തീർച്ചയായും അല്ലാഹു എൻ്റെ ഉമ്മത്തിന് അവരിൽ നിന്ന് സംഭവിക്കുന്ന അബദ്ധങ്ങളും മറവിയാൽ ഉണ്ടാകുന്നതും ഭീഷണിയാൽ…

തീർച്ചയായും അല്ലാഹു എൻ്റെ ഉമ്മത്തിന് അവരിൽ നിന്ന് സംഭവിക്കുന്ന അബദ്ധങ്ങളും മറവിയാൽ ഉണ്ടാകുന്നതും ഭീഷണിയാൽ ചെയ്തു പോകുന്നതും വിട്ടുപൊറുത്തു കൊടുത്തിരിക്കുന്നു

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു എൻ്റെ ഉമ്മത്തിന് അവരിൽ നിന്ന് സംഭവിക്കുന്ന അബദ്ധങ്ങളും മറവിയാൽ ഉണ്ടാകുന്നതും ഭീഷണിയാൽ ചെയ്തു പോകുന്നതും വിട്ടുപൊറുത്തു കൊടുത്തിരിക്കുന്നു."

[قال النووي: حديث حسن] [رواه ابن ماجه والبيهقي وغيرهما]

الشرح

അല്ലാഹു തൻ്റെ സമുദായത്തിൻ്റെ തെറ്റുകൾ മൂന്ന് അവസ്ഥകളിലാണെങ്കിൽ മാപ്പ് നൽകിയിരിക്കുന്നു എന്ന് നബി (ﷺ) അറിയിക്കുന്നു: അബദ്ധത്തിൽ ചെയ്യുന്നത്: മനപ്പൂർവമല്ലാതെ ഒരാളിൽ നിന്ന് സംഭവിക്കുന്ന കാര്യമാണിത്. അതായത്, മുസ്‌ലിമായ വ്യക്തി ഒരു കാര്യം ചെയ്യാൻ ലക്ഷ്യം വെച്ചു കൊണ്ട് പ്രവർത്തിക്കുകയും, പിന്നീട് അവന്റെ പ്രവൃത്തി അവൻ ഉദ്ദേശിച്ചതല്ലാത്ത മറ്റൊരു തരത്തിലേക്ക് മാറിമറിയുകയും ചെയ്യുന്നു. (ഇത് അല്ലാഹു പൊറുത്തു നൽകുന്നതാണ്). മറവിയാൽ ചെയ്യുന്നത്: അതായത് ഒരാൾ ഒരു കാര്യം ഓർത്തു വെച്ചിട്ടുണ്ടായിരുന്നു എങ്കിലും, അവൻ പ്രവർത്തി ചെയ്തു തുടങ്ങിയപ്പോൾ അത് മറന്നുപോയി എങ്കിൽ അവൻ്റെ മേൽ അത് പാപമായി രേഖപ്പെടുത്തില്ല. നിർബന്ധിതാവസ്ഥ: ഒരു അടിമ താൻ ചെയ്യാൻ ആഗ്രഹിക്കാത്ത ഒരു കാര്യം ചെയ്യാൻ നിർബന്ധിക്കപ്പെടുകയും, ആ ഭീഷണിയെ തടുക്കാൻ അവന് കഴിവില്ലാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഈ സാഹചര്യത്തിൽ അവൻ്റെ മേൽ ആ പ്രവർത്തി ഒരു പാപമോ തെറ്റോ ആയി ഗണിക്കപ്പെടുകയില്ല. ശ്രദ്ധിക്കുക: അല്ലാഹു നിഷിദ്ധമാക്കിയ കാര്യം, ഒരു വ്യക്തിക്കും അവൻ്റെ റബ്ബിനുമിടയിലുള്ള തെറ്റായി നിൽക്കുമ്പോൾ മാത്രമാണ് ഹദീഥിൽ പറയപ്പെട്ട ഇളവുകൾ ബാധകമാവുക. എന്നാൽ, അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ഉപേക്ഷിക്കുന്നത് ഈ പറഞ്ഞതിൽ ഉൾപ്പെടുകയില്ല. അതുപോലെ, ഒരാളുടെ പ്രവൃത്തി കാരണം മറ്റുള്ളവർക്ക് വല്ല നാശനഷ്ടങ്ങളോ അന്യായമോ നേരിടേണ്ടി വന്നാൽ, അത് (അബദ്ധത്തിലോ മറന്നു കൊണ്ടോ ചെയ്തതാണ് എന്നതിൻ്റെ പേരിൽ) അവർക്കുള്ള അവകാശം ഇല്ലാതാവുകയില്ല. ഉദാഹരണത്തിന്, ഒരാൾ അബദ്ധത്തിൽ ഒരാളെ കൊന്നാൽ അയാൾക്ക് ദിയത്ത് (ദയാധനം) നൽകേണ്ടി വരും. അല്ലെങ്കിൽ അബദ്ധത്തിൽ ഒരു കാറിന് കേടുപാടുകൾ വരുത്തിയാൽ അതിന് നഷ്ടപരിഹാരം നൽകേണ്ടി വരും.

