ജനങ്ങളേ! ഞാൻ ഇപ്രകാരം ചെയ്തത് നിങ്ങൾ എന്നെ പിൻപറ്റുന്നതിനും, എൻ്റെ നമസ്കാരം നിങ്ങൾ പഠിച്ചെടുക്കുന്നതിനും…

ജനങ്ങളേ! ഞാൻ ഇപ്രകാരം ചെയ്തത് നിങ്ങൾ എന്നെ പിൻപറ്റുന്നതിനും, എൻ്റെ നമസ്കാരം നിങ്ങൾ പഠിച്ചെടുക്കുന്നതിനും വേണ്ടിയാണ്

അബൂ ഹാസിം ബ്നു ദീനാർ -رَضِيَ اللَّهُ عَنْهُ- നിവേദനം: സഹ്ൽ ബ്നു സഅ്ദ് അസ്സാഇദിയുടെ അരികിൽ ചിലർ വന്നു. നബി -ﷺ- യുടെ മിമ്പർ എന്ത് തടികൊണ്ടായിരുന്നു നിർമ്മിച്ചത് എന്ന കാര്യത്തിൽ അവർക്കിടയിൽ തർക്കം നടന്നിരുന്നു. അതിനെ കുറിച്ച് അദ്ദേഹത്തോട് അവർ ചോദിച്ചു. അപ്പോൾ സഹ്ൽ പറഞ്ഞു: "അല്ലാഹു സത്യം! അത് എന്തു കൊണ്ടായിരുന്നു (നിർമ്മിച്ചത്) എന്ന് എനിക്കറിയാം. അത് സ്ഥാപിച്ച ആദ്യ ദിവസവും, അതിൻ്റെ മുകളിൽ നബി -ﷺ- ആദ്യമായി ഇരുന്ന ദിവസവും ഞാനത് കണ്ടിട്ടുണ്ട്. അൻസ്വാരികളിൽ പെട്ട ഒരു സ്ത്രീയുടെ അടുത്തേക്ക് നബി -ﷺ- ആളെ അയച്ചു. അവരുടെ പേര് സഹ്ൽ പറഞ്ഞിരുന്നു. "നിൻ്റെ ആശാരിയായ അടിമയോട് എനിക്ക് ജനങ്ങളോട് സംസാരിക്കുമ്പോൾ നിൽക്കാൻ വേണ്ടി തടി കൊണ്ട് ഒരു മിമ്പർ നിർമ്മിച്ചു തരാൻ പറയൂ." അവളുടെ കൽപ്പനപ്രകാരം അവൻ കാട്ടിൽ നിന്നുള്ള പിചുലവൃക്ഷത്തിൻ്റെ (tamarix) തടി കൊണ്ട് മിമ്പർ നിർമ്മിക്കുകയും, അതുമായി വരികയും ചെയ്തു. അൻസ്വാരി വനിത അത് നബി -ﷺ- ക്ക് അയച്ചു കൊടുക്കുകയും, അവിടുത്തെ കൽപ്പനപ്രകാരം അത് (മസ്ജിദിൽ) അവിടെ സ്ഥാപിക്കുകയും ചെയ്തു. പിന്നീട് നബി -ﷺ- അതിന് മുകളിൽ നിന്ന് തക്ബീർ ചൊല്ലി (നമസ്കാരം ആരംഭിക്കുകയും), ശേഷം അതിൻ്റെ മുകളിൽ തന്നെ റുകൂഅ് ചെയ്യുകയും, പിന്നീട് പിറകിലേക്ക് ഇറങ്ങി വന്ന് മിമ്പറിൻ്റെ താഴെയായി സുജൂദ് ചെയ്യുകയും, ശേഷം മിമ്പറിലേക്ക് മടങ്ങുകയും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ നബി -ﷺ- ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു: "ജനങ്ങളേ! ഞാൻ ഇപ്രകാരം ചെയ്തത് നിങ്ങൾ എന്നെ പിൻപറ്റുന്നതിനും, എൻ്റെ നമസ്കാരം നിങ്ങൾ പഠിച്ചെടുക്കുന്നതിനും വേണ്ടിയാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സ്വഹാബികളിൽ പെട്ട ഒരാളുടെ അരികിൽ ചിലർ വരികയും, നബി -ﷺ- യുടെ മിമ്പർ എന്തു കൊണ്ടാണ് നിർമ്മിച്ചത് എന്ന കാര്യം അന്വേഷിച്ചറിയുകയും ചെയ്തു. അവർ അതിന് മുൻപ് അക്കാര്യത്തിൽ തർക്കിക്കുകയും, വിഭിന്നാഭിപ്രായങ്ങളിൽ ആവുകയും ചെയ്തിരുന്നു. നബി -ﷺ- ഒരു അൻസ്വാരിയായ സ്ത്രീയുടെ അരികിലേക്ക് ഒരാളെ പറഞ്ഞയക്കുകയും, അവരുടെ വേലക്കാരനായ ഒരു ആശാരിയോട് തനിക്ക് വേണ്ടി ഒരു മിമ്പർ നിർമ്മിക്കാൻ കൽപ്പിക്കുകയും ചെയ്ത ചരിത്രം അദ്ദേഹം അവർക്ക് പറഞ്ഞു കൊടുത്തു. ജനങ്ങളോട് സംസാരിക്കുമ്പോൾ തനിക്ക് ഇരിക്കാൻ വേണ്ടിയായിരുന്നു അവിടുന്ന് അത് ആവശ്യപ്പെട്ടത്. ആ സ്ത്രീ തൻ്റെ വേലക്കാരനോട് അക്കാര്യം കൽപ്പിക്കുകയും, അവൻ ഒരു പിചുലവൃക്ഷത്തിൽ നിന്ന് അത് നിർമ്മിക്കുകയും ചെയ്തു. മിമ്പറിൻ്റെ നിർമ്മാണം അവസാനിച്ചപ്പോൾ അൻസ്വാരീ വനിത നബി -ﷺ- യുടെ അടുത്തേക്ക് അത് കൊടുത്തയച്ചു. അവിടുത്തെ കൽപ്പന പ്രകാരം അത് മസ്ജിദിൽ മിമ്പറിൻ്റെ സ്ഥാനത്ത് വെക്കുകയും ചെയ്തു. പിന്നീടൊരിക്കൽ നബി -ﷺ- മിമ്പറിൻ്റെ മുകളിൽ വെച്ച് തക്ബീർ ചൊല്ലിക്കൊണ്ട് നിസ്കാരം ആരംഭിക്കുകയും, ശേഷം അതിന് മുകളിൽ വെച്ച് തന്നെ റുകൂഅ് ചെയ്യുകയും, പിന്നീട് പിന്നിലേക്ക് തല തിരിച്ചു കൊണ്ട് നോക്കാതെ മിമ്പറിൻ്റെ പിറകിലേക്ക് ഇറങ്ങിവരികയും, മിമ്പറിൻ്റെ താഴെയായി സുജൂദ് നിർവ്വഹിക്കുകയും ചെയ്തു. ശേഷം മിമ്പറിലേക്ക് തന്നെ അവിടുന്ന് തിരിച്ചു പോയി. നിസ്കാരം കഴിഞ്ഞതിന് ശേഷം ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് നബി -ﷺ- പറഞ്ഞു: "ജനങ്ങളേ! ഞാൻ ഇപ്രകാരം ചെയ്തത് നിങ്ങൾ എന്നെ പിൻപറ്റുന്നതിനും, എൻ്റെ നിസ്കാരം നിങ്ങൾ പഠിച്ചെടുക്കുന്നതിനും വേണ്ടിയാണ്."

