നീ അവനെ വധിക്കരുത്. നീ അവനെ വധിച്ചാൽ വധിക്കുന്നതിന് മുൻപുള്ള നിൻ്റെ സ്ഥാനത്ത് അവനും, അവൻ ആ വാക്ക്…

നീ അവനെ വധിക്കരുത്. നീ അവനെ വധിച്ചാൽ വധിക്കുന്നതിന് മുൻപുള്ള നിൻ്റെ സ്ഥാനത്ത് അവനും, അവൻ ആ വാക്ക് ഉച്ചരിക്കുന്നതിന് മുൻപുള്ള അവൻ്റെ സ്ഥാനത്ത് നീയും ആയിത്തീരുന്നതാണ്

മിഖ്ദാദ് ബ്നു അംർ അൽ-കിൻദി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോട് ചോദിച്ചു: "കുഫ്ഫാറുകളിൽ പെട്ട ഒരാളെ ഞാൻ (യുദ്ധവേളയിൽ) കണ്ടുമുട്ടുകയും, ഞങ്ങൾ തമ്മിൽ യുദ്ധത്തിൽ ഏർപ്പെടുകയും, അവൻ എൻ്റെ കരങ്ങളിലൊന്നിൽ വെട്ടുകയും, എൻ്റെ കൈ ഛേദിക്കുകയും, ശേഷം ഒരു മരത്തിന് പിന്നിൽ നിന്നു കൊണ്ട് എന്നിൽ നിന്ന് രക്ഷ തേടുകയും, 'ഞാൻ മുസ്ലിമായിരിക്കുന്നു' എന്ന് പറയുകയും ചെയ്തു. അല്ലാഹുവിൻ്റെ റസൂലേ! അവൻ അങ്ങനെ പറഞ്ഞതിന് ശേഷം എനിക്ക് അവനെ വധിക്കാമോ?!" നബി -ﷺ- പറഞ്ഞു: "നീ അവനെ വധിക്കരുത്." ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അവൻ എൻ്റെ കരങ്ങളിലൊന്ന് ഛേദിച്ചിരിക്കുന്നു. ശേഷമാണ് ഇങ്ങനെ പറഞ്ഞത്. (എന്നിട്ടും)?!" നബി -ﷺ- പറഞ്ഞു: "നീ അവനെ വധിക്കരുത്. നീ അവനെ വധിച്ചാൽ വധിക്കുന്നതിന് മുൻപുള്ള നിൻ്റെ സ്ഥാനത്ത് അവനും, അവൻ ആ വാക്ക് ഉച്ചരിക്കുന്നതിന് മുൻപുള്ള അവൻ്റെ സ്ഥാനത്ത് നീയും ആയിത്തീരുന്നതാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മിഖ്ദാദ് ബ്നു അസ്‌വദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ചോദിച്ച ഒരു ചോദ്യമാണ് ഈ ഹദീഥിലുള്ളത്. യുദ്ധത്തിൽ കാഫിറുകളിൽ പെട്ട ഒരാളെ താൻ കണ്ടുമുട്ടുകയും, തങ്ങൾ തമ്മിൽ വാളുകൾ കൊണ്ട് പരസ്പരം സംഘട്ടനത്തിൽ ഏർപ്പെടുകയും, ശത്രു തൻ്റെ കൈകളിലൊന്ന് അവൻ്റെ വാളു കൊണ്ട് വെട്ടുകയും ശേഷം അവൻ രക്ഷപ്പെട്ടോടുകയും ഒരു മരത്തിൻ്റെ മറവിൽ സുരക്ഷ തേടുകയും, 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്നു പറയുകയും ചെയ്താൽ -തൻ്റെ കൈ ഛേദിച്ചതിനു ശേഷം- തനിക്ക് അവനെ വധിക്കാൻ അനുവാദമുണ്ടോ എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. നബി -ﷺ- അതിനുള്ള മറുപടിയായി പറഞ്ഞു: "നീ അവനെ വധിക്കരുത്." അപ്പോൾ മിഖ്ദാദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അവൻ എൻ്റെ കൈ ഛേദിച്ചിരിക്കുന്നു; എന്നിട്ടും ഞാൻ അവനെ വധിക്കരുതെന്നോ?!" നബി -ﷺ- പറഞ്ഞു: "നീ അവനെ വധിക്കരുത്. (കാരണം ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞതോടെ) അവൻ്റെ രക്തം ഹറാമായിരിക്കുന്നു. അവൻ ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം നീ അവനെ വധിക്കുകയാണെങ്കിൽ മുസ്‌ലിമായ നിലയിൽ വധിക്കപ്പെട്ടതിനാൽ അവൻ്റെ രക്തം പവിത്രവും, അവനെ വധിച്ചതിനുള്ള പ്രതിക്രിയയായി നിന്നെ വധിക്കുന്നത് അനുവദനീയവുമായിത്തീരും.