فوائد الحديث

ഹദീഥിൽ പറയപ്പെട്ട ഈ മൂന്ന് അവസ്ഥകളിൽ ഒരാൾക്ക് തെറ്റ് സംഭവിച്ചാൽ അല്ലാഹു അവനെ ശിക്ഷിക്കുകയില്ല എന്നതിൽ നിന്ന് അല്ലാഹുവിൻ്റെ വിശാലമായ കാരുണ്യവും അടിമകളോടുള്ള അനുകമ്പയും മനസ്സിലാക്കാം.

മുഹമ്മദ് നബിയുടെ (ﷺ) സമുദായത്തിന് അല്ലാഹു നൽകിയ മഹത്തരമായ അനുഗ്രഹങ്ങൾ.

ഒരു തെറ്റു ചെയ്തതിൻ്റെ പേരിൽ അവൻ്റെ മേൽ പാപഭാരമുണ്ടാകില്ല എന്ന് ഹദീഥിൽ പറഞ്ഞതിൻ്റെ അർത്ഥം ആ പ്രവർത്തി തിന്മയാണെന്ന വിധി ഇല്ലാതെയായി എന്നോ, ആ പ്രവർത്തിയുടെ പേരിൽ സംഭവിച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതില്ല എന്നോ അല്ല. ഉദാഹരണത്തിന്, ഒരാൾ വുദൂഅ് മറന്നുപോയി താൻ ശുദ്ധിയുള്ളവനാണെന്ന് കരുതി നിസ്കരിച്ചാൽ, അയാളുടെ മേൽ തെറ്റില്ല. എന്നാൽ (ഓർമ്മ വന്നാൽ) അയാൾ പിന്നീട് വുദൂഅ് എടുത്ത് വീണ്ടും നിസ്കാരം മടക്കി നിർവഹിക്കണം.

നിർബന്ധിതാവസ്ഥയിൽ ചെയ്യുന്ന തിന്മകൾക്ക് പാപം രേഖപ്പെടുത്താതിരിക്കുക എന്നത് നിബന്ധനകളോടെ മനസ്സിലാക്കേണ്ട നിയമമാണ്. ഉദാഹരണത്തിന്, ഒരു തിന്മ ചെയ്യാൻ ഭീഷണിപ്പെടുത്തിയവൻ ഭീഷണി നടപ്പാക്കാൻ കഴിവുള്ളവനായിരിക്കണം. (നടപ്പാക്കാൻ കഴിയാത്ത കാര്യം ഭീഷണിപ്പെടുത്തുന്ന ഒരാളുടെ ഭീഷണി യഥാർഥമല്ല; അത് പരിഗണിക്കേണ്ടതുമല്ല).

التصنيفات

അല്ലാഹുവിലുള്ള വിശ്വാസം