നബി -ﷺ- ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട്…

നബി -ﷺ- ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട് സലാം പറയേണ്ടത് എന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്?

അബ്ദു റഹ്മാൻ ബ്നു അബീ ലയ്‌ലാ -رَضِيَ اللَّهُ عَنْهُ- നിവേദനം: കഅ്ബ് ബ്നു ഉജ്റ എന്നെ കണ്ടു മുട്ടിയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു: "ഞാൻ താങ്കൾക്ക് ഒരു സമ്മാനം നൽകട്ടെയോ?" നബി -ﷺ- ഒരിക്കൽ ഞങ്ങളുടെ അടുത്തേക്ക് ഇറങ്ങിവന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എങ്ങനെയാണ് അങ്ങയോട് സലാം പറയേണ്ടത് എന്ന് ഞങ്ങൾ പഠിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയാണ് ഞങ്ങൾ അങ്ങേക്ക് മേൽ സ്വലാത്ത് ചൊല്ലേണ്ടത്? നബി -ﷺ- പറഞ്ഞു: "നിങ്ങൾ ഇപ്രകാരം പറയുക: اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ» (സാരം) അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ, മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു. അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ! തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- യോട് അവിടുത്തെ മേൽ സ്വലാത്ത് ചൊല്ലേണ്ട രൂപം എങ്ങിനെയാണ് എന്ന് സ്വഹാബികൾ ചോദിച്ചു. നബി -ﷺ- യെ അഭിവാദ്യം ചെയ്യുമ്പോൾ സലാം ചൊല്ലേണ്ടത് എങ്ങനെയാണ് എന്ന് അവർക്ക് അറിയാമായിരുന്നു. "السلام عليك أيها النبي ورحمة الله وبركاته" (സാരം: അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ള രക്ഷയും കാരുണ്യവും അനുഗ്രഹവും താങ്കളുടെ മേലുണ്ടാകട്ടെ; അല്ലാഹുവിൻ്റെ ദൂതരേ!) എന്നായിരുന്നു അവർ നബി -ﷺ- ക്ക് സലാമായി പറഞ്ഞിരുന്നത്. അപ്പോൾ നബി -ﷺ- അവർക്ക് സ്വലാത്ത് ചൊല്ലേണ്ടതിൻ്റെ രൂപവും പഠിപ്പിച്ചു കൊടുത്തു; അവിടുന്ന് പഠിപ്പിച്ച സ്വലാത്തിൻ്റെ അർത്ഥം ഇപ്രകാരമാണ്. "اللهم صلِّ على محمدٍ وعلى آل محمد" "അല്ലാഹുവേ! മുഹമ്മദ് നബി -ﷺ- ക്ക് മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ സ്വലാത്ത് വർഷിക്കേണമേ!" (അല്ലാഹുവേ! നിൻ്റെ ഉന്നതരായ ദാസന്മാരുള്ള സദസ്സിൽ നീ നബി -ﷺ- യെ നന്മകൾ കൊണ്ട് സ്മരിക്കേണമേ! അവിടുത്തെ ദീൻ പിൻപറ്റിയവരെയും, അവിടുത്തോട് കുടുംബബന്ധമുള്ള വിശ്വാസികളെയും നീ ഇപ്രകാരം സ്മരിക്കേണമേ!) "كما صلَّيتَ على آل إبراهيم" "ഇബ്രാഹീമിൻ്റെ -عَلَيْهِ السَّلَامُ- കുടുംബത്തിന് മേൽ നീ സ്വലാത്ത് വർഷിച്ചത് പോലെ" (ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ -ഇബ്രാഹീം നബിയും ഇസ്‌മാഈൽ നബിയും ഇസ്ഹാഖ് നബിയും അവരുടെ സന്താനങ്ങളും അവരെ പിൻപറ്റിയ വിശ്വാസികളുമായവരുടെ മേൽ- നീ അനുഗ്രഹങ്ങൾ ചൊരിഞ്ഞത് പോലെ, നിൻ്റെ അനുഗ്രഹങ്ങൾ മുഹമ്മദ് നബി -ﷺ- ക്ക് മേലും നീ ചൊരിയേണമേ!) "إنك حميد مجيد" "തീർച്ചയായും നീ അതീവ സ്തുത്യർഹനായ ഹമീദും, സർവ്വ ഔന്നത്യത്തിന്റെയും ഉടയവനായ മജീദുമാകുന്നു." (അതായത്, അസ്തിത്വത്തിലും വിശേഷണങ്ങളിലും പ്രവർത്തനങ്ങളിലുമെല്ലാം അല്ലാഹു സ്തുത്യർഹനാണ്. അതിവിശാലമായ മഹത്വത്തിൻ്റെയും അധികാരത്തിൻ്റെയും ഔദാര്യത്തിൻ്റെയും ഉടയവനാണവൻ) "اللهم بارك على محمدٍ وعلى آل محمد كما باركتَ على آل إبراهيم" "അല്ലാഹുവേ! ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ കുടുംബത്തിന് മേൽ നീ അനുഗ്രഹം ചൊരിഞ്ഞത് പോലെ, മുഹമ്മദ് നബി -ﷺ- യുടെ മേലും മുഹമ്മദ് നബി -ﷺ- യുടെ കുടുംബത്തിന് മേലും നീ അനുഗ്രഹം ചൊരിയണമേ!" (അവിടുത്തേക്ക് ഏറ്റവും വലിയ നന്മകളും ആദരവുകളും നൽകുകയും അത് അധികരിപ്പിച്ചു നൽകുകയും എല്ലാ നന്മകളും അവിടുത്തേക്ക് നിലനിർത്തി കൊടുക്കുകയും ചെയ്യേണമേ!)

فوائد الحديث

മുൻഗാമികൾ മതവിഷയങ്ങളിലെ പാഠങ്ങളും നുറുങ്ങുകളും സമ്മാനങ്ങളായി കൈമാറാറുണ്ടായിരുന്നു.

നിസ്കാരത്തിൻ്റെ അവസാനത്തെ തശഹ്ഹുദിൽ നബി -ﷺ- ക്ക് മേൽ സ്വലാത്ത് ചൊല്ലുക എന്നത് നിർബന്ധമാണ്.

നബി -ﷺ- തൻ്റെ സ്വഹാബികൾക്ക് അവിടുത്തെ മേൽ എങ്ങനെ സ്വലാത്ത് ചൊല്ലണമെന്നും സലാം പറയണമെന്നും പഠിപ്പിച്ചു കൊടുത്തിരിക്കുന്നു.

നബി -ﷺ- യുടെ മേൽ സ്വലാത്ത് ചൊല്ലാനുള്ള ഏറ്റവും പൂർണ്ണമായ രൂപം ഈ ഹദീഥിൽ പഠിപ്പിക്കപ്പെട്ട രൂപമാണ്.

التصنيفات

നിസ്കാരത്തിലെ ദിക്റുകൾ, പണ്ഡിതൻ്റെയും വിദ്യാർത്ഥിയുടെയും മര്യാദകൾ