فوائد الحديث

ഒരാൾ ഇസ്‌ലാമിൽ പ്രവേശിച്ചതായി അറിയിക്കുന്ന വാക്കോ പ്രവൃത്തിയോ അവനിൽ നിന്ന് ഉണ്ടായാൽ അതോടെ അവനെ വധിക്കുന്നത് ഹറാമാകുന്നു.

യുദ്ധത്തിനിടയിൽ ഒരാൾ ഇസ്‌ലാം സ്വീകരിച്ചാൽ അതോടെ അയാളുടെ രക്തം പവിത്രമാകുന്നു. അവൻ മുസ്‌ലിമാണെന്ന ധാരണയെ ഇല്ലാതാക്കുന്ന തരത്തിലുള്ള എന്തെങ്കിലുമൊന്ന് അവനിൽ നിന്ന് ഉണ്ടാകാത്തിടത്തോളം അവനെ അക്രമിക്കരുത്.

മുസ്‌ലിമിൻ്റെ അഭീഷ്ടം അല്ലാഹുവിൻ്റെ ദീനിന് കീഴൊതുങ്ങിയ നിലയിലായിരിക്കണം; ഒരിക്കലും വിഭാഗീയതക്കോ പ്രതികാരത്തിനോ വേണ്ടിയല്ല അവൻ പ്രവർത്തിക്കേണ്ടത്.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ഹദീഥിൽ മിഖ്ദാദ് ബ്നു അസ്‌വദ് -رَضِيَ اللَّهُ عَنْهُ- ഒരു സാങ്കൽപ്പിക സാഹചര്യം മുൻനിർത്തിയാണ് ചോദിച്ചത് എന്ന അഭിപ്രായം പരിഗണിച്ചു കൊണ്ടാണെങ്കിൽ 'ഇതു വരെയും സംഭവിച്ചിട്ടില്ലാത്ത കാര്യങ്ങൾ ഉണ്ടായാൽ എന്തു ചെയ്യണം' എന്ന രൂപത്തിലുള്ള ചോദ്യങ്ങൾ അനുവദനീയമാണെന്ന പാഠം ഈ ഹദീഥിലുണ്ടെന്ന് പറയാം. എന്നാൽ 'നടക്കാത്ത കാര്യങ്ങൾ ചോദിക്കുന്നത്' സലഫുകൾ വിലക്കാറുണ്ടായിരുന്നു എന്നത് വിരളമായി മാത്രം സംഭവിച്ചേക്കാവുന്ന കാര്യങ്ങളെ കുറിച്ച് ചോദിക്കുന്നതിനാണ്. എന്നാൽ സംഭവിക്കാൻ സാധാരണ നിലയിൽ സാധ്യതയുള്ള കാര്യങ്ങളെ കുറിച്ച് അറിയാനും പഠിക്കാനും വേണ്ടി ചോദിക്കുന്നത് അനുവദനീയമാണ്."

التصنيفات

ഇസ്ലാം