചയപ്രകാരമാണെന്നും നബി -ﷺ- പഠിപ്പിക്കുന്നു.

നിറങ്ങളുടെ പേരിലുള്ള ശകുനം നോക്കൽ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസമാണ്; കറുപ്പും ചുവപ്പും നിറങ്ങൾ മോശമാണെന്നോ, ചില അക്കങ്ങളും പേരുകളും വ്യക്തികളും വൈകല്യങ്ങളുള്ള വ്യക്തികളും ശകുനമാണെന്നോ ചിന്തിക്കുന്നത് ഉദാഹരണം.

കുഷ്ഠരോഗിയിൽ നിന്ന് അകലം പാലിക്കുക എന്ന കൽപ്പനയുടെ അടിസ്ഥാനത്തിൽ പകർച്ചവ്യാധികളിൽ നിന്ന് അകലം പാലിക്കേണ്ടതുണ്ട്. ഭൗതികമായ കാരണങ്ങൾ സ്വയം ഫലിക്കുകയില്ലെങ്കിലും, പ്രപഞ്ചത്തിൽ അല്ലാഹു നിശ്ചയിച്ച കാരണങ്ങളിൽ പെട്ടതാണ് പകർച്ചരോഗങ്ങളിൽ നിന്ന് അകന്നു നിൽക്കുന്നത് കൊണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ -പൊതുവെ- സാധിക്കും എന്നത്. അല്ലാഹുവാണ് എല്ലാ കാരണങ്ങളെയും ഫലത്തിലേക്കെത്തിക്കുകയോ നിഷ്ഫലമാക്കുകയോ ചെയ്യുന്നതെന്ന വിശ്വാസം ഇതോടൊപ്പം ഉണ്ടാകേണ്ടതുണ്ട്.

التصنيفات

ജാഹിലിയ്യതിലെ വിഷയങ്ങൾ, ഹൃദയത്തിലെ പ്രവർത്തനങ്ങൾ