അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ…

അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ അഅ്റാബിയായ ഒരു മനുഷ്യൻ നബി -ﷺ- യുടെ അരികിൽ വന്നു. അദ്ദേഹം ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്കൊരു പ്രവർത്തനം താങ്കൾ അറിയിച്ചു തരൂ; അത് ഞാൻ പ്രവർത്തിച്ചാൽ എനിക്ക് സ്വർഗത്തിൽ പ്രവേശിക്കാൻ കഴിയണം." നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ ഒന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക. (അഞ്ചു നേരത്തെ) നിസ്കാരം നേരാംവണ്ണം നിലനിർത്തുകയും, നിർബന്ധ സകാത്ത് നൽകുകയും, റമദാൻ മാസത്തിൽ നോമ്പെടുക്കുകയും ചെയ്യുക." അദ്ദേഹം പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! ഈ പറഞ്ഞതിൽ ഞാൻ യാതൊന്നും കൂട്ടുകയില്ല." അയാൾ തിരിഞ്ഞു നടന്നപ്പോൾ നബി -ﷺ- പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരാളെ നോക്കാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ ഈ മനുഷ്യനെ നോക്കട്ടെ."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഗ്രാമീണനായ ഒരു അറബി നബി -ﷺ- യുടെ അടുക്കൽ വന്നു. തന്നെ സ്വർഗത്തിൽ പ്രവേശിപ്പിക്കുന്ന ഒരു പ്രവർത്തനം പറഞ്ഞു തരണമെന്നതായിരുന്നു അയാളുടെ ആവശ്യം. ഇസ്‌ലാമിൻ്റെ സ്തംഭങ്ങൾ പ്രവർത്തിക്കുന്നതിലൂടെയാണ് ഒരാൾക്ക് സ്വർഗത്തിൽ പ്രവേശിക്കാനും നരകത്തിൽ നിന്ന് രക്ഷപ്പെടാനും സാധിക്കുക എന്ന് നബി -ﷺ- അദ്ദേഹത്തിന് മറുപടി നൽകി. അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനിൽ യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും ചെയ്യുക രാത്രിയും പകലുമായി അല്ലാഹു അവൻ്റെ ദാസന്മാർക്ക് മേൽ നിർബന്ധമാക്കിയിട്ടുള്ള അഞ്ചു നേരത്തെ നമസ്കാരങ്ങൾ നിർവ്വഹിക്കുക, അല്ലാഹു നിനക്ക് മേൽ നിർബന്ധമാക്കിയിട്ടുള്ള സകാത്ത് അതിന് അർഹതപ്പെട്ടവർക്ക് നൽകുക, റമദാൻ മാസത്തിലെ നോമ്പുകൾ അതിൻ്റെ സമയത്ത് നിർവ്വഹിക്കുക. ഇത് കേട്ടപ്പോൾ ചോദ്യകർത്താവ് പറഞ്ഞു: "എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം! താങ്കളിൽ നിന്ന് ഞാൻ കേട്ട ഈ നിർബന്ധ കർമ്മങ്ങളിൽ യാതൊന്നും ഞാൻ അധികരിപ്പിക്കുകയോ അതിൽ എന്തെങ്കിലുമൊരു കുറവ് വരുത്തുകയോ ഇല്ല." അയാൾ തിരിച്ചു പോകുമ്പോൾ നബി -ﷺ- പറഞ്ഞു: "സ്വർഗക്കാരിൽ പെട്ട ഒരാളെ കാണാൻ ആർക്കെങ്കിലും ആഗ്രഹമുണ്ടെങ്കിൽ അവൻ ഈ ഗ്രാമീണ അറബിയെ നോക്കട്ടെ."

فوائد الحديث

അല്ലാഹുവിലേക്ക് പ്രബോധനം ചെയ്യുന്ന വ്യക്തി ആരംഭിക്കേണ്ടത് അല്ലാഹുവിന് മാത്രം ആരാധനകൾ സമർപ്പിക്കുക എന്നതിലേക്ക് ക്ഷണിച്ചു കൊണ്ടാണ്.

പുതുതായി ഇസ്‌ലാമിൽ പ്രവേശിച്ച ഒരു വ്യക്തിക്ക് തുടക്കത്തിൽ നിർബന്ധ കർമ്മങ്ങൾ മാത്രം പഠിപ്പിച്ചു നൽകിയാൽ മതി.

അല്ലാഹുവിലേക്കുള്ള പ്രബോധനം മുൻഗണനാക്രമമനുസരിച്ച് നിർവ്വഹിക്കേണ്ട കാര്യമാണ്.

തൻ്റെ ദീനുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാൻ പുലർത്തേണ്ട ശ്രദ്ധയും താൽപ്പര്യവും.

ഒരാൾ നിർബന്ധമായ കർമ്മങ്ങൾ (വാജിബുകൾ) മാത്രം നിർവ്വഹിച്ചാൽ അവൻ വിജയിക്കുന്നതാണ്. എന്നാൽ ഐഛികമായ കർമ്മങ്ങൾ (സുന്നത്തുകൾ) നിർവ്വഹിക്കുന്നതിൽ അവൻ അലസത കാണിക്കണമെന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല. കാരണം വാജിബുകളിലെ കുറവുകൾ നികത്താൻ സുന്നത്തുകൾ സഹായിക്കുന്നതാണ്.

നബി -ﷺ- പ്രത്യേകമായി എടുത്തു പറഞ്ഞ ആരാധനകൾ അവക്കുള്ള പ്രത്യേകതയും മഹത്വവും സൂചിപ്പിക്കുന്നു. അവ ചെയ്യാനുള്ള കൂടൂതൽ പ്രോത്സാഹനം അതിലുണ്ട് എന്നല്ലാതെ, മറ്റൊരു കർമ്മവും വാജിബായി ഇല്ല എന്ന് അതിന് അർഥമില്ല.

التصنيفات

പണ്ഡിതൻ്റെയും വിദ്യാർത്ഥിയുടെയും മര്യാദകൾ