فوائد الحديث

മസ്ജിദുകളിൽ മിമ്പറുകൾ സ്ഥാപിക്കുന്നതും, ഖത്തീബ് അതിന് മുകളിൽ കയറുന്നതും സുന്നത്താണ്. ജനങ്ങൾക്ക് ഖുത്വ്‌ബ കൂടുതൽ എത്തുമെന്നതും, അവർക്ക് (നന്നായി) കേൾപ്പിക്കാൻ സാധ്യമാണെന്നതും അതിൻ്റെ പ്രയോജനങ്ങളിൽ പെട്ടതാണ്.

ജനങ്ങൾക്ക് നിസ്കാരം പഠിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ മിമ്പറിന് മുകളിൽ കയറി നിസ്കരിക്കുന്നത് അനുവദനീയമാണ്. മഅ്മൂം നിൽക്കുന്നതിനേക്കാൾ ഉയരമുള്ള സ്ഥലത്ത് -ആവശ്യമുണ്ടെങ്കിൽ- ഇമാമിന് നിൽക്കാൻ അനുവാദമുണ്ട് എന്ന പാഠവും ഹദീഥിലുണ്ട്.

മുസ്‌ലിംകൾക്ക് പ്രയോജനകരമായ കൈത്തൊഴിലുകൾ അറിയുന്നവരുടെ സഹായം തേടുന്നത് അനുവദനീയമാണ്.

നിസ്കാരത്തിൽ -ആവശ്യസന്ദർഭങ്ങളിൽ- ചെറിയ ചലനങ്ങൾ നടത്തുന്നത് അനുവദനീയമാണ്.

നിസ്കാരത്തിൻ്റെ വേളയിൽ, നിസ്കാരത്തിൻ്റെ രൂപം പഠിക്കുന്നതിന് വേണ്ടി മഅ്മൂമിന് ഇമാമിനെ നോക്കാൻ അനുവാദമുണ്ട്. അതൊരിക്കലും നിസ്കാരത്തിൽ പാലിക്കേണ്ട ഭയഭക്തിക്ക് വിരുദ്ധമല്ല.

التصنيفات

നിസ്കാരത്തിൻ്റെ രൂപം