വർഷം മുഴുവൻ നോമ്പെടുത്തവൻ നോമ്പെടുത്തിട്ടില്ല. (എന്നാൽ) മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വർഷം മുഴുവൻ…

വർഷം മുഴുവൻ നോമ്പെടുത്തവൻ നോമ്പെടുത്തിട്ടില്ല. (എന്നാൽ) മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വർഷം മുഴുവൻ നോമ്പെടുക്കലാണ്

അബ്ദുല്ലാഹി ബ്‌നു അംറ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "താങ്കൾ വർഷം മുഴുവൻ നോമ്പെടുക്കുകയും രാത്രി പരിപൂർണ്ണമായും നിസ്കരിക്കുകയും ചെയ്യുന്നുണ്ടോ?!" ഞാൻ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "നീ അപ്രകാരം ചെയ്താൽ നിൻ്റെ കണ്ണുകൾ കുഴിഞ്ഞു പോവുകയും, ശരീരം ക്ഷീണിക്കുകയും ചെയ്യും. വർഷം മുഴുവൻ നോമ്പെടുത്തവൻ നോമ്പെടുത്തിട്ടില്ല. (എന്നാൽ) മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വർഷം മുഴുവൻ നോമ്പെടുക്കലാണ്." അപ്പോൾ ഞാൻ പറഞ്ഞു: "എനിക്ക് അതിനേക്കാൾ കൂടുതൽ സാധിക്കുന്നതാണ്." അപ്പോൾ നബി -ﷺ- പറഞ്ഞു: "എങ്കിൽ നീ ദാവൂദ് (عليه السلام) ൻ്റെ നോമ്പെടുക്കുക. അദ്ദേഹം ഒരു ദിവസം നോമ്പെടുക്കുകയും അടുത്ത ദിവസം നോമ്പ് വെടിയുകയും ചെയ്യുമായിരുന്നു. ശത്രുവിനെ കണ്ടുമുട്ടുമ്പോൾ അദ്ദേഹം പിന്തിരിഞ്ഞോടുകയും ചെയ്യുമായിരുന്നില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സ്വഹാബിയായിരുന്ന അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُمَا- തുടർച്ചയായി വർഷത്തിലുടനീളം നിത്യവും നോമ്പെടുക്കുന്നുണ്ട് എന്നും, രാത്രി മുഴുവൻ നിസ്കരിക്കുകയും ഉറക്കം ഉപേക്ഷിക്കുകയും ചെയ്യുന്നുവെന്നും നബി -ﷺ- അറിയുകയുണ്ടായി. അപ്പോൾ അവിടുന്ന് അങ്ങനെ ചെയ്യുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കുകയും, നോമ്പെടുക്കുകയും നോമ്പ് ഒഴിവാക്കുകയും ചെയ്യാൻ കൽപ്പിക്കുകയും ചെയ്തു. രാത്രി നിസ്കരിക്കുകയും ഉറങ്ങുകയും ചെയ്യാനും നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചു. തുടർച്ചയായി നോമ്പെടുക്കുന്നതും രാത്രി മുഴുവൻ നിസ്കരിക്കുന്നതും അവിടുന്ന് അദ്ദേഹത്തോട് വിലക്കി. അപ്രകാരം ചെയ്താൽ കണ്ണുകൾ ദുർബലമാകാനും അത് കുഴിഞ്ഞു പോകാനും, ശരീരം ക്ഷീണിക്കാനും ബലഹീനമായി പോകാനും കാരണമാകുമെന്നും അവിടുന്ന് അറിയിച്ചു. അതിനാൽ വർഷം മുഴുവൻ നോമ്പെടുത്തവൻ യഥാർത്ഥത്തിൽ നോമ്പെടുത്തിട്ടില്ല; കാരണം നബി -ﷺ- യുടെ വിലക്കാണ് അവൻ ലംഘിച്ചിരിക്കുന്നത്. ശേഷം എല്ലാ മാസവും മൂന്ന് ദിവസം നോമ്പെടുക്കാൻ നബി -ﷺ- അദ്ദേഹത്തോട് കൽപ്പിച്ചു. കാരണം ഓരോ ദിവസത്തെയും നോമ്പ് പത്ത് ദിവസത്തെ നോമ്പിന് തുല്യമായിരിക്കും. നന്മകൾ ഏറ്റവും ചുരുങ്ങിയത് പത്ത് മടങ്ങെങ്കിലും ഇരട്ടിക്കുന്നതാണല്ലോ?! അപ്പോൾ അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "എനിക്ക് അതിനേക്കാൾ കൂടുതൽ സാധിക്കുന്നതാണ്." നബി -ﷺ- പറഞ്ഞു: "എങ്കിൽ നീ ദാവൂദ് നബിയുടെ (عليه السلام) നോമ്പിൻ്റെ രീതി സ്വീകരിക്കുക. അതാണ് ഏറ്റവും ശ്രേഷ്ഠമായ നോമ്പ്. അദ്ദേഹം ഒരു ദിവസം നോമ്പെടുക്കുകയും അടുത്ത ദിവസം നോമ്പ് ഒഴിവാക്കുകയും ചെയ്യുമായിരുന്നു. ഈ രീതി സ്വീകരിച്ചത് കാരണത്താൽ അദ്ദേഹത്തിൻ്റെ ശരീരം ദുർബലമായിരുന്നില്ല എന്നതിനാൽ യുദ്ധത്തിൽ ശത്രുവിൻ്റെ മുൻപിൽ നിന്ന് ഒരിക്കലും അദ്ദേഹം പിറകോട്ട് ഓടുകയുണ്ടായിട്ടില്ല."

فوائد الحديث

എല്ലാ മാസത്തിലും മൂന്ന് ദിവസം നോമ്പെടുക്കുന്നത് വർഷം മുഴുവൻ നോമ്പെടുക്കുന്നത് പോലെയാണ്. കാരണം ഒരു നന്മക്ക് അതിൻ്റെ പത്ത് മടങ്ങ് പ്രതിഫലമുണ്ടായിരിക്കും. അപ്പോൾ മൂന്ന് നോമ്പ് മുപ്പത് ദിവസത്തെ നോമ്പിന് സമാനമാണ്. എല്ലാ മാസവും നോമ്പെടുത്ത ഒരാൾ വർഷം മുഴുവൻ നോമ്പെടുത്തവനെ പോലെ ആകുന്നത് ഇപ്രകാരമാണ്.

നന്മകൾ പ്രവർത്തിക്കുന്നതിൻ്റെ പ്രതിഫലം വിവരിച്ചു കൊണ്ടും, അതിൽ ഉറച്ചു നിൽക്കുന്നതിൻ്റെ പ്രയോജനം വ്യക്തമാക്കി കൊണ്ടും നന്മ ചെയ്യാൻ താൽപ്പര്യം ജനിപ്പിക്കുക എന്നത് അല്ലാഹുവിലേക്ക് ക്ഷണിക്കുമ്പോൾ സ്വീകരിക്കേണ്ട വഴികളിലൊന്നാണ്.

ഖത്വാബി -رَحِمَهُ اللَّهُ- പറയുന്നു: "അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ഈ ചരിത്രത്തിൽ നിന്ന് ലഭിക്കാവുന്ന ചുരുക്കം ഇതാണ്: അല്ലാഹു തൻ്റെ ദാസന്മാരോട് നോമ്പ് എന്ന നന്മ മാത്രമല്ല കൽപ്പിച്ചിട്ടുള്ളത്. മറിച്ച് വ്യത്യസ്തമായ അനേകം ഇബാദത്തുകൾ അല്ലാഹു അവരോട് നിർവ്വഹിക്കാൻ കൽപ്പിച്ചിട്ടുണ്ട്. ഒരാൾ ഏതെങ്കിലും ഒന്നിൽ മാത്രം തൻ്റെ ഊർജ്ജം മുഴുവൻ വിനിയോഗിച്ചാൽ മറ്റുള്ള ഇബാദത്തുകൾ നിർവ്വഹിക്കാൻ അവന് സാധിക്കുകയില്ല. അതിനാൽ ഇബാദത്തുകളിൽ

മിതത്വം പാലിക്കുക; എങ്കിൽ മറ്റു ഇബാദത്തുകൾക്കുള്ള ശക്തിയും ഊർജ്ജവും അവനുണ്ടായിരിക്കും. ദാവൂദ് നബിയുടെ

(عليه السلام) നോമ്പിനെ കുറിച്ച് നബി -ﷺ- പറഞ്ഞ വാക്കുകളിൽ നിന്ന് അത് മനസ്സിലാക്കാവുന്നതാണ്: "അദ്ദേഹം ശത്രുവിനെ കണ്ടുമുട്ടുമ്പോൾ പിന്തിരിഞ്ഞോടാറുണ്ടായിരുന്നില്ല" എന്നതാണത്. കാരണം അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിന് വേണ്ടി നോമ്പ് ഒഴിവാക്കുന്നതിലൂടെ അദ്ദേഹം ശക്തിയും ഊർജ്ജവും സംഭരിക്കാറുണ്ടായിരുന്നു."

ഇബാദത്തുകളിൽ അതിരു കവിയുന്നതും അമിതമാക്കുന്നതും നബി -ﷺ- വിലക്കുന്നു. നബി -ﷺ- യുടെ മാർഗം പിൻപറ്റുക എന്നതാണ് സർവ്വതിലും നന്മയായിട്ടുള്ളത്.

വർഷം മുഴുവൻ നോമ്പെടുക്കുന്നത് വെറുക്കപ്പെട്ട കറാഹത്തായ കാര്യമാണെന്നാണ് പണ്ഡിതന്മാരിൽ ബഹുഭൂരിപക്ഷത്തിൻ്റെയും അഭിപ്രായം. എന്നാൽ ഒരാൾ തൻ്റെ ശരീരത്തെ പ്രയാസപ്പെടുത്തുകയും അതിന് ഉപദ്രവമുണ്ടാക്കുകയും നബി -ﷺ- യുടെ മാർഗത്തോട് വിമുഖത പുലർത്തുകയും, മറ്റുള്ള വല്ല രീതികളുമാണ് അവിടുത്തെ മാർഗത്തേക്കാൾ നല്ലത് എന്ന് വിചാരിച്ചു കൊണ്ട് അത് സ്വീകരിക്കുകയുമാണെങ്കിൽ അത് നിഷിദ്ധമായ ഹറാമിൻ്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.

التصنيفات

സുന്നത്ത് നോമ്പുകൾ