എനിക്ക് മുൻപ് ഏതൊരു സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ചിട്ടുള്ള നബിയുമാകട്ടെ, അവരുടെയെല്ലാം ജനതയിൽ ആ നബിമാരുടെ…

എനിക്ക് മുൻപ് ഏതൊരു സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ചിട്ടുള്ള നബിയുമാകട്ടെ, അവരുടെയെല്ലാം ജനതയിൽ ആ നബിമാരുടെ മാതൃക പിൻപറ്റുകയും കൽപ്പനകൾ പാലിക്കുകയും ചെയ്യുന്ന ഹവാരിയ്യുകളും (സഹായികളും) സ്വഹാബികളും (അനുചരന്മാരും) അവർക്കെല്ലാം ഉണ്ടായിട്ടുണ്ട്

അബ്ദുല്ലാഹി ബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എനിക്ക് മുൻപ് ഏതൊരു സമൂഹത്തിലേക്ക് അല്ലാഹു നിയോഗിച്ചിട്ടുള്ള നബിയുമാകട്ടെ, അവരുടെയെല്ലാം ജനതയിൽ ആ നബിമാരുടെ മാതൃക പിൻപറ്റുകയും കൽപ്പനകൾ പാലിക്കുകയും ചെയ്യുന്ന ഹവാരിയ്യുകളും (സഹായികളും) സ്വഹാബികളും (അനുചരന്മാരും) അവർക്കെല്ലാം ഉണ്ടായിട്ടുണ്ട്. പിന്നീട് അവർക്ക് ശേഷം ചില പിൻഗാമികൾ വന്നെത്തും. അവർ പ്രവർത്തിക്കാത്തത് പറയുകയും, കൽപ്പിക്കപ്പെടാത്തത് പ്രവർത്തിക്കുകയും ചെയ്യും. ആരെങ്കിലും തൻ്റെ കൈകൾ കൊണ്ട് അവരോട് പോരാടിയാൽ അവൻ മുഅ്മിനാണ് (യഥാർത്ഥ വിശ്വാസി). ആരെങ്കിലും തൻ്റെ നാവ് കൊണ്ട് അവരോട് പോരാടിയാൽ അവൻ മുഅ്മിനാണ്. ആരെങ്കിലും തൻ്റെ ഹൃദയം കൊണ്ട് അവരോട് പോരാടിയാൽ അവൻ മുഅ്മിനാണ്. അതിന് താഴെ ഒരു കടുകുമണിയോളം പോലും ഈമാൻ ബാക്കിയില്ല."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

തനിക്ക് മുൻപ് നിയോഗിക്കപ്പെട്ട ഏതൊരു നബിക്കും അദ്ദേഹത്തിൻ്റെ ജനതയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചില സഹായികളും നിഷ്കളങ്കരായ പോരാളികളും നൽകപ്പെട്ടിട്ടുണ്ട് എന്നും, അവർ ആ നബിമാരുടെ കാലശേഷം അവരുടെ മാർഗത്തിൽ പിൻതലമുറയായി ചരിച്ചിട്ടുണ്ടെന്നും, തങ്ങളുടെ നബിയുടെ മാതൃക സ്വീകരിച്ചു കൊണ്ടും അദ്ദേഹത്തിൻ്റെ കൽപ്പനകൾ നിറവേറ്റിക്കൊണ്ടും അവർ ജീവിച്ചിട്ടുണ്ടെന്നും നബി -ﷺ- അറിയിക്കുന്നു. എന്നാൽ സച്ചരിതരായ ഈ തലമുറക്ക് ശേഷം ഒരു നന്മയുമില്ലാത്ത ചിലർ ഉടലെടുക്കുകയും, തങ്ങൾ പ്രവർത്തിക്കാത്തത് അവർ പറയുകയും, കൽപ്പിക്കപ്പെടാത്തത് അവർ പ്രവർത്തിക്കുകയും ചെയ്യും. അവരോട് ആരെങ്കിലും കൈ കൊണ്ട് പോരാടിയാൽ അവൻ യഥാർത്ഥ മുഅ്മിനാണ് . അവരോട് തൻ്റെ നാവ് കൊണ്ട് പോരാടുന്നവനും മുഅ്മിനാണ്. തൻ്റെ ഹൃദയം കൊണ്ട് അവരോട് പടപൊരുതുന്നവനും മുഅ്മിനാണ്. അതിനും താഴെ ഈമാനിൻ്റെ ഒരു കടുക് മണിത്തൂക്കം പോലും ഇനിയില്ലെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു.

فوائد الحديث

അല്ലാഹുവിൻ്റെ ദീനിന് എതിരെ നിലകൊള്ളുന്നവരെ വാക്കുകളും പ്രവർത്തികളും കൊണ്ട് നേരിടാനുള്ള പ്രോത്സാഹനം.

തിന്മകൾ ഹൃദയം കൊണ്ട് പോലും എതിർക്കാനോ വെറുക്കാനോ സാധിക്കുന്നില്ലെങ്കിൽ ഈമാൻ തീർത്തും ദുർബലമായിട്ടുണ്ട് എന്നോ ഹൃദയത്തിൽ നിന്ന് പൂർണ്ണമായും നഷ്ടമായി കഴിഞ്ഞിരിക്കുന്നു എന്നോ മനസ്സിലാക്കാം.

നബിമാരുടെ സന്ദേശം അവർക്ക് ശേഷം വഹിക്കുന്നവരെ നിശ്ചയിച്ചു കൊണ്ട് അല്ലാഹു തൻ്റെ ദൂതന്മാരെ സഹായിക്കുന്നതാണ്.

ആരെങ്കിലും ഇഹപര മോക്ഷവും രക്ഷയും ആഗ്രഹിക്കുന്നുവെങ്കിൽ അവൻ നബിമാരുടെ മാതൃക പിൻപറ്റട്ടെ; കാരണം അവരുടേതല്ലാത്ത എല്ലാ മാർഗവും നാശത്തിൻ്റെയും വഴികേടിൻ്റെയും പാത മാത്രമാണ്.

നബി -ﷺ- യുടെയും സ്വഹാബത്തിൻ്റെയും കാലഘട്ടവുമായുള്ള അകലം കൂടുന്നതിനനുസരിച്ച് ജനങ്ങൾ അവരുടെ മാർഗം വെടിയുകയും, തന്നിഷ്ടങ്ങളെ പിൻപറ്റുകയും, ബിദ്അതുകൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്യുന്നതാണ്.

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള ജിഹാദിന് വ്യത്യസ്ത ഘട്ടങ്ങളുണ്ടെന്ന് ഈ ഹദീഥ് അറിയിക്കുന്നു. തിന്മ മാറ്റിത്തിരുത്താൻ സാധിക്കുന്നവർ അത് കൈ കൊണ്ട് മാറ്റുക തന്നെ വേണം; ഭരണാധികാരികളും രാജാക്കന്മാരും അമീറുമാരും ഈ ഗണത്തിൽ പെടുന്നവരാണ്. നാവു കൊണ്ടും സംസാരം കൊണ്ടും തിന്മകളെ എതിർക്കുക എന്നാൽ സത്യമാർഗം വിവരിച്ചു നൽകലും അതിലേക്ക് ജനങ്ങളെ ക്ഷണിക്കലുമാണ് ഉദ്ദേശ്യം. ഹൃദയം കൊണ്ടുള്ള എതിർപ്പെന്നാൽ ഉദ്ദേശ്യം തിന്മയോട് അനിഷ്ടമുണ്ടാകലും, അതിൽ തൃപ്തിയടയാതിരിക്കലുമാണ്.

നന്മ കൽപ്പിക്കലും തിന്മ വിരോധിക്കലും നിർബന്ധമാണ്.

التصنيفات

ഈമാനിൻ്റെ വർദ്ധനവും കുറവും, ജിഹാദുